TopTop
Begin typing your search above and press return to search.

സീ ന്യൂസ് തലവന്‍ സുഭാഷ് ചന്ദ്രയും നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കിലെത്തിയ ദുരൂഹമായ ആ 3000 കോടി രൂപയും

സീ ന്യൂസ് തലവന്‍ സുഭാഷ് ചന്ദ്രയും നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കിലെത്തിയ ദുരൂഹമായ ആ 3000 കോടി രൂപയും
നോട്ട് നിരോധനത്തിനു പിന്നാലെ ദുരൂഹമായ ഒരു കമ്പനി 3000 കോടി രൂപയിലധികം ബാങ്കില്‍ നിക്ഷേപിക്കുന്നു. സീ ന്യൂസ് ചാനലിന്റെ ഉടമസ്ഥനും ബിജെപി പിന്തുണയോടെ രാജ്യസഭാ എം.പിയുമായ വിവാദ ബിസിനസുകാരന്‍ സുഭാഷ് ചന്ദ്ര വായ്പ നല്‍കിയ ബാങ്കുകളോട് ദുര്‍ബലമായ ക്ഷമാപണം നടത്തുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലുകള്‍ ദിവസവും എന്നോണം വര്‍ഗീയ വിഷം തുപ്പുന്നു. ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 12,000 കോടി രൂപയ്ക്ക് മേല്‍ കടം, സ്‌റ്റോക് മാര്‍ക്കറ്റില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടത് 13,000 കോടി രൂപ...

ഏതാനും ദിവസങ്ങളായ സുഭാഷ് ചന്ദ്രയുടെ ബിസിനസ് സാമ്രാജ്യത്തിനു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാന കാര്യമാണ് നോട്ട് നിരോധനം നടപ്പാക്കിയ നരേന്ദ്ര മോദിയുടെ നടപടി കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത് എന്ന്. അതിനൊപ്പം തന്നെ പരിശോധിക്കേണ്ട ഒന്നാണ് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടബിലിറ്റി. അധികാര മേലാളന്മാരുമായി കൂട്ടു ചേര്‍ന്ന് ഈ കൊള്ളക്കൊടുക്കലുകാര്‍ എല്ലാ നിയമവും ലംഘിച്ച് തങ്ങളുടെ ഖജനാവ് നിറയ്ക്കുകയാണ്, അതും എല്ലാ വിധത്തിലുള്ള ജനാധിപത്യ സംവിധാനങ്ങളേയും അട്ടിമറിക്കുകയും നശിപ്പിക്കുകയും ചെയ്തു കൊണ്ട്.

താത്കാലികാശ്വാസം

സുഭാഷ് ചന്ദ്രയുടെ തന്നെ ഉടമസ്ഥതയിലുള്ള സീ ഗ്രൂപ്പിന്റെ പേരന്റ് കമപനി Essel ഗ്രൂപ്പിന് ഞായറാഴ്ച ചെറിയൊരാശ്വാസം ലഭിച്ചു. ബാങ്കുകള്‍ സുഭാഷ് ചന്ദ്രയുമായി ഒരു ഒത്തുതീര്‍പ്പിനു തയാറായി. ഒപ്പം, ഗ്രൂപ്പ് പ്രൊമോട്ടര്‍മാരുടേതായി ഉള്ള ഓഹരികള്‍ വില്‍ക്കില്ലെന്നും തീരുമാനിച്ചു.

ഗ്രൂപ്പിന്റെ ഷെയറുകള്‍ ഒറ്റയടിക്ക് വിറ്റു പോകുന്നതിന് ഇന്നലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് സാക്ഷ്യം വഹിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഇത് 26 ശതമാനമായി കൂപ്പുകൂത്തുകയും ചെയ്തു.

