TopTop
Begin typing your search above and press return to search.

ചെന്നൈയിലെ 236 മരണങ്ങള്‍ തമിഴ് നാട് സര്‍ക്കാര്‍ രേഖപ്പെടുത്തിയില്ല?

ചെന്നൈയിലെ 236 മരണങ്ങള്‍ തമിഴ് നാട് സര്‍ക്കാര്‍ രേഖപ്പെടുത്തിയില്ല?

ചെന്നൈയിലെ 236 മരണങ്ങള്‍ തമിഴ് നാട് സര്‍ക്കാര്‍ രേഖപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ എട്ട് വരെ 460 പേര്‍ ചെന്നൈയില്‍ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ 224 മരണം മാത്രമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് പുറത്തുവിട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈ കോര്‍പ്പറേഷന്റെ മരണ രജിസ്ട്രി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച റിപ്പോണ്‍ ബില്‍ഡിംഗില്‍ സന്ദര്‍ശനം നടത്തിയ ഡിപിഎച്ച് ഉദ്യോഗസ്ഥര്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ ഡെത്ത് രജിസ്റ്റര്‍ പരിശോധിച്ചിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍പ്പെടാത്ത 236 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയിരുന്നെങ്കില്‍ തമിഴ് നാട്ടിലെ മരണ നിരക്ക് നിലവില്‍ രേഖപ്പെടുത്തിയ 0.7 ശതമാനത്തിന് പകരം 1.5 ശതമാനമായേനെ.

പേരാമ്പൂരിലെ റെയില്‍വേ ഹോസ്പിറ്റലിലുണ്ടായ 20 മരണങ്ങള്‍ സംസ്ഥാന കോവിഡ് നോഡല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വസ്തുതകള്‍ മറച്ചുവയ്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നുമാണ് ആരോഗ്യ മന്ത്രി വിജയഭാസ്‌കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടായിരിക്കും ഇത് സംഭവിച്ചതെന്നും ഇതെന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഈ കേസുകള്‍ വെരിഫിക്കേഷന് ശേഷം ഡെത്ത് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഈ പ്രശ്‌നം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ 11 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴാചയ്ക്കകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കും.

34914 പേരാണ് തമിഴ് നാട്ടില്‍ ഇതുവരെ കോവിഡ് ബാധിതരായത്. ഇതില്‍ 307 പേര്‍ മരിച്ചു. 18325 പേര്‍ക്ക് രോഗം ഭേദമായി. 16282 പേര്‍ ചികിത്സയില്‍ തുടരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം കേസുകളും മരണങ്ങളും ചെന്നൈയിലാണ് വന്നിരിക്കുന്നത്.


Next Story

Related Stories