TopTop
Begin typing your search above and press return to search.

അച്ഛന്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍, മകളെ പിന്തുണയ്ക്കുന്ന അമ്മ, എബിവിപിക്കാര്‍ തലതകര്‍ത്ത ഐഷി ഘോഷിന്റെ രാഷ്ട്രീയ ജീവിതം

അച്ഛന്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍, മകളെ പിന്തുണയ്ക്കുന്ന അമ്മ, എബിവിപിക്കാര്‍ തലതകര്‍ത്ത ഐഷി ഘോഷിന്റെ രാഷ്ട്രീയ ജീവിതം

ഐഷി ഘോഷ്, ഡല്‍ഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ ഞായറാഴ്ച നടന്ന അക്രമങ്ങളിൽ വലിയ പരിക്കേറ്റ പെൺകുട്ടി. സമൂഹമാധ്യമങ്ങളിലെങ്ങും തലപൊട്ടി ചോരയൊലിച്ച് നിൽക്കുന്ന അവളുടെ ചിത്രമാണ്. 25 വയസ് മാത്രം പ്രായമുള്ള ജെഎൻയുവിലെ തീപ്പൊരി നേതാവാണ് പരിക്കേറ്റ് എയിംസില്‍ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഐഷി ഘോഷ്.

പതിമൂന്ന് വര്‍ഷങ്ങൾക്ക് ശേഷം ജെഎൻയുവിൽ യൂണിയൻ പ്രസിഡന്റായ എസ്എഫ്ഐക്കാരി. അങ്ങനെയാണ് ഐഷിഘോഷിനെ ആദ്യം രാജ്യം പരിചയപ്പെടുന്നത്. തൊഴിലാളി സംഘടനാ നേതാവാണ് ഐഷിയുടെ അച്ഛൻ. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയാണ് ഐഷിഘോഷ്. ഡൽഹി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയാണ് ഐഷി ജെഎൻയുവിലേക്ക് ഉപരിപഠനത്തിനായി എത്തിയത്.

ധൻബാദിലാരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉയര്‍ന്ന സ്കൂൾ വിദ്യാഭ്യാസത്തിനായി ദുർഗാപൂരിലെ ഡി‌എ‌വി മോഡൽ പബ്ലിക് സ്‌കൂളിൽ പ്രവേശിച്ചു. പഠനത്തിൽ മികവ് പുലർത്തിയ ഐഷി ഘോഷ് നിരവധി അവാർഡുകൾ നേടി സ്കൂളിന് തന്നെ അഭിമാനമായി. പിന്നീടാണ് ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിലെത്തുന്നത്.

2013 മുതൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിരുദ പഠനം. 2017ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായി പ്രവേശിച്ചു. ഇതിനിടയിലെല്ലാം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു ഐഷി. മികച്ച നേതൃപാടവം കാഴ്ചവച്ച ഐഷി പിന്നാലെ വിദ്യാർത്ഥി യുനിയൻ കൺവീനറായി നിയമിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ യൂണിയൻ തിരിഞ്ഞെടുപ്പിൽ ഐഷി ഘോഷ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാവുന്നതും വിജയിക്കുന്നതും.

എസ്എഫ്ഐക്കാരിയായ പ്രസിഡന്റ് പതിമൂന്ന് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമായിരുന്നു ജെഎൻഎസ്​യുവിന് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പിൽ 50.15 ശതമാനം വോട്ട് നേടിയാണ് ഇടത് വിദ്യാർഥി യൂണിയൻ ഐഷിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയത്. വോട്ട് ചെയ്ത 5728 പേരിൽ 2313 പേരുടെ പിന്തുണയോടെയായിരുന്നു ഐഷിയുടെ വിജയം. രാജ്യത്തെ പ്രമുഖ സർവകലാശാലയുടെ ശബ്ദമായിമാറുകയായിരുന്നു പിന്നാലെ ഐഷി. ഹോസ്റ്റൽ ഫീസ് വർധന, സീറ്റ് വെട്ടിച്ചുരുക്കൽ, ലൈബ്രറി ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇതിനെതിരെയെല്ലാം ഐഷിയും സംഘവും നിരന്തരം ശബ്ദമുയർത്തി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലകളിൽ ഫീസ് വർധിപ്പിച്ചപ്പോൾ രൂക്ഷമായ വാക്കുകളിലായിരുന്നു ഐഷി പ്രതികരിച്ചത്. ജെഎൻയുവിന്റെ അന്തസത്തയുടെ അവസാന കണികയെങ്കിലും നിലനിർത്താൻ പോരാട്ടത്തിന് ഇറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 'ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലയാകാൻ ജെഎൻയുവിന് സാധിക്കുമായിരുന്നു. പക്ഷേ രാജ്യത്തിന് നൊബേൽ ജേതാക്കളെ സമ്മാനിച്ച ഒരു സർവകലാശാല അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുകയാണ്. ർക്കാരുകൾ ഞങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു' എന്നായിരുന്നു വാക്കുകൾ.

അതേസമയം, മകൾ ഉൾ‌പ്പെടെ പരിക്കേറ്റ ആക്രമത്തോട് ഐഷിയുടെ പിതാവ് ഇന്നലെ നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു 'രാജ്യം മുഴുവൻ അസ്ഥിരമാണ്. ഞങ്ങൾ ഭയപ്പെടുന്നു. ഇന്ന് എന്റെ മകളെ ആക്രമിച്ചു, നാളെ മറ്റൊരാളെ ആക്രമിക്കും. ആർക്കറിയാം, നാളെ എന്നെയും ആക്രമിച്ചേക്കാം. ' എന്നായിരുന്നു ആ പിതാവിന്റെ പ്രതികരണം. പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ മകളോട് ആവശ്യപ്പെടില്ലെന്നായിരുന്നു ഐഷിയുടെ അമ്മയുടെ പ്രതികരണം. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും ഐഷിയുടെ അമ്മ ആവശ്യപ്പെട്ടു.


Next Story

Related Stories