TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് സംസ്ഥാനങ്ങൾ കരുതണ്ട - രവിശങ്കര്‍പ്രസാദ്

പൗരത്വ നിയമത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് സംസ്ഥാനങ്ങൾ കരുതണ്ട - രവിശങ്കര്‍പ്രസാദ്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതെ രക്ഷപ്പെടാമെന്ന് ഒരു സംസ്ഥാനവും കരുതേണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. ചില സംസ്ഥാനങ്ങള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നെല്ലാം പറയുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാരുകളോടും പാര്‍ട്ടികളോടും എനിക്ക് പറയാനുള്ളത് ആവശ്യമായ നിയമോപദേശം തേടൂ എന്നാണ്. ആര്‍ട്ടിക്കിള്‍ 245, 256 എന്നിവ പ്രകാരം പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള പൂര്‍ണ അധികാരം പാര്‍ലമെന്റിനുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 256 വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി നിയമമായിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കിയേ മതിയാകൂ.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. നിയമം നടപ്പാക്കില്ല എന്ന് പറയുന്ന സംസ്ഥാനങ്ങള്‍ ഇത്തരം തീരുമാനങ്ങള്‍ക്ക് മുമ്പ് ആവശ്യമായ നിയമോപദേശം തേടണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കെ, വിവാദ നിയമത്തെ നിയസഭ വഴി എതിര്‍ക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. അതേസമയം സംസ്ഥാനങ്ങളുടെ എതിര്‍പ്പുകളെ മറികടക്കുന്നതിനായി സിഎഎ പ്രകാരം പൗരത്വം നിര്‍ണയിക്കുന്ന നടപടികള്‍ ഓണ്‍ലൈനാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത സംയുക്ത പ്രതിഷേധം പരിപാടി സംഘടിപ്പിച്ച കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങള്‍ നിയമസഭയില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ ഈ പ്രമേയം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് എന്ന് പറഞ്ഞ് എതിര്‍ത്തിരുന്നു. രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമമഴിച്ചുവിടുന്നതില്‍ പ്രധാന പങ്കുവയ്ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്ന് സംശയിക്കുന്നതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹെബ് തൊറാട്ട് പറഞ്ഞത്.


Next Story

Related Stories