TopTop
Begin typing your search above and press return to search.

ദുരന്തങ്ങൾ ഇനിയും വരും; അവ പ്രളയത്തിന്റെ രൂപത്തിൽ തന്നെയാവണമെന്നില്ല!

ദുരന്തങ്ങൾ ഇനിയും വരും; അവ പ്രളയത്തിന്റെ രൂപത്തിൽ തന്നെയാവണമെന്നില്ല!

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകൾ നമ്മെ ബാധിക്കാത്ത കാര്യമെന്ന് ധാരണയുള്ളവർ മലയാളികൾക്കിടയിൽ എത്രപേരുണ്ടായിരുന്നു? പോളണ്ടിൽ എന്തു സംഭവിച്ചുവെന്ന് മലയാളികൾ അന്വേഷിക്കേണ്ടതില്ലെന്ന സത്യൻ അന്തിക്കാട് ചുരുക്കത്തിൽ നിന്ന് മലയാളികൾ ലോകപൗരന്മാരായി വളരുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമൊക്കെ ചർച്ച ചെയ്യുന്നവരെല്ലാം പരിസ്ഥിതി തീവ്രവാദികളല്ലെന്ന് തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. ഈ പുതിയ 'ലോകമലയാളി' ഇനി പഞ്ചായത്ത് വാർഡ് തലം മുതൽ ഗൗരവത്തോടെ ചർച്ച ചെയ്യുകയും ചെയ്യേണ്ട വിഷയം ഭാവിയിൽ വരാനിരിക്കുന്ന ദുരന്തങ്ങളും അവയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകളുമാണ്.

ആഗോളതാപനത്തിൽ മാറ്റമൊന്നുമില്ലാതെ തുടരുകയാണെങ്കിൽ കേരളം ഇനി ദുരന്തങ്ങൾ‌ കാണാനിരിക്കുന്നതേയുള്ളൂവെന്നാണ് ശാസ്ത്രകാരന്മാർ‌ പറയുന്നത്. ഇത് മഴയായിത്തന്നെ വരണമെന്നില്ല. ഭൂചലനമായും വരാം!

രാജഗോപാൽ കാമത്ത് എന്ന ഗവേഷകൻ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഫേസ്ബുക്കിലിട്ട ചെറിയ കുറിപ്പ് ശ്രദ്ധിക്കുക. കേരളത്തെ ശാസ്ത്രകാരന്മാർ ഒരു ഭൂചലന മേഖലയായി കണക്കാക്കി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തിൽ ഈ സാധ്യത ഇനിയുമേറെ വർ‌ധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സ്വതവേ ഭൂചലനസാധ്യതയുള്ള മേഖലകളിൽ ഭൂഗർഭജലസാന്നിധ്യം പൊടുന്നനെ കൂടുന്നത് മർദ്ദത്തിലുണ്ടാക്കുന്ന സാരമായ വ്യതിയാനങ്ങളാണ് ഒരു കാരണം. ഡാമുകൾ നിറഞ്ഞു കവിയുമ്പോൾ പുറത്തേക്ക് ശക്തിയായി ഒഴുക്കിവിടുന്ന ജലമുണ്ടാക്കുന്ന മർദ്ദവ്യതിയാനങ്ങളും ഭൂചലനത്തിന് കാരണമായേക്കാം. "റിക്ടർ സ്കെയിലിൽ 5.5 വരെ വ്യാപ്തമുള്ളതും, MSK സ്കെയ്‌ലിൽ VII വരെ തീവ്രതയുള്ളതുമായ ഭൂകമ്പങ്ങൾ കേരളത്തിലെ ഭ്രംശമേഖലകളുടെ ചുറ്റുപാടുകളിൽ ഉണ്ടാകാനിടയുണ്ടെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്ന"തായി കാമത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സീസ്മിക് സോണേഷൻ മാപ്പിൽ കേരളത്തിലെ ഭൂകമ്പസാധ്യതയെ 'മോഡറേറ്റ്' എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ ഗണത്തിൽ വരുന്നുവെന്നതും ശ്രദ്ധേയമാണ്. സോൺ 3 വിഭാഗത്തിൽ വരുന്ന ഈ പ്രദേശങ്ങളിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്താവുന്ന ഭൂകമ്പത്തിനാണ് സാധ്യത. എന്നാൽ, കേരളത്തിന്റെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് കാമത്ത് ചൂണ്ടിക്കാട്ടുന്നു. കൂടിയ ജനസാന്ദ്രതയാണ് അവയിലൊന്ന്. ചലനം ചെറുതായാലും ദുരന്തം വലുതാകാനിടയുണ്ടെന്ന് ചുരുക്കം.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് ആണ് ഇന്ത്യൻ സെയ്സ്മിക് ഹസാർഡ്സ് മാപ്പ് തയ്യാറാക്കുന്നത്. പ്രധാനമായും മുൻകാലങ്ങളിലുണ്ടായിട്ടുള്ള ഭൂകമ്പങ്ങളെ ആധാരമാക്കിയാണ് ബിഐഎസ്സിന്റെ പഠനങ്ങൾ‌. ഇന്ത്യയിൽ ബ്രിട്ടീഷ് അധിനിവേശ കാലത്തിനു മുമ്പ് സംഭവിച്ചിട്ടുള്ള ഭൂകമ്പങ്ങളെക്കുറിച്ച് കൃത്യതയുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്ന വസ്തുത കൂടി മനസ്സിലാക്കി വേണം ഈ മാപ്പിനെ വായിക്കുവാൻ. 1784 ഡിസംബർ മാസത്തിൽ കൊച്ചിയിലുണ്ടായ ഭൂകമ്പം മുതലുള്ള വിവരങ്ങളാണ് ആധികാരികമെന്ന് വിളിക്കാവുന്ന തരത്തിൽ സർക്കാരിന്റെ പക്കലുള്ളത്. ഭൂകമ്പ സാധ്യത കൃത്യമായി പ്രവചിക്കാനുള്ള, എപ്പോൾ, ഏത് സമയത്ത്, എത്ര ആഴത്തിൽ ഭൂകമ്പമുണ്ടാകുമെന്ന് പ്രവചിക്കാനുള്ള, മാനദണ്ഡങ്ങളോ ഉപകരണങ്ങളോ ഇന്ന് നിലവിലില്ല. ലഭ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് സാധ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചും, ഹിസ്റ്റോറിക്കൽ ഡാറ്റയെ ആശ്രയിച്ചുമാണ് ഇന്നത്തെ ഭൂകമ്പ പ്രവചനങ്ങൾ നടക്കുന്നത്.

