Top

കാളയും പശുവും നഷ്ടമായ കോണ്‍ഗ്രസിന്റെ കന്നുകാലി രാഷ്ട്രീയ പ്രതിസന്ധി

കാളയും പശുവും നഷ്ടമായ കോണ്‍ഗ്രസിന്റെ കന്നുകാലി രാഷ്ട്രീയ പ്രതിസന്ധി
1951-52-ലെ ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ 1967-ലെ നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നുകം വച്ച രണ്ട് കാളകളായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. പ്രധാനമായും കൃഷിയെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന ഇന്ത്യയില്‍ കര്‍ഷകന്റെ നുകം വച്ച കാളകള്‍ രാജ്യത്തെ ഏറ്റവും വലിയ ദേശീയ ജനകീയ പ്രസ്ഥാനത്തെ സംബന്ധിച്ച് സ്വാഭാവികമായ തിരഞ്ഞെടുപ്പായിരുന്നു. കാളപ്പെട്ടിക്ക് വോട്ടിടാന്‍ ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ നിറഞ്ഞ് നിന്നു. ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അരിവാളും നെല്‍ക്കതിരും തിരഞ്ഞെടുക്കുന്നതിന് പകരം നുകം വച്ച ഇരട്ടക്കാളകള്‍ക്ക് തന്നെ വോട്ട് കുത്തി.

1969-ല്‍ ഇന്ദിര ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗം ആദ്യം കോണ്‍ഗ്രസ് (ആര്‍) ആയും പിന്നീട് (ഐ) ആയും, കാമരാജിന്റേയും നിജലിംഗപ്പയുടേയും മൊറാര്‍ജി ദേശായിയുടേയും എല്ലാം നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം കോണ്‍ഗ്രസ് (ഒ) (സംഘടന കോണ്‍ഗ്രസ്) ആയും അറിയപ്പെട്ടു. നുകം വച്ച കാളയ്ക്കായി ഇന്ദിര ഗാന്ധി ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവര്‍ തിരഞ്ഞെടുത്ത ചിഹ്നം പശുവും പശുക്കുട്ടിയുമാണ്. കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും കന്നുകാലി വില്‍പ്പനക്കാരും അറവുകാരുമായ സാധാരണക്കാരേയും കൈവിട്ടെങ്കിലും കന്നുകാലികളെ കോണ്‍ഗ്രസ് കൈവിട്ടില്ല, തിരഞ്ഞെടുപ്പിലെങ്കിലും. കന്നുകാലികള്‍ക്കും പശുവിനുമെല്ലാം ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിലുള്ള പ്രാധാന്യത്തിന് വില കല്‍പ്പിച്ചുകൊണ്ടായിരുന്നു ഇത്തരം തിരഞ്ഞെടുപ്പുകള്‍. വോട്ടര്‍മാരുമായി ഏറ്റവും എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയുന്നതായിരുന്നു ഈ ചിഹ്നങ്ങളെല്ലാം. കന്നുകാലി വളര്‍ത്തുന്ന കര്‍ഷകരുടേയും കന്നുകാലി കച്ചവടക്കാരുടേയും അറവുകാരുടേയും കന്നുകാലി ഇറച്ചി തിന്നുന്നവരുടേയും എല്ലാം പിന്തുണ ഏറ്റവും കൂടുതല്‍ നേടിയ ബഹുജന പ്രസ്ഥാനവും ഇത് തന്നെയായിരുന്നു.

