TopTop
Begin typing your search above and press return to search.

"വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം": 'കുലംകുത്തി' ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

"വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം":
March separately, but strike together (വേറിട്ട്‌ നടക്കുക, പൊതുശത്രുവിനെ വേണ്ടിടത്ത് ഒരുമിച്ച് ആക്രമിക്കുക) എന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഒക്ടോബര്‍ വിപ്ലവത്തിന്റെ പ്രധാന നേതാക്കളിലൊരാളും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരിലൊരാളുമായ ലിയോണ്‍ ട്രോത്സ്‌കിയുടെ പ്രശസ്തമായ വാചകമാണ് ഇത്. ഇന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ മതനിരപേക്ഷ ഐക്യം, മതേതര കക്ഷിയായ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് യെച്ചൂരി, ട്രോത്സ്കിയുടെ ഈ ആഹ്വാനം ഉപയോഗിച്ചത്. ഇത് കോണ്‍ഗ്രസുമായുള്ള സഹകരണം എന്ന പ്രശ്നത്തിനും പാര്‍ട്ടിയിലെ വിഭാഗീയത എന്ന യാഥാര്‍ത്ഥ്യത്തിനും ഒരു പോലെ അനുയോജ്യമാണ്.

1931ല്‍ ജര്‍മ്മനിയിലും ഇറ്റലിയിലും ഉയര്‍ന്നുവന്നിരിക്കുന്ന ഫാഷിസ്റ്റ് ഭീഷണിയെ നേരിടുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ ഭാഗമാകേണ്ട ഐക്യമുന്നണിയെക്കുറിച്ച് പറയുമ്പോളാണ് ട്രോത്സ്‌കി ഇക്കാര്യം പറയുന്നത്. ഫാഷിസ്റ്റുകളുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്ന തരത്തിലുള്ള, അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തന സ്വഭാവം സ്വീകരിക്കുന്ന സോഷ്യല്‍ ഫാഷിസം എന്ന ആശയത്തെ ന്യായീകരിച്ച് സ്റ്റാലിന്‍ അടക്കമുള്ളവര്‍ രംഗത്തുണ്ടായിരുന്ന കാലത്താണ് ഇത്. കമ്മ്യൂണിസ്റ്റുകാരെ പല തരത്തിലും ദ്രോഹിക്കുകയും റോസ ലക്‌സംബര്‍ഗ് അടക്കമുള്ള നേതാക്കളുടെ കൊലപാതകത്തിലേയ്ക്ക് നയിക്കുകയും ചെയ്ത സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അടക്കമുള്ള ജനാധിപത്യ കക്ഷികളുമായി ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിക്കെതിരെ ഐക്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ട്രോത്സ്‌കി പറഞ്ഞു. നാസി പാര്‍ട്ടിയുടെ ഫാഷിസ്റ്റ് തെമ്മാടിക്കൂട്ടങ്ങളെ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും (കെപിഡി) സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (എസ് പി ഡി) എങ്ങനെയാണ് നേരിട്ടത് എന്ന് ട്രോത്സ്‌കി വിശദീകരിച്ചിട്ടുണ്ട്. പിന്നീട് 1935ലെ ഏഴാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സമ്മേളനത്തില്‍ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോര്‍ജി ദിമിത്രോവ് അവതരിപ്പിച്ച തീസിസാണ് വിവിധ ജനാധിപത്യ കക്ഷികളുമായി ചേര്‍ന്ന് ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണി എന്ന ആശയം ഏറ്റവും സമഗ്രമായി അവതരിപ്പിച്ചത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് കീഴില്‍ രാജ്യത്ത് ഹിന്ദുത്വ ഫാഷിസ്റ്റ് പ്രവണതകള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് എല്ലാ മതനിരപേക്ഷ കക്ഷികളുടേയും ഐക്യം എന്ന ആവശ്യം സിപിഎമ്മിനകത്ത് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്. എതിര്‍ക്കുന്നവര്‍ കൊല്ലപ്പെടുകയും കൊലപാതകങ്ങള്‍ ആഘോഷിക്കപ്പെടുകയും കൊലപാതകങ്ങളെ ആഘോഷിക്കുന്നവരെ പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുകയും ചെയ്യുന്ന വിചിത്രവും ഭീതിദവുമായ ഒരു കാലത്താണ് ഈ ചര്‍ച്ച വരുന്നത്. എല്ലാ മതേതര പാര്‍ട്ടികളും എന്ന് പറയുമ്പോള്‍ സ്വാഭാവികമായും അതില്‍ കോണ്‍ഗ്രസും വരും. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്ന ആവശ്യമല്ല ഇവര്‍ ഉയര്‍ത്തുന്നത്. ഒരു പക്ഷെ ഇക്കൂട്ടത്തില്‍ പശ്ചിമബംഗാളിലെ പ്രത്യേക രാഷട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ ബംഗാള്‍ നേതൃത്വം ഇത്തരമൊരു ആലോചന മുന്നോട്ട് വയ്ക്കുന്നുണ്ടാകാം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുക എന്നതുകൊണ്ട് തിരഞ്ഞെടുപ്പ് സഖ്യമല്ല ഉദ്ദേശിക്കുന്നത് എന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.കോണ്‍ഗ്രസുമായി സിപിഎമ്മിനുള്ള നയപരമായ വ്യത്യാസം, വര്‍ഗ സ്വാഭാവത്തിലുള്ള വ്യത്യാസം ഒക്കെ മറക്കാതെ, അക്കാര്യം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വിഎസ് അച്യുതാനന്ദന്‍ യോഗത്തില്‍ പറഞ്ഞത്. ഫാഷിസ്റ്റ് വിരുദ്ധ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഇന്നും സജീവമായി നില്‍ക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവായ വിഎസ് സംസാരിച്ചു. യെച്ചൂരി പറഞ്ഞതും വിഎസ് പറഞ്ഞതും ഒരേ കാര്യം തന്നെ - വേറിട്ട് നടക്കുക, എന്നാല്‍ ആവശ്യമുള്ളിടത്ത് പൊതുശത്രുവിനെ ഐക്യത്തോടെ ആക്രമിക്കുക. അത്തരമൊരു ഐക്യവും സഹകരണവും ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.

