TopTop
Begin typing your search above and press return to search.

ബംഗാളിലും ബംഗ്ലാദേശിലും നാശം വിതച്ച് ഉം പുൻ; കൊൽക്കത്ത എയർപോർട്ടിൽ വെള്ളം കയറി

ബംഗാളിലും ബംഗ്ലാദേശിലും നാശം വിതച്ച് ഉം പുൻ; കൊൽക്കത