പശുവിനെ ആരാധിക്കുന്നവരുടേയും പാര്‍ട്ടിയായിരുന്നു അത്. അതുകൊണ്ടാണ് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചുകൊണ്ടുള്ള നടപടികള്‍ അത് സ്വീകരിച്ചത്. കേരളവും അസം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമാണ് ഗോവധം നിയമം മൂലം നിരോധിക്കാതിരിക്കുകയോ ഏതെങ്കിലും തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കുകയോ ചെയ്തിട്ടുള്ളത്. പശ്ചിമ ബംഗാളും തമിഴ്‌നാടും പോലെയുള്ള സംസ്ഥാനങ്ങളിലും ഗോവധം പൂര്‍ണമായി നിരോധിച്ചിട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ചുരുക്കം ചില നേതാക്കള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു മൃദുഹിന്ദുത്വ സ്വഭാവം ആരോപിക്കപ്പെട്ടിരുന്നു. ഗോവധം സംബന്ധിച്ച വിഷയത്തിലും ഇത് പ്രതിഫലിച്ചു. പശുവുമായി ബന്ധപ്പെട്ട വോട്ട് ബാങ്കിനെ കോണ്‍ഗ്രസ് എക്കാലവും ഭയപ്പെട്ടിരുന്നു.മറ്റ് കോണ്‍ഗ്രസുകാരുടെ മൃദു ഹിന്ദുത്വ സമീപനത്തില്‍ നിന്ന് ഏറെ വ്യത്യസ്തവും വിശാലവുമായ കാഴ്ചപ്പാടുകളായിരുന്നു എംകെ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന് ഇത്തരമൊരു പ്രതിച്ഛായ നേടിക്കൊടുത്തതിലും മതത്തെ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴച്ചതിലും അദ്ദേഹത്തിന്റെ പങ്ക് അവഗണിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ നിഷ്പ്രയാസം സംഘപരിവാര്‍ തൊഴുത്തിലെത്തുന്നതിന്റെ രാഷ്ട്രീയം വ്യക്തമാണ്. നെഹ്രുവിയന്‍ ആധുനിക ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ അവരില്‍ വളരെ കുറവായിരുന്നു എന്നത് തന്നെ കാരണം. ഗോവധ നിരോധനം കന്നുകാലി കശാപ്പും വില്‍പ്പനയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വലിയൊരു വിഭാഗം ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുമെന്നും സാധാരണക്കാരുടെ ഭക്ഷണ അവകാശങ്ങളെ ആക്രമിക്കുമെന്നുമുള്ള വ്യക്തമായ ബോധ്യത്തോടെയാണ് ഇത് നിയമം മൂലം നിരോധിക്കുന്നതിനെ ഗാന്ധി എതിര്‍ത്തത്. അദ്ദേഹത്തിന്റെ ആശങ്കകള്‍ ഗൗനിക്കപ്പെട്ടില്ല.

ഗോവധ നിരോധനം എന്ന ആശയത്തിന് എതിരായിരുന്നു നെഹ്രു. എന്നാല്‍ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തന്നെ 1954 കോണ്‍ഗ്രസ് എംപി സേഠ് ഗോവിന്ദ് ദാസ് രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധനം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നെഹ്രു ഇതിനെ എതിര്‍ത്തപ്പോള്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഗോവധ നിരോധനത്തെ അനുകൂലിക്കുന്നുണ്ടെന്നായിരുന്നു ഗോവിന്ദ് ദാസിന്റെ മറുപടി. ഇത്തരം അസംബന്ധങ്ങള്‍ അംഗീകരിക്കുന്നതിനേക്കാള്‍ നല്ലത് താന്‍ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കുന്നതായിരിക്കും എന്ന് തന്നെ നെഹ്രു പറഞ്ഞു. ഗോവധ നിരോധനം എന്ന ആവശ്യത്തെ പ്രതിലോമകരമായാണ് നെഹ്രു എപ്പോഴും കണ്ടത്. കന്നുകാലി കശാപ്പ് തടയുന്ന 1954ലെ മൃഗസംരക്ഷണ നിയമം അന്ന് ഗുജറാത്ത് കൂടി ഉള്‍പ്പെട്ട ബോംബെ സംസ്ഥാനത്ത് പാസാക്കിയത് കോണ്‍ഗ്രസാണ്. മഹാരാഷ്ട്രയും ഗുജറാത്തും രൂപീകരിക്കപ്പെട്ട ശേഷം ഇരു സംസ്ഥാനങ്ങളിലും ഗോവധം തടഞ്ഞുകൊണ്ട് മൃഗസംരക്ഷണ നിയമങ്ങള്‍ വന്നു. മധ്യപ്രദേശിലും പഞ്ചാബിലുമെല്ലാം ഗോവധം നിയമം മൂലം തടഞ്ഞത് കോണ്‍ഗ്രസ് തന്നെയാണ്. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമത്തെ ഭേദഗതി ചെയ്യുകയും കൂടുതല്‍ മനുഷ്യത്വവിരുദ്ധമായും ദളിത്, ന്യൂനപക്ഷ വിരുദ്ധമായും അക്രമാസക്തമായും ബിജെപി നടപ്പാക്കി എന്നും മാത്രമേ പറയാനാവൂ. ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 2011-ല്‍ പാസാക്കിയ മൃഗസംരക്ഷണ ഭേദഗതി നിയമം ഗോവധത്തിനുള്ള ശിക്ഷ കര്‍ശനമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ഇത് പാസാക്കിയത്.