വര്‍ഗസഹകരണത്തിന്റേതായ, റിവിഷനിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന് പാര്‍ട്ടി പുനസംഘടിപ്പിക്കുന്നതിനും സിപിഎം ആയി മാറിയ, പഴയതിന്‍റെ തുടര്‍ച്ചയായ പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിലും നേതൃത്വം നല്‍കിയ 32 പേരില്‍ ഒരാളാണ് താനെന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് എന്ന ഇന്ത്യന്‍ മുതലാളിത്തത്തിന്റെ, ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ലക്ഷണമൊത്ത രാഷ്ട്രീയ സംഘടനയെ കെട്ടിപ്പിടിക്കാനല്ല സഹകരണം എന്ന ഈ ആവശ്യമെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം കോണ്‍ഗ്രസുമായുള്ള സഹകരണത്തെ പല്ലും നഖവും വച്ച് എതിര്‍ക്കുന്നവരോട് ഒന്നുകൂടി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നയങ്ങളാവരുത് സിപിഎമ്മിന്റേത് എന്ന്. വ്യവസായ പദ്ധതികള്‍ക്ക് നേരെ എതിര്‍പ്പുയര്‍ത്തുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കുന്ന കാര്യം ആലോചിക്കുന്ന നേതാക്കള്‍ കേള്‍ക്കാന്‍ വേണ്ടി കൂടിയാണ് അത് പറഞ്ഞത് എന്ന് തോന്നുന്നു.ഏതായാലും രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്ന ഇത്തരത്തിലുള്ള സഹകരണമാണ് 2004ല്‍ യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷ പാര്‍ട്ടികള്‍ പുറത്ത് നിന്ന് പിന്തുണച്ചതിലൂടെ സംഭവിച്ചത്. തുടക്കത്തില്‍ തൊഴിലുറപ്പ് പദ്ധതി പോലെയുള്ള ജനക്ഷേമ പരിപാടികള്‍ നടപ്പാക്കിയതൊഴിച്ചാല്‍ യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്, പൊതുമിനിമം പരിപാടിയെ വഞ്ചിച്ചു എന്നത് യാഥാര്‍ഥ്യം. എല്ലായ്പ്പോഴും എന്നപോലെ മുതലാളിത്തത്തിന് ഒഴിച്ചുകൂടാനാകാത്ത അഴിമതിയില്‍ അത് മുങ്ങിക്കുളിച്ചു. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായ കോണ്‍ഗ്രസ് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ, 1930കളില്‍ തന്നെ ഇന്ത്യയില്‍ അധികാരശക്തിയായി മാറിയിട്ടുണ്ട്. അതിന്‍റെ വര്‍ഗസ്വഭാവം അന്ന് തന്നെ അത് വെളിവാക്കിയിട്ടുള്ളതുമാണ്. അതിന്‍റെ വര്‍ഗമര്‍ദ്ദനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ തുടങ്ങിയതുമാണ്.

