TopTop

കൊവിഡ് 19 പ്രത്യേക പാക്കേജ് - നിര്‍മ്മല സീതാരാമന്റെ 10 പ്രധാന അറിയിപ്പുകള്‍

കൊവിഡ് 19 പ്രത്യേക പാക്കേജ് - നിര്‍മ്മല സീതാരാമന്റെ 10 പ്രധാന അറിയിപ്പുകള്‍

കൊറോണ വൈറസ് (കൊവിഡ് 19) വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിൻ്റെ ഭാഗമായി 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് (പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന) പ്രഖ്യാപിച്ച കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍, നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണമെത്തിക്കുന്നതടക്കം 10 പ്രധാനപ്പെട്ട കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.



നിര്‍മ്മല സീതാരാമന്റെ 10 പ്രധാന അറിയിപ്പുകള്‍:

1. കൊറോണ വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷുറന്‍സ് പരിരക്ഷ

2. പെന്‍ഷണര്‍മാരും സ്ത്രീകളും ഭിന്നശേഷിക്കാരുമടക്കം എട്ട് വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് പണമെത്തിക്കും.

3. കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഘട്ട തുകയായി 2000 രൂപ ഏപ്രില്‍ ആദ്യം നല്‍കും.

4. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ജിഎ)ക്കുള്ള വേതനം വര്‍ദ്ധിപ്പിച്ച് 180ല്‍ നിന്ന് 202 കോടിയാക്കി.

5. ബാങ്ക് അക്കൗണ്ട് ഉള്ള സ്ത്രീകള്‍ക്ക്, വിധവകൾക്ക്, 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൌരന്മാർക്ക് - രണ്ട് ഘഡുക്കളായി 1000 രൂപ നൽകും.

6. 5 കിലോ അരിയോ ഗോതമ്പോ, ഒരു കിലോ തുവരപ്പരിപ്പ് എന്നിവ അടുത്ത മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി നല്‍കും. നേരത്തെ പ്രഖ്യാപിച്ച അഞ്ച് കിലോ അരി / ഗോതമ്പിന് പുറമെയാണിത്.

7. ദീന്‍ദയാല്‍ ഉപാധ്യായ ദേശീയ ഗ്രാമീണ ദൗത്യ പദ്ധതി പ്രകാരം സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും.

8. നിലവിലെ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പരിധി ഇരട്ടിയാക്കി - 20 ലക്ഷം.

9. സംഘടിതമേഖലയ്ക്കായി രണ്ട് പ്രഖ്യാപനങ്ങള്‍. ജീവനക്കാരനും കമ്പനിയും അടക്കുന്ന എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് (ഇപിഎഫ്) വിഹിതം അടുത്ത മൂന്ന് മാസത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ചെറുകിട കമ്പനികള്‍ക്കാണ് ഇത് ബാധകമാവുക. 100 ജീവനക്കാര്‍ വരെയുള്ളതും 90 ശതമാനം സ്റ്റാഫിനും 15,000 രൂപയില്‍ താഴെ ശമ്പളമുള്ളതുമായ കമ്പനികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

10. നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സിന്റെ 75 ശതമാനം, അല്ലെങ്കില്‍ ഇപിഎഎഫ് അക്കൗണ്ടില്‍ നിന്നുള്ള മൂന്ന് മാസത്തെ വേതനം പിന്‍വലിക്കാന്‍ അനുമതി. ഇത് 4.8 കോടി പേര്‍ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു.


Next Story

Related Stories