ഇപ്പോള്‍ തന്നെ ഗ്രൂപ്പ് കടക്കെണിയിലാണ് എന്നുള്ളതും വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുകയും ചെയ്തതാണ് ഇത്തരത്തില്‍ ഷെയറുകള്‍ വന്‍തോതില്‍ പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന് ബാങ്കുകളോടും വായ്പ നല്‍കിയ മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും സുഭാഷ് ചന്ദ്ര ക്ഷമാപണം നടത്തി. എല്ലാ കടങ്ങളും അടച്ചു തീര്‍ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ ഓഹരികള്‍ തങ്ങള്‍ വില്‍ക്കുകയാണെന്ന് നേരത്തെ തന്നെ പ്രൊമോട്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനെല്ലാം പുറമെ ചന്ദ്രയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു ഗ്രൂപ്പാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ 3,177.96 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചത് എന്ന വാര്‍ത്ത പുറത്തു വന്നതും പ്രതിസന്ധി രൂക്ഷമാക്കി. നവംബര്‍ എട്ടിനും ഡിസംബര്‍ 31-നും മധ്യേ നിക്ഷേപിക്കപ്പെട്ട ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.

ഇതു നിക്ഷേപിച്ചതിനു പിന്നാലെ മുഴുവന്‍ തുകയും പിന്‍വലിക്കുകയും ചെയ്തതാണ് നോട്ട് നിരോധനത്തിന്റെ മറവില്‍ അധികാരബന്ധം ഉപയോഗിച്ച് കള്ളപ്പണം മാറ്റിയെടുക്കുകയായിരുന്നോ എന്ന സംശയം ഉയര്‍ത്തുന്നത്.

ഈ പണം നിക്ഷേപിച്ച കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സുഭാഷ് ചന്ദ്ര പറയുന്നത്. എന്നാല്‍ Nityank Infrapower (നേരത്തെ Dreamline Manpower) എന്ന ഈ കമ്പനിക്കും ചന്ദ്രയുടെ എസ്സല്‍ ഗ്രൂപ്പിനും തമ്മില്‍ ബന്ധമുണ്ട് എന്നാണ് രേഖകള്‍ കാണിക്കുന്നത്.

The Serious Fraud Investigation Office (SFIO) ഈ നിക്ഷേപം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും  വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.

ദി വയര്‍ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം നിലവില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ പുറത്തു വിട്ട വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് 2015-നും 2017-നും ഇടയ്ക്കുള്ള സമയത്ത് ചന്ദ്രയുടെ എസ്സല്‍ കമ്പനിയുടെ ചില അനുബന്ധ കമ്പനികള്‍ Nityank Infrapower ഗ്രൂപ്പും മറ്റു ചില ഷെല്‍ കമ്പനികളുമായി ധനകാര്യ ഇടപാടുകള്‍ നടത്തിയിട്ടുണ്ട് എന്നാണ്.

അതിനൊപ്പം, വീഡിയോക്കോണും എസ്സല്‍ ഗ്രൂപ്പുമായി 2016-ല്‍ നടന്ന ഒരു വമ്പന്‍ ബിസിനസ് ഇടപാടിനു പിന്നിലും Nityank Infrapower ഉണ്ടായിരുന്നു.

Nityank Infrapower ഗ്രൂപ്പ് ഒരു സ്വതന്ത്ര സ്ഥാപനമാണെന്ന് എസ്സല്‍ ഗ്രൂപ്പ് വാദിക്കുമ്പോള്‍ അങ്ങനെയല്ല എന്ന് വീഡിയോക്കോണ്‍ ഗ്രൂപ്പ് ആരോപിക്കുന്നു.

അരിക്കച്ചവടക്കാരന്റെ രാഷ്ട്രീയം

നാടകീയ സംഭവവികാസങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ് സുഭാഷ് ചന്ദ്രയുടെ ജീവിതവും ബിസിനസ് സാമ്രാജ്യവും. സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കാതിരുന്ന ചന്ദ്ര തന്റെ ജീവിതം തുടങ്ങിയത് ആദംപൂര്‍ മാര്‍ക്കറ്റിലെ ഒരു ചെറിയ കച്ചവടക്കാരനായിട്ടാണ്.

സോവിയറ്റ് യൂണിയനിലേക്ക് അരി കയറ്റുമതി ചെയ്ത് തുടങ്ങിയതില്‍ പിന്നെ ചന്ദ്രയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1980-കളില്‍ ടുത്ത് പേസ്റ്റ് പോലെയുള്ള ഉത്പന്നങ്ങള്‍ പാക്കേജ് ചെയ്യുന്ന വസ്തുക്കള്‍ എസ്സല്‍ പാക്കേജിംഗ് എന്ന പേരില്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. ആ ബിസിനസ് പിന്നീട് വടക്കന്‍ മുംബൈയിലെ എസ്സല്‍ വേള്‍ഡ് എന്ന ആഡംബര പാര്‍ക്കിലേക്ക് വളര്‍ന്നു.