അത് സ്വേച്ഛാധിപത്യ, ഫാഷിസ്റ്റ്‌ പ്രവണതകള്‍ അടിയന്തരാവസ്ഥയിലടക്കം കാണിക്കുകയും ചെയ്തു. അക്കാലത്ത് പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുകയും ജുഡീഷ്യറി അടക്കമുള്ള സംവിധാനങ്ങളെയും മരവിപ്പിക്കുകയോ പരിഹാസ്യമാക്കുകയോ ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴും ജനാധിപത്യ മര്യാദകളുടേതായ ചില ചെറിയ സാദ്ധ്യതകളെങ്കിലും അത് തുറന്നിട്ടിരുന്നു. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ അടിയന്തരാവസ്ഥക്കാലത്തെ അത്രയും തീവ്രമായ ഭരണകൂട മര്‍ദ്ദനങ്ങള്‍ നടക്കുന്നു എന്ന് പറയാനാവില്ലെങ്കിലും ഭരണകൂടത്തിന്‍റെ ഒത്താശയോടെ മുഖമില്ലാത്ത ആള്‍ക്കൂട്ടം അത് നടപ്പാക്കി വരുകയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്തവിധം ഇന്ത്യന്‍ ജനാധിപത്യത്തിന് ഊര്‍ജ്ജം പകരുന്ന പൊതുസ്ഥാപനങ്ങളെ അത് തകര്‍ക്കുകയാണ്.നയപരമായ കാര്യങ്ങളില്‍ വര്‍ഗസഹകരണത്തിന്‍റെതും മുതലാളിത്തത്തിന്റേതുമായ പ്രത്യേകതകള്‍ നടപ്പാക്കുന്നതില്‍ അമിതമായ താല്‍പര്യം കൊണ്ടുനടക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു എന്നതാണ് രസകരമായ വൈരുദ്ധ്യം. ഇന്ത്യയില്‍ ഇതുവരെ ഫാഷിസം എത്തിയിട്ടില്ല എന്ന് സാങ്കേതിക ന്യായവാദങ്ങള്‍ ഉയര്‍ത്തി ഇടതുപക്ഷ പാര്‍ടികളുടെ ഒറ്റക്കുള്ള മുന്നേറ്റം എന്ന വ്യാമോഹവുമായി നടക്കുന്നവര്‍ക്ക് ചരിത്രം തന്നെ മാപ്പ് നല്‍കട്ടെ. ഇന്ത്യയുടെ ജനാധിപത്യ ഘടന കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിക്ക് എല്ലായ്പ്പോഴും അതിജീവന സാധ്യതകള്‍ തുറന്നുവക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് ആണെങ്കില്‍ ലോകത്ത് എല്ലാ രാജ്യങ്ങളിലും മനുഷ്യനും സമൂഹവും നിലനില്‍ക്കുന്ന കാലത്തോളം അതിന് സാധ്യതകളുണ്ട്. സാമൂഹ്യ വൈരുധ്യങ്ങളും വര്‍ഗ ചൂഷണങ്ങളും നില്‍ക്കുന്ന കാലത്തോളം.

