Top

എസ്പിജിയിലെ തന്റെ സഹോദരങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍; ജനാധിപത്യ പരാമ്പര്യത്തെ കൊലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

എസ്പിജിയിലെ തന്റെ സഹോദരങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍; ജനാധിപത്യ പരാമ്പര്യത്തെ കൊലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവര്‍ക്കുള്ള എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. എസ്പിജി സുരക്ഷയ്ക്ക് പകരം മൂന്ന് പേര്‍ക്കും ഇസ്സഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കും. അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ സുരക്ഷാ അവലോകനത്തെ അടിസ്ഥാനമാക്കിയാണ് എസ്പിജി സുരക്ഷ നീക്കം ചെയ്യാന്‍ തീരുമാനമുണ്ടായത്.

ഓഗസ്റ്റ് മാസത്തില്‍ അമിത് ഷായുടെ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷയും പിന്‍വലിച്ചിരുന്നു. അതേസമയം തനിക്കും കുടുംബത്തിനും ഇത് ബാധിക്കില്ലെന്ന വിധത്തിലാണ് രാഹുല്‍ ട്വിറ്ററിലൂടെ ഇതേക്കുറിച്ച് പ്രതികരിച്ചത്. തന്നെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ഇത്രയും വര്‍ഷം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച എസ്പിജിയിലെ സഹോദരീ സഹോദരന്മാര്‍ക്ക് നന്ദി എന്നായിരുന്നു രാഹുല്‍ അറിയിച്ചത്. നിങ്ങളുടെ അര്‍പ്പണത്തിനും തുടര്‍ച്ചയായ പിന്തുണയ്ക്കും നന്ദി. എല്ലാവര്‍ക്കും ഒരു നല്ല ഭാവി ഉണ്ടാകട്ടെ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് ജനാധിപത്യ പാരമ്പര്യത്തെ കൊലപ്പെടുത്തുകയാണ് ഈ തീരുമാനത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും തുടര്‍ച്ചയായ ഭീഷണികള്‍ ഉള്ളപ്പോഴാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് എസ്പിജി സുരക്ഷ പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നു. ബിജെപിയുടെ വ്യക്തിവൈരാഗ്യം തീര്‍ക്കലാണിതെന്നും പ്രതികാര രാഷ്ട്രീയമാണ് അവരുടേതെന്നും ട്വീറ്റില്‍ ആരോപിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരത്തെയും ഡി ശിവകുമാറിനെയും ജയിലിലടച്ചതും ഇതേ വൈരാഗ്യം കൊണ്ടാണെന്നും ട്വീറ്റില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ സി വേണുഗോപാലും ബിജെപിയുടെ പ്രതികാരം തീര്‍ക്കലാണിതെന്നാണ് ട്വീറ്റ് ചെയ്തത്. മോദിയും അമിത് ഷായും എല്ലാ ജനാധിപത്യ പാരമ്പര്യങ്ങളെയും കൊലപ്പെടുത്തിയതായി വേണുഗോപാല്‍ ആരോപിക്കുന്നു.




Next Story

Related Stories