UPDATES

അഞ്ചു ദിവസം: ഗോരഖ്പൂരില്‍ മരിച്ചത് 60 കുട്ടികള്‍; യുപി മുഖ്യമന്ത്രിയുടെ ഒന്നര പതിറ്റാണ്ടായുള്ള മണ്ഡലം

ആദിത്യനാഥ് ആശുപത്രി സന്ദര്‍ശനം നടത്തിയ ദിവസവും ഒമ്പത് കുട്ടികള്‍ മരിച്ചു

ഒന്നര പതിറ്റാണ്ടിലേറെയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ മണ്ഡലമാക്കി വച്ചിരിക്കുന്ന ഗോരഖ്പൂരില്‍ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ മരിച്ചത് അറുപതു കുട്ടികള്‍! ഇതില്‍ യോഗി രണ്ടു ദിവസം മുമ്പ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഒമ്പത് കുട്ടികള്‍ മരിച്ചതും ഉള്‍പ്പെടും.

ഓക്‌സിജന്‍ കിട്ടാതെയാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 30 കുട്ടികള്‍ മരണപ്പെട്ടത് എന്നായിരുന്നു ആദ്യവാര്‍ത്ത. എന്നാല്‍ അതിലേറെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍(ബിആര്‍ഡിഎം) നിന്നും വരുന്നത്.

70 ലക്ഷം രൂപയ്ക്കടുത്ത് കുടിശ്ശിക വന്നതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലണ്ടര്‍ വിതരണം ചെയ്യുന്ന കമ്പനി ആശുപത്രിയിലേക്കുള്ള വിതരണം നിര്‍ത്തിവച്ചിരുന്നു. കൂട്ടക്കുരുതിക്ക് കാരണമായി തീര്‍ന്നത് ഇതാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍  മരണം ഇതുമൂലമല്ലെന്നും ഇന്‍ഫക്ഷന്‍ ബാധയാണെന്നുമുള്ള നിലപാടിലാണ് അധികൃതര്‍.

ഓക്‌സിജന്‍ ഇല്ലാത്തതു മൂലം ഒരു കുട്ടിയും മരിച്ചിട്ടില്ലെന്നാണ് ആരോഗ്യസഹമന്ത്രി അശുതോഷ് ടണ്ടന്‍ പറഞ്ഞത്. ജില്ല മജിസ്‌ട്രേറ്റിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 19 വര്‍ഷമായി യോഗി ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്ന ഗോരഖ്പൂരിലെ ഏറ്റവും വലിയ ആശുപത്രിയാണ് ബിആര്‍ഡിഎം ആശുപത്രി.

"</p

വ്യാഴാഴച ആശുപത്രിയില്‍ 23 കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലമല്ലെന്നു ആശുപത്രിയധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങിയതായി ജില്ല മജിസ്‌ട്രേറ്റ് രാജീവ് റൗട്ടേല പറയുന്നുണ്ട്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം മുടക്കിയതാണ് കാരണമെന്ന് അപകടത്തിനു കാരണമെന്നും മജിസ്‌ട്രേറ്റ് പറയുന്നു. എന്നാല്‍ ഓക്‌സിജന്‍ വിതരണണത്തിന് തങ്ങള്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നാണ് ആശുപത്രിയധികൃതര്‍ പറയുന്നതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കുന്നു.

ബിജെപി എംഎല്‍എ കമലേഷ് പാസ്വാനും ദുരന്തവാര്‍ത്ത നിഷേധിക്കുകയാണ്. കുട്ടികള്‍ മരിച്ചതും ഓക്‌സിജന്‍ വിതരണം മുടങ്ങിയതുമായി യാതൊരു ബന്ധവുമില്ലെന്നാണ് കമലേഷ് പാസ്വാന്‍ പറയുന്നത്.

എട്ടിനും പത്തിനും ഇടയില്‍ രോഗികള്‍ എല്ലാദിവസവും ആശുപത്രിയില്‍ മരണപ്പെടുന്നുണ്ട്. ഇവിടെ പ്രവേശിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും മസ്തിഷ്‌കവീക്കം പിടിപെട്ട രോഗികളാണ്. ചില മരണങ്ങള്‍ ഡോക്ടര്‍മാരുടെ പിഴവുകള്‍ മൂലം സംഭവിക്കുമെങ്കിലും എല്ലാം അത്തരത്തില്‍ ഉണ്ടാകുന്നതല്ലെന്നും പാസ്വാന്‍ ന്യായീകരിക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1970 ല്‍ ആദ്യമായി മസ്തിഷ്‌കവീക്കം ഗോരഖ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ആയിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്നും ബിജെപി എംഎല്‍എ ന്യായീകരിക്കുന്നു.

യോഗി ആദിത്യനാഥ് രണ്ടു ദിവസം മുമ്പ് ആശുപത്രി സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കുള്ള പീഡിയാട്രിക് വാര്‍ഡ്‌ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ 10 ബെഡ് ഉള്ള ഐ.സി.യുവും ആറു ബെഡ് ഉള്ള ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തിരുന്നു. മസ്തിഷ്കജ്വരം പിടിപെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന വാര്‍ഡും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ച ദിവസവും ഒമ്പത് കുട്ടികള്‍ മരിച്ചു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഓഗസ്ത് ഒമ്പത് മുതല്‍ പീടിയാട്രിക് വാര്‍ഡിലും neo-natal യൂണിറ്റുകളിലുമായി കുട്ടികള്‍ മരിച്ചതിന്റെ കണക്ക് ഇങ്ങനെയാണ് പുറത്തു വിട്ടിട്ടുള്ളത്. ഓഗസ്ത് 7: 9, ഓഗസ്ത് 8: 12, ഓഗസ്ത് 9: 9, ഓഗസ്ത് 10: 23, ഓഗസ്ത് 11: 7

സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്. കുറ്റകരമായ അനാസ്ഥ കാണിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, പ്രമോദ് തിവാരി എന്നിവരെ ആശുപത്രി സന്ദര്‍ശിക്കാന്‍ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാണ് മരണങ്ങള്‍ക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മരിച്ച കുട്ടികളുടെ കുടുംബത്തിനു 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