മാര്‍ക്സിസം എന്താണ് എന്ന് യെച്ചൂരി ഇടയ്ക്കിടെ പറയുന്നത് കേള്‍ക്കാറുണ്ട്. - Marxism is the concrete analysis of concrete conditions (മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനം) ഇന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തിയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ചര്‍ച്ചകളിലും അഭിമുഖങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും അദ്ദേഹം ആവര്‍ത്തിക്കാറുള്ള നിര്‍വചനമാണിത്. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വച്ച് നോക്കി വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ വസ്തുനിഷ്ഠ വിശകലന പ്രകാരം പ്രവര്‍ത്തിക്കുകയാണെങ്കില്‍ യെച്ചൂരി അടക്കമുള്ളവര്‍ മുന്നോട്ട് വയ്ക്കുന്ന നിലപാടാണ് ശരി എന്ന് വ്യക്തമാവും. അപ്പോള്‍ കേരളത്തിലെ ജനങ്ങളോട് എന്ത് പറയും എന്നാണോ പ്രശ്നം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന് സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്ന കാലത്താണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയെ നിലംപരിശാക്കി സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്‍റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയത്. അതുകൊണ്ട് ആ വാദം മാറ്റി വക്കാം.

മറ്റേത് ലോക നേതാവിനെ ഉദ്ധരിച്ചാലും ലിയോണ്‍ ട്രോത്സ്‌കിയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പ്രത്യേകിച്ച് സിപിഎമ്മുകാര്‍ ഉപയോഗിക്കാറില്ല. കാള്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും വിഐ ലെനിനും കഴിഞ്ഞാല്‍ ഇന്ത്യയിലെ സിപിഎം ഓഫീസുകളില്‍ നാലാമതായി വരുന്ന ഫോട്ടോ ജോസഫ് സ്റ്റാലിന്റേതാണ്. ചിലയിടങ്ങളില്‍ മാവോ സെ ദോങിനോ ഹോ ചിമിനോ ചെ ഗവാരയ്‌ക്കോ ഇടം ലഭിച്ചക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന്‍ അല്ലാത്ത ഹ്യൂഗോ ഷാവേസിന് ഇടം കൊടുത്താല്‍ പോലും ട്രോത്സ്കിക്ക് ഇന്ത്യന്‍ സഖാക്കള്‍ ഇടം നല്‍കാന്‍ സാധ്യതയില്ല. ട്രോത്സ്‌കിയെ സോവിയറ്റ് യൂണിയനില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയും അദ്ദേഹത്തിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന ആരോപണം നേരിടുകയും ചെയ്യുന്ന സ്റ്റാലിന്‍ ആരാധ്യ പുരുഷനാകുമ്പോള്‍ പിന്നെ ട്രോത്സ്‌കിക്ക് ഇടമുണ്ടാകില്ലല്ലോ. ട്രോത്സ്‌കിക്കോ റോസ ലക്‌സംബര്‍ഗിനോ അന്റോണിയോ ഗ്രാംഷിക്കോ ചുമരുകളില്‍ ഇടം നല്‍കാത്ത പാര്‍ട്ടി ഓഫീസുകളാണ് ഇന്ത്യയിലുള്ളത്. റഷ്യന്‍ വിപ്ലവുമായി ബന്ധപ്പെട്ട ചരിത്ര പ്രദര്‍ശനങ്ങളില്‍ മാത്രം ചിലപ്പോള്‍ ട്രോത്സ്‌കിക്ക് ഇടം നല്‍കിയുണ്ടാകാം.ലിയോണ്‍ ട്രോത്സ്‌കിയെ എക്കാലവും ഒരു പ്രത്യയശാസ്ത്ര അപഭ്രംശക്കാരനും വ്യതിയാനക്കാരനുമായാണ് സിപിഎം വിലയിരുത്തിയത്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സമ്പൂര്‍ണ കൃതികളില്‍ ഒരു ഭാഗത്ത് പറയുന്നത് ലെനിന്‍, സ്റ്റാലിനെ പാര്‍ട്ടിയുടെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരാന്‍ തന്നെയാണ് താല്‍പര്യപ്പെട്ടതെന്നും ട്രോത്സ്‌കിയെ പൂര്‍ണമായും തള്ളിക്കളഞ്ഞു എന്നുമാണ്. എന്നാല്‍ പല കാര്യങ്ങളിലും അവര്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിലും ട്രോത്സ്‌കിയുടെ വിപ്ലവബോധത്തേയും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളേയും ലെനിന്‍ അടക്കമുള്ളവര്‍ മാനിച്ചിരുന്നു എന്നതാണ് വസ്തുത. സ്വേച്ഛാധികാര മനോഭാവം ഉള്ളയാളായ ജോസഫ് സ്റ്റാലിനെ ഒരു കാരണവശാലും സി പി എസ് യുവിന്റെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്‍) ജനറല്‍ സെക്രട്ടറിയാക്കരുത് എന്നാവശ്യപ്പെട്ട് ലെനിന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് എഴുതിയ കത്ത് പുറത്തുവന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ്. റിവിഷനിസ്റ്റ്, അതായത് വലതു വ്യതിയാനക്കാരനായ ക്രൂഷ്ചേവ് തള്ളിപ്പറഞ്ഞു എന്ന കാരണം കൊണ്ടോ എന്തോ സ്റ്റാലിന്‍ ഇപ്പോളും മഹാനായി തുടരുകയാണ്.