പ്രായമായ പശുക്കളെ വില്‍ക്കേണ്ടി വരുമെന്നും വാങ്ങുന്നത് കശാപ്പുകാര്‍ തന്നെയായിരിക്കുമെന്നും അറിയാത്തവരല്ല പ്രായോഗികബുദ്ധിയുള്ള പശു ആരാധകര്‍. എന്നിട്ടും ഗോവധത്തിന്റെ പേരില്‍ കൂട്ടക്കൊലകളും ആള്‍ക്കൂട്ട ഹിംസകളും വ്യാപകമായി സംഘടിപ്പിക്കാന്‍ സംഘപരിവാറിന് കഴിയുന്നു എന്നതാണ് പ്രശ്‌നം. കന്നുകാലി കച്ചവടക്കാരെ കൊന്ന് കെട്ടിത്തൂക്കുന്ന സംഭവങ്ങളുണ്ടായി. ഗോവധം എന്നത് പുറമേയ്ക്ക് പ്രചരിപ്പിക്കുന്ന കാരണം മാത്രമാണെന്നും ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ ജാതി, മത വെറി തന്നെയാണ് ഹിംസയായി മാറുന്നതെന്നും വ്യക്തമാണ്. ചത്തടിഞ്ഞ കന്നുകാലികളുടെ ജഡം നീക്കം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ദളിതരെയാണ് ചത്ത പശുവിന്റെ തോലുരിഞ്ഞതിനെ തുടര്‍ന്ന് പശുവിനെ കൊന്നു എന്ന പ്രചാരണം നടത്തി ഗുജറാത്തില്‍ സവര്‍ണര്‍ ക്രൂരമായി തല്ലിച്ചതച്ചത്.കോണ്‍ഗ്രസ് പശുവിനേയും കന്നുകാലികളേയും കൊണ്ടു നടന്നിരുന്ന കാലത്ത് തന്നെ പശുവിന്റെ രാഷ്ട്രീയ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, അക്കാലത്ത് വെറുക്കപ്പെട്ടവരായിരുന്ന സംഘപരിവാറും അതിന്റെ രാഷ്ട്രീയ മുഖംമൂടിയായിരുന്ന ഭാരതീയ ജനസംഘവും പണി തുടങ്ങിയിരുന്നു. അങ്ങനെ 1966-ല്‍ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ പാര്‍ലമെന്റ് ആക്രമണം നടന്നു. ഹിന്ദു തീവ്രവാദ സംഘടനകള്‍ പാര്‍ലമെന്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് വ്യാപക അക്രമത്തില്‍ കലാശിച്ചു. പ്രക്ഷോഭകാരികള്‍ ആകാശവാണി ആസ്ഥാനത്തിനും കോണ്‍ഗ്രസ് അധ്യക്ഷന്റെ ഔദ്യോഗിക വസതിക്കും നേരെ ആക്രമണം നടത്തി. പൊലീസ് വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ രാജി വച്ചു.

