TopTop
Begin typing your search above and press return to search.

കമല്‍നാഥിന് തിരിച്ചടി, വിശ്വാസവോട്ടിനുള്ള ഗവര്‍ണറുടെ തീരുമാനം ശരിയെന്ന് സുപ്രീം കോടതി

കമല്‍നാഥിന് തിരിച്ചടി, വിശ്വാസവോട്ടിനുള്ള ഗവര്‍ണറുടെ തീരുമാനം ശരിയെന്ന് സുപ്രീം കോടതി

മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വച്ചതിനെ തുടര്‍ന്ന് വിശ്വാസവോട്ട് നടത്താനുള്ള ഗവര്‍ണര്‍ ലാല്‍ജി ടാണ്ഡന്റെ തീരുമാനവും ഇടപെടലും ശരിയാണെന്ന് സുപ്രീം കോടതി. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശ്വാസം നല്‍കുന്ന സുപ്രീം കോടതി വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കമല്‍നാഥിന്റെ ഹര്‍ജി തള്ളിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്ന സാഹചര്യത്തില്‍ വിശ്വാസവോട്ട് അനിവാര്യമായിരുന്നു എന്ന് സുപ്രീം കോടതി പറഞ്ഞു. 1994ല്‍ ജസ്റ്റിസ് ബൊമ്മൈ പുറപ്പെടുവിച്ച വിധി കോടതി ചൂണ്ടിക്കാട്ടി.

വിശ്വാസവോട്ട് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ മാര്‍ച്ച് 20നാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ രാജി വച്ചത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 22 പേർ രാജി വച്ചതോടെയാണ് മധ്യപ്രദേശിൽ പ്രതിസന്ധിക്ക് തുടക്കമായത്. കൊറോണ വൈറസ് ചൂണ്ടിക്കാട്ടി, സ്പീക്കര്‍ മാര്‍ച്ച് 26 വരെ നിയമസഭ പിരിച്ചുവിട്ടിരുന്നെങ്കിലും ഗവര്‍ണറുടെ ഇടപെടലിന് പിന്നാലെയുള്ള സുപ്രീം കോടതി ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടിയാവുകയായിരുന്നു. സഭയില്‍ വിശ്വാസവോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കാനുള്ള മുഖ്യമന്ത്രിയുടെ വിമുഖത, ഭൂരിപക്ഷമില്ലായ്മയായി വ്യാഖ്യാനിക്കാവുന്നതാണെന്ന് ജസ്റ്റിസ് ബൊമ്മൈ പറഞ്ഞിരുന്നു.

മധ്യപ്രദേശില്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം മാര്‍ച്ച് 23ന് രാത്രി വരെ ബിജെപി നീട്ടിവയ്ക്കുകയായിരുന്നു എന്ന് കമല്‍നാഥ് ഇന്നലെ ആരോപിച്ചിരുന്നു. മാര്‍ച്ച് 23ന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് കൊവിഡ് 19 വ്യാപനം തടയുന്നതിനായി 21 ദിവസത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അര്‍ദ്ധരാത്രി മുതല്‍ ലോക്ക് ഡൗണ്‍ എന്നാണ് പ്രഖ്യാപിച്ചത്. രാത്രി ഒമ്പത് മണിക്ക് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ കൊവിഡ് കാലത്ത് മന്ത്രിസഭയില്ലാതെ മുഖ്യമന്ത്രി മാത്രമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് കാലത്ത് ആരോഗ്യമന്ത്രിയില്ലാതെയാണ് മധ്യപ്രദേശ് മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആരോഗ്യവകുപ്പിലെ 47 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.


Next Story

Related Stories