സംഘടനാ കാര്യങ്ങളില്‍ അതുകൊണ്ട് തന്നെ മുരടന്‍ സ്റ്റാലിനിസം തുടരുകയും, അതിനൊപ്പം തന്നെ പ്രത്യയശാസ്ത്രത്തിലും പൊതുസമൂഹത്തെ ബാധിക്കുന്ന നയങ്ങളിലും ക്രൂഷ്ചെവിന്‍റെ റിവിഷനിസം സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്നു. സാഹചര്യം മനസിലാക്കാതെയുള്ള കടുപിടുത്തങ്ങളും എല്ലാ മുതലാളിത്ത, നിയോ ലിബറല്‍ നയങ്ങളെയും പുല്‍കിക്കൊണ്ടും പ്രോത്സാഹിപ്പിച്ച് കൊണ്ടും ലെനിനിസ്റ്റ് സംഘടനാ തത്വം മാത്രം സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യുക എന്ന പരിപാടിയും മുന്നേറുന്നു. അധികാരമില്ലാത്ത പ്രദേശങ്ങളില്‍ നടത്തുന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷെ ആണവനിലയത്തിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കുന്ന അതേ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ, ജനദ്രോഹകരവും പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതുമായ വ്യവസായ പദ്ധതികളെ എതിര്‍ക്കുന്നവരെ ഗുണ്ടകളായി ചിത്രീകരിക്കുന്നു.ഹിറ്റ്ലറുടെ നാസിപ്പടയെ തുരത്തിയോടിച്ച, ഫാഷിസത്തിന്‍റെ പിടിയില്‍ നിന്നും ലോകത്തെ രക്ഷിച്ച സ്റ്റാലിന്‍ അവര്‍ക്ക് മഹാനാണ്, വീരനായകനാണ്. സ്റ്റാലിന് പകരം മറ്റൊരു നേതാവാണ്‌ നയിക്കാന്‍ ഉണ്ടായിരുന്നെങ്കിലും സോവിയറ്റ് ജനത ആ വിജയം നേടുമായിരുന്നു. കാരണം സ്റ്റാലിനെ ഉണ്ടാക്കിയത് റഷ്യന്‍ വിപ്ളവമാണ്. റഷ്യയിലെയും ജോര്‍ജിയയിലെയും വിപ്ലവബോധമുള്ള ജനങ്ങളാണ്. അങ്ങനെയുള്ള ജനങ്ങളോടും സ്വന്തം സഖാക്കളായ നേതാക്കളോടും ഫാഷിസ്റ്റ്‌ അധിനിവേശത്തിന് മുമ്പും പിമ്പും സ്റ്റാലിന്‍ ചെയ്തത് കൊടിയ വഞ്ചനയാണ്.