ആ സംഭവത്തെ കുറിച്ച് 'ആരോഹണ'ത്തില്‍ വികെഎന്‍ കഥാപാത്രം പറയുന്നത് അന്ന് അവറ്റകളെ കൊന്നിരുന്നില്ലെങ്കില്‍ അവര്‍ എല്ലാ നശിപ്പിക്കുമായിരുന്നു എന്നാണ്. ഒന്നൊഴിയാതെ ആ വര്‍ഗത്തെ മുഴുവന്‍ ചുടേണ്ടതായിരുന്നു എന്ന് വികെഎന്‍ ഫിക്ഷന്റെ സ്വാതന്ത്ര്യം വച്ച് പറയുമ്പോള്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്യാനും കശാപ്പ് ചെയ്യാനുമുള്ള ഫാഷിസ്റ്റ് വ്യഗ്രതയും താല്‍പര്യവുമല്ല അതിലുണ്ടായിരുന്നത്. മറിച്ച് ഇന്ത്യയെ വിഴുങ്ങാന്‍ സാധ്യതയുള്ള ഹിന്ദുത്വ ഫാഷിസത്തെ വേരോടെ പിഴുതുകളയണമായിരുന്നു എന്ന സുചിന്തിതമായ അഭിപ്രായമാണ്. മനുഷ്യത്വവിരുദ്ധമായതും യാതൊരു വിധത്തിലും സംവാദ സാധ്യമല്ലാത്തതുമായ ആ രാഷ്ട്രീയത്തിന്റെ അവസാനമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്ത പോലെ പശുവിനേയോ കാളയേയോ കൊന്ന് ചെറുക്കേണ്ട ഒന്നല്ല ഇത്. പശുവോ പശുവിനെ സംരക്ഷിക്കുന്നവരോ അല്ല ഈ രാജ്യത്തെ ജനങ്ങളുടെ ശത്രുക്കള്‍. പശുവിനെ സംരക്ഷിക്കുന്നതിനെന്ന പേര് പറഞ്ഞ് മനുഷ്യരെ കശാപ്പ് ചെയ്യുന്നവരാണ്.

ബാങ്ക് ദേശസാത്കരണമടക്കമുള്ള ഇടതുപക്ഷ സ്വഭാവമുള്ള നടപടികള്‍ക്ക് ഇന്ദിര ഗാന്ധി നീക്കം നടത്തുന്ന സമയത്താണ് 1966 നവംബര്‍ ഏഴിന് രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധനം ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ പാര്‍ലമെന്റിലേയ്ക്ക് അക്രമാസക്തമായ മാര്‍ച്ച് നടത്തിയത്. ആര്‍എസ്എസ്, വിഎച്ച്പി ബന്ധമുള്ള സംഘടനകളാണ് കാഷായ ധാരികളായ സന്യാസികളെ അണിനിരത്തി മാര്‍ച്ച് സംഘടിപ്പിച്ചത്. ഗുല്‍സാരിലാല്‍ നന്ദയുടെ മൃദുഹിന്ദുത്വ സമീപനമായിട്ടാണ് സംഭവത്തില്‍ ഉത്തരവാദിത്തമേറ്റെടുത്ത് കൊണ്ടുള്ള രാജി വിലയിരുത്തപ്പെട്ടത്. ഇന്ദിര ഗാന്ധിയുടെ ക്രൂരതയെ കുറിച്ച് പറഞ്ഞ വിഎച്ച്പി നേതാവ് ചംപാത്ത് റായ്, ഗുല്‍സാരിലാല്‍ നന്ദ മന:സാക്ഷിയുള്ളവനാണെന്ന് പറഞ്ഞ് പുകഴ്ത്തുകയും ചെയ്തു. ജനസംഘം നേതാവായിരുന്ന എ.ബി വാജ്‌പേയി ആ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച കാര്യവും വിഎച്ച്പി നേതാവ് ഓര്‍ത്തു. പാര്‍ലമെന്റ് മാര്‍ച്ചിനും വെടിവയ്പിനുമെല്ലം ദൃക്‌സാക്ഷിയായിരുന്നു ചംപത്ത് റായ്. അന്ന് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി സ്മാരകം വരെ വിഎച്ച്പിക്കാര്‍ പിന്നീട് ആവശ്യപ്പെട്ടിരുന്നു.1967-ലെ തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസിന്റെ മേധാവിത്തത്തിന് ശക്തമായ തിരിച്ചടിയുണ്ടായെങ്കിലും 77-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ആദ്യമായി ഇന്ത്യയുടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. കനത്ത പരാജയം അതിജീവിച്ച് ശക്തമായി കോണ്‍ഗ്രസും ഇന്ദിര ഗാന്ധിയും തിരിച്ച് വന്ന 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുതിയ ചിഹ്നം വന്നു - കൈപ്പത്തി. കൈപ്പത്തി ചിഹ്നം വോട്ടര്‍മാരുടെ മനസില്‍ പതിഞ്ഞു. നീ കയ്യിന്റെ ആളാണല്ലേ എന്ന ചോദ്യം നാട്ടില്‍ സ്വാഭാവികമായി കേള്‍ക്കുന്നതാണ്. പശുവും കിടാവും കാളയുമെല്ലാം അപ്രസക്തരായി. 80-കളുടെ അവസാനം ഉത്തരേന്ത്യയിലെ കോണ്‍ഗ്രസിന്റെ മേധാവിത്തം അവസാനിച്ച് തുടങ്ങി. പശുവിനും കാളയ്ക്കുമെല്ലാം പുതിയ അവകാശികളുണ്ടായി. കന്നുകാലി വളര്‍ത്തുന്ന കര്‍ഷകരുടേയും കന്നുകാലി കച്ചവടക്കാരുടേയും അറവുകാരുടേയും കന്നുകാലി ഇറച്ചി തിന്നുന്നവരുടേയും എല്ലാം പിന്തുണ കോണ്‍ഗ്രസിന് നഷ്ടമായി.

ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു പോലെ പ്രോത്സാഹിപ്പിച്ച ചരിത്രമാണ് ഇതിനെ രണ്ടിനേയും രൂക്ഷമായി വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത നെഹ്രുവില്‍ നിന്ന് വിഭിന്നമായി ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും പിന്തുടര്‍ന്നതെന്നത്. ഇതിന്റെയൊക്കെ ഭാഗമായാണ് ഗോവധത്തിന്റെ പേരില്‍ കൂടി പറഞ്ഞുള്ള ഫാഷിസ്റ്റ് രാഷ്ട്രീയം വളര്‍ന്നത്. അടിയന്തരാവസ്ഥ കാലത്തെ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ പ്രക്ഷോഭത്തിന്റെ ചേരിയില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളായ ആര്‍എസ്എസ് ഉള്‍പ്പെട്ടു എന്ന വൈരുദ്ധ്യം മുന്‍നിര്‍ത്തി പ്രതിപക്ഷത്തെ ഒന്നടങ്കം വലതുപക്ഷക്കാരായി ചിത്രീകരിക്കാനും സ്വയം ഇടതുപക്ഷക്കാരിയാവാനും ഇന്ദിര ശ്രമിച്ചെങ്കിലും. പല ഘട്ടങ്ങളിലും ഇത്തരത്തില്‍ ഇടതുപക്ഷ സ്വഭാവം ഇന്ദിര കാണിച്ചിട്ടുണ്ടെങ്കിലും ആര്‍എസ്എസുകാരും വലതുപക്ഷവും പോലും ചാര്‍ത്തി നല്‍കിയ ഇന്ത്യയുടെ ദുര്‍ഗാ പട്ടം അവര്‍ ആസ്വദിച്ചിരുന്നു. ഇന്ദിര ഗാന്ധി ഇത്തരത്തില്‍ ഒരു ബിംബവത്കരണം പ്രോത്സാഹിപ്പിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്തു. അതേസമയം ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും ഗോവധ നിരോധനം എന്ന പ്രത്യേക ആവശ്യത്തെ ഇന്ദിര ഗാന്ധി അനുഭാവപൂര്‍വം പരിഗണിച്ചിരുന്നില്ല.