1992-ല്‍ സുഭാഷ് ചന്ദ്ര സീ ടി.വി ആരംഭിച്ചു. ഒപ്പം, ടെലിവിഷന്‍ വിപണിയില്‍ ചെലവു കുറച്ചു കൊണ്ട് എങ്ങനെ പരിപാടികള്‍ ചെയ്യാമെന്ന് തെളിയിച്ച് വിപ്ലവം സൃഷ്ടിക്കുകയും പിന്നാലെ വര്‍ഗീയ അജണ്ടകളും വിരുദ്ധ താത്പര്യങ്ങളും വെളിവാക്കുന്ന വാര്‍ത്തകളുടെ ഉറവിടമാവുകയും ചെയ്തു.

ഇതിനിടെയാണ്, ഏറ്റവുമൊടുവില്‍ വിവാദമായ രീതിയില്‍ ഹരിയാനയില്‍ നിന്ന് ബിജെപി പിന്തുണയോടെ ചന്ദ്ര രാജ്യസഭയിലേക്ക് വിജയിക്കുന്നതും. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സീ ന്യൂസിന്റെ ചാനലുകളാണ് ഇന്ന് നരേന്ദ്ര മോദി സര്‍ക്കാരിനു വേണ്ടി ഏറ്റവും കൂടുതല്‍ പ്രൊപ്പഗണ്ട വാര്‍ത്തകള്‍ പടച്ചു വിടുന്നതും വര്‍ഗീയവിഷം തുപ്പുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും. ജെഎന്‍യു ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാജ്യം അതിന് സാക്ഷ്യം വഹിച്ചതാണ്. ഔദ്യോഗികമായി തന്നെ അവര്‍ക്ക് പിഴ ചുമത്തപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഇതൊന്നും സുഭാഷ് ചന്ദ്രയേയോ അതിലെ മാധ്യമ പ്രവര്‍ത്തകരേയോ തരിമ്പും മാറ്റിയിട്ടില്ല.

Also Read: സീ ന്യൂസ് എന്ന മാധ്യമ വല്ലായ്മ

ഏതാനും വര്‍ഷം മുമ്പ് കോണ്‍ഗ്രസ് എംപിയും ബിസിനസുകാരനുമായ നവീന്‍ ജിന്‍ഡാല്‍, സീ ന്യൂസ് എഡിറ്റര്‍മാരും സുഭാഷ് ചന്ദ്രയും ചേര്‍ന്ന് തന്റെ പക്കല്‍ നിന്ന് 100 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതിപ്പെട്ടിരുന്നു. ഇക്കാര്യം തെളിയിക്കുന്നതിനുള്ള റിക്കോര്‍ഡിംഗുകളും ജിന്‍ഡാല്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരു കൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി എന്ന വാര്‍ത്തയാണ് പുറത്തു വിട്ടത്. അന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സുധീര്‍ ചൗധരി എന്ന സീ ന്യൂസ് എഡിറ്റര്‍മാരിലൊരാളാണ് നരേന്ദ്ര മോദി പ്രത്യേകമായി അഭിമുഖം അനുവദിച്ചവരില്‍ ഒരാള്‍.

Also Read: മോദിയുടെ ചിയര്‍ലീഡര്‍ സുധീര്‍ ചൗധരിക്ക് ജിന്‍ഡാല്‍ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍

ഇതൊക്കെ തെളിയിക്കുന്നത്, അധികാരത്തിലിരിക്കുന്നവരെ സന്തോഷിപ്പിച്ചു നിര്‍ത്താനായി ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ഇവര്‍ ചെയ്യും. അതിനു പ്രത്യുപകാരവും ലഭിക്കും. അത് ജനാധിപത്യത്തെ എങ്ങനെ ദുര്‍ബലപ്പെടുത്തുന്നു എന്നതൊന്നും അവരുടെ ആശങ്കയേ അല്ല.

Also Read: മോദിയെ ഇന്‍റര്‍വ്യൂ ചെയ്ത സുധീര്‍ ചൗധരിയെക്കുറിച്ച് ചില കാര്യങ്ങള്‍

https://www.azhimukham.com/edit-robber-barons-and-their-new-india/

Next Story

Related Stories