നിരന്തരം ഭയം വിതച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുന്നോട്ടുപോയത്. ഫാഷിസ്റ്റ്‌ ഭീഷണിയില്‍ നിന്നും വിത്തുഗവേഷണ കേന്ദ്രത്തെ സംരക്ഷിക്കാന്‍ ജീവന്‍ പണയം വച്ച് നിലകൊണ്ട നിക്കോളായ് വാവിലോവിനെ പോലുള്ളവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് പരിശോധിക്കുമ്പോളാണ് ഫാഷിസ്റ്റ്‌ വിരുദ്ധ വാചകമടികളുടെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയുക. സിപിഎമ്മിനകത്തെ ഇന്നുള്ള റിവിഷനിസ്റ്റുകളും ഇത്തരം വ്യതിയാനങ്ങളെ എതിര്‍ക്കുന്നവരും എല്ലാം ഒരുപോലെ സ്റ്റാലിനെ ആരാധിക്കുന്നു എന്നതാണ് ദുരന്തം. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരുപോലെ സ്റ്റാലിന്‍ ആരാധകരാണ്. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആയിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരുടെ പാഠപുസ്തകങ്ങള്‍. ലോക രാജ്യങ്ങളിലേക്കുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ കയറ്റുമതിയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായത് എന്ന് തോന്നുന്നു.നെഹ്‌റു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍, ഇന്ത്യ പോലൊരു രാജ്യത്ത്, തെലങ്കാന പോലൊരു പ്രദേശത്ത് മാത്രം സായുധ വിപ്ലവ പരിപാടിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് മനസിലാക്കാനുള്ള വിവേകവും ഔചിത്യബോധവും എന്തൊക്കെ കുറ്റം പറഞ്ഞാലും ജോസഫ് സ്റ്റാലിന് ഉണ്ടായിരുന്നു. അവിടെ ഒരു ഘട്ടത്തില്‍ അനിവാര്യമായിരുന്ന സായുധ വിപ്ലവ, ചെറുത്തുനില്‍പ്പ്‌ മാര്‍ഗങ്ങള്‍ അതിന്‍റെ അനിവാര്യമായിരുന്ന അന്ത്യത്തിലേക്കെത്തി. പ്രായോഗികമായ കാര്യങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളും തിരിച്ചറിവുകളും സായുധ വിപ്ലവ ധാരണകളിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ധാരണകളിലും അനിവാര്യമാണ്.

ഇന്ത്യയില്‍ രാജസ്ഥാന്‍ പോലുള്ള കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ അവര്‍ ഇടപെടാത്ത ജനകീയ പ്രക്ഷോഭങ്ങളില്‍ ഇടപെടാനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സിപിഎമ്മിന് കഴിയുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടങ്ങളിലേക്കും അധികാരത്തിലേക്കും ഇതിലൂടെ എത്താന്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് ഇതര ബദല്‍ ദേശീയ രാഷ്ട്രീയത്തില്‍ രൂപീകരിക്കാനുള്ള സാധ്യത ഇപ്പോള്‍ നിലവിലില്ല. ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കും എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ തല്‍ക്കാലം ഒരു വഴിയേ ഒള്ളൂ. അത് കോണ്‍ഗ്രസിനെ ജയിപ്പിക്കുക എന്നതാണ്. ഈ യാഥാര്‍ത്ഥ്യം കാണാതിരിക്കാവാവില്ല.നിലവില്‍ 32 പേര്‍ പിബി അംഗം പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ കോണ്‍ഗ്രസ് വിരുദ്ധ ലൈനിനെ അനുകൂലിക്കുന്നതായും 31 പേര്‍ യെച്ചൂരിയുടെ മതനിരപേക്ഷ ഐക്യ ലൈനിനെ അനുകൂലിക്കുന്നതായും ആണ് മാധ്യമങ്ങള്‍ പറയുന്നത്. എണ്ണക്കണക്ക് എന്തായാലും ശരി, കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുടെ ഐക്യം, സഹകരണം തുടങ്ങിയ ആവശ്യങ്ങളോട് കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനത്തിലേക്ക് സിപിഎം നീങ്ങുന്നു എന്ന സൂചന വ്യക്തമാണ്. കേന്ദ്ര കമ്മിറ്റി ഒന്നും തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അടുത്ത സിസി വിഷയം ചര്‍ച്ച ചെയ്യുമെന്നും മതനിരപേക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നതായും യെച്ചൂരി വ്യക്തമാക്കുന്നു.