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രിച്ചുകൊണ്ടുള്ള വിവാദ ഉത്തരവിനെതിരെ കണ്ണൂരില്‍ ആവേശം മൂത്ത യൂത്ത് കോണ്‍ഗ്രസുകാര്‍ കാളക്കുട്ടിയെ പൊതുസ്ഥലത്ത് വച്ച് അറുത്താണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്ന ഡിവൈഎഫ്‌ഐക്കാരോട് മത്സരിച്ചത്. ബീഫ് ഫെസ്റ്റിവല്‍ ഇഷ്ടമുള്ള ഭക്ഷണം വിലക്കുന്ന ഫാഷിസത്തോടുള്ള പ്രതികരണമാണ്. കന്നുകാലികളെ കൊല്ലുക എന്നത് ഭക്ഷണത്തിനും ഉപജീവനത്തിനുമുള്ള ഒരു മാര്‍ഗമാണ്. അല്ലാതെ കന്നുകാലി കശാപ്പ് ഒരു മനുഷ്യാവകാശമല്ല. ഇതാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത്. സംഘപരിവാറിനോടുള്ള വാശിയും പ്രതിഷേധവും അങ്ങാടിയില് തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെ കന്നുകാലിയോട് തീര്‍ത്തിട്ട് കാര്യമില്ല.യൂത്ത് നേതാക്കളുടെ വിവരക്കേട് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വളരെ പെട്ടെന്ന് തന്നെ ഈ മണ്ടത്തരത്തെ തള്ളിപ്പറഞ്ഞു. റിജില്‍ മാക്കുറ്റി അടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. കേരളത്തിന് പുറത്ത് ഈ പ്രചാരണം കോണ്‍ഗ്രസിനെതിരെ ബിജെപിയും സംഘപരിവാറും നന്നായി ഉപയോഗിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാവണം രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ വ്യക്തമായൊരു സംഘടനാ സംവിധാനം പോലും ഇല്ലാതെ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ ഈ അമിതാവേശ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ കന്നുകാലി വില്‍പ്പനയും ഇറച്ചിവില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടേയും കച്ചവടക്കാരുടേയും ജീവിതത്തെ പ്രശ്‌നവത്കരിക്കാന്‍ എന്തെങ്കിലും ശ്രമം രാജ്യത്ത് ഒരിടത്തും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

സ്വാതന്ത്ര്യസമരത്തിന് ശേഷം പ്രക്ഷോഭങ്ങളുടെ സംസ്‌കാരമോ ചരിത്രമോ അതിനില്ല. ജനങ്ങളുടെ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അധികാരം നേടിയ ചരിത്രമേയുള്ളൂ. നെഹ്രുവിനും ഇന്ദിര ഗാന്ധിയ്ക്കും ശേഷം ശരിയായതോ തെറ്റായതോ ആയ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുടെ അഭാവവും കോണ്‍ഗ്രസിനെ വേട്ടയാടി. രാഹുല്‍ ഗാന്ധി പോലും തള്ളിപ്പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഡീന്‍ കുര്യാക്കോസിനേയും വിടി ബല്‍റാമിനേയും പോലുള്ള നേതാക്കള്‍ പറയുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിന് ഒരു തരത്തിലും സഹായകമല്ലാത്തതും അനാവശ്യ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമായി പ്രവൃത്തി. നുകം വച്ച ആ പഴയ കാളകളും പശുവും പശുക്കുട്ടിയുമെല്ലാം ഈ യുവകോണ്‍ഗ്രസുകാരെക്കുറിച്ചോര്‍ത്ത് സഹതപിക്കാനിടയുണ്ട്.

ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നു എന്ന പ്രശ്‌നത്തില്‍ കേന്ദ്രീകരിക്കുകയാണെങ്കിലും പുതിയ ഉത്തരവിലെ ദളിത്, ന്യൂനപക്ഷ, തൊഴിലാളി വിരുദ്ധ രാഷ്ട്രീയം തിരിച്ചറിയാന്‍ ഒരു പരിധി വരെയെങ്കിലും ഇടതുപക്ഷത്തിന് കഴിയുന്നുണ്ട്. ബ്രാഹ്മിണ്‍ ഫാഷിസത്തിന്റെ 'എരുമദേശീയത'യുടെ രാഷ്ട്രീയം അവര്‍ എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പുകളിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ഒതുങ്ങുന്നതാണ് ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍. എന്നാല്‍ അടിയന്തരാവസ്ഥ കാലത്തുണ്ടായ പോലെ ഒരു പൊതു പ്രതിപക്ഷ രാഷ്ട്രീയ അജണ്ട നിശ്ചയിക്കാന്‍ ഇപ്പോഴും അവര്‍ക്ക് കഴിയുന്നില്ല. രാജ്യത്തെ ഏറ്റവും പ്രതിപക്ഷ കക്ഷിയായി ഇപ്പോഴും നിലനില്‍ക്കുന്ന കോണ്‍ഗ്രസാണ് അതിന് നേതൃപരമായ പങ്ക് വഹിക്കേണ്ടത്; എന്നാല്‍ അതുണ്ടാവുന്നില്ല.

Next Story

Related Stories