കേരളത്തിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്താവുന്ന ഭൂകമ്പങ്ങൾ പ്രതീക്ഷിക്കാമെന്നാണ് ഭൗമശാസ്ത്രജ്ഞനായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് പറയുന്നത്. റിക്ടർ സ്കെയിൽ ഒന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ തീവ്രതയേറിയ ഭൂകമ്പത്തിനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് മാസങ്ങൾക്കു മുമ്പ് മനോരമ ഓൺലൈനിലെഴുതിയ ലേഖനത്തിൽ ശേഖർ ചൂണ്ടിക്കാട്ടുന്നു.

1950 മുതൽ 2017 വരെയുള്ള കാലയളവിൽ രാജ്യത്തെ മൺസൂൺ മൂന്നുമടങ്ങായി ശക്തി പ്രാപിച്ചിട്ടുള്ളതായി കണക്കുകൾ പറയുന്നു. അറബിക്കടലിൽ അതിവേഗതയിൽ രൂപപ്പെടുന്ന താപമേഖലകൾ സമീപത്തുള്ള ഭൗമമേഖലകളിലേക്കുള്ള മൺസൂൺ കാറ്റുകളിൽ സാരമായ വ്യതിയാനങ്ങള്‍ സ‍ൃഷ്ടിക്കാൻ കാരണമാകുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങളിൽ സംഭവിക്കുന്ന ഈ പ്രതിഭാസം മേഘസ്ഫോടനങ്ങൾക്കു വരെ കാരണമാകാം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും ഈ സ്ഥിതിയെ കൂടുതൽ വഷളാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ മധ്യ-വടക്കൻ ഇന്ത്യയിൽ മൺസൂൺമഴയെ തീവ്രതരമാക്കിയിട്ടുണ്ടെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസിലെ പ്രൊഫസർ എലീന സുരോവ്യത്കിന പറയുന്നു. ഭൗമമേഖലകളിലെ ഉഷ്ണവർധനയാണ് ഈ പ്രതിഭാസത്തിന് കാരണം. വ്യവസായവൽകൃത കാലത്തിനു മുൻപുള്ളതിനെ അപേക്ഷിച്ച് ഭൂമിയുടെ ശരാശരി പ്രതലതാപം 1 ഡിഗ്രി സെൽഷ്യസ് കണ്ട് വർ‌ധിച്ചിട്ടുണ്ട്. ഈ വർധനയ്ക്കു ശേഷമുള്ള മാറ്റങ്ങളാണ് നമ്മളിപ്പോള്‍ കാണുന്ന മൺസൂൺ മേഘസ്ഫോടനങ്ങൾ.

ഈ കാലാവസ്ഥാവ്യതിയാനം ഏറെ ഗൗരവപ്പെട്ടതാണെന്ന് ലോകബാങ്ക് പുറത്തിറക്കിയ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയുടെ വാർഷികതാപനില 1.3 ഡിഗ്രി സെൽഷ്യസ് കണ്ട് ഉയരാനിടയുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വേണ്ട നടപടികളെടുക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം തലകുത്തി വീഴും. രണ്ടായിരത്തി അമ്പതാമാണ്ടോടെ ജീവിതനിലവാരത്തെ അസാമാന്യമായി ഇടിച്ചുതാഴ്ത്താൻ ഈ താപവർധനയ്ക്കും മഴവീഴ്ചയ്ക്കും ശേഷിയുണ്ട്.

പാരിസ് കാലാവസ്ഥാ ഉടമ്പടി ഈ വഴിക്കുള്ള നിര്‍ണായകമായ വ്യവസ്ഥകൾ വെച്ചിരുന്നു. ആഗോളതാപനത്തെ 2 ഡിഗ്രി സെൽഷ്യസിന് താഴെയായി പിടിച്ചു നിർത്താൻ സാധിക്കുക എന്നതാണ് അവയിലൊന്ന്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കണം ഇതിന്. അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുന്ന ഒന്നല്ല ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത്. രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ഗൗരവമായി ബാധിക്കുന്ന വിഷയമാണിത്. എന്നാൽ, കാർബണ്‍ എമിഷൻ ഗണ്യമായി കുറച്ചു കൊണ്ടു വന്നില്ലെങ്കിൽ സമീപഭാവിയിൽ തന്നെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജീവിതം അസാധ്യമായിത്തീരും. ഗംഗ, ബ്രഹ്മപുത്ര മേഖലകള്‍ മൺസൂൺ കാലങ്ങളിൽ വെള്ളത്താൽ മൂടപ്പെടും.


Next Story

Related Stories