ട്രോത്സ്‌കിയുടെ ഒരു വാചകം സാന്ദര്‍ഭികമായി ഉപയോഗിച്ചു എന്ന് വച്ച് യെച്ചൂരി ഇതാ ട്രോത്സ്കിയിസ്റ്റായി മാറിയിരിക്കുന്നു എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. ട്രോത്സ്കി ഒരുപക്ഷെ ഒരു തര്‍ക്കവിഷയം ആയി തുടരാം. കാരണം സ്റ്റാലിനിസ്റ്റ് സ്വഭാവമുള്ള സംഘടനാചട്ടക്കൂടും അതേസമയം നിയോലിബറല്‍ വിപണി മുതലാളിത്ത വ്യവസ്ഥിതിയുള്ള രാജ്യവുമായ ചൈനയേയും കുടുംബ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ഉത്തരകൊറിയ പോലൊരു രാജ്യത്തേയും ഇപ്പോളും അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഷീ ജിന്‍ പിംഗിന്റെ നേതൃത്വത്തില്‍ ചൈന കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തിക്കൊണ്ടുള്ള യെച്ചൂരിയുടെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് വന്നത്.ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം കോണ്‍ഗ്രസുമായി സഹകരണം എന്ന യെച്ചൂരിയുടെ നിലപാടിനെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് കേന്ദ്രകമ്മിറ്റി യോഗത്തിലുണ്ടായിരിക്കുന്നത്. എല്ലാ ദിവസവുമെന്നോണം കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹിയിലെ എകെജി ഭവനിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്നു. ഭുവനേശ്വറിലേയും വിശാഖപട്ടണത്തേയും ഡെറാഡൂണിലേയും മറ്റും ഓഫീസുകള്‍ ആക്രമിക്കുന്നു. സോഷ്യല്‍ മീഡിയയിലും പുറത്തും സിപിഎമ്മിനെ കടന്നാക്രമിക്കുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസിനെ മൈന്‍ഡ് ചെയ്യാതെ സിപിഎമ്മിനെ എതിര്‍ക്കുന്നതില്‍ ബിജെപി കേന്ദ്രീകരിക്കുന്നത്, ആശയപരമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പാര്‍ട്ടി എന്നി നിലയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല എന്ന വരുത്താനും സിപിഎം അധികാരത്തിലുള്ള കേരളം പോലുള്ള സ്ഥലങ്ങളില്‍ തങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം എന്ന പ്രതീതിയുണ്ടാക്കാന്‍ കൂടിയാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടെണ്ടതിന്റെ ആവശ്യകത കൂടുതല്‍ ബോദ്ധ്യപ്പെടുന്ന തരത്തിലേക്ക് സിപിഎം നീങ്ങുന്ന സൂചനകളുണ്ട്.

കേന്ദ്ര കമ്മിറ്റി ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തില്‍, 22ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം തയ്യാറാക്കാന്‍ കേന്ദ്രകമ്മിറ്റി പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നാണ് യെച്ചൂരി പറഞ്ഞത്. പൊളിറ്റ് ബ്യൂറോ തയ്യാറാക്കുന്ന പ്രമേയം ജനുവരിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. ജോസഫ്‌ സ്റ്റാലിനെ പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ഇറക്കിവിട്ട് റോസ ലക്സംബര്‍ഗിനെയും അന്റോണിയോ ഗ്രാംഷിയെയും കയറ്റിയിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യച്ചൂരിയുടെ 'ട്രോത്സ്‌കി ചിന്ത' അതിന് സഹായിക്കട്ടെ. March separately, but strike together എന്നതാവട്ടെ ഇന്ത്യയുടെ പ്രതിരോധ മുദ്രാവാക്യം.

Next Story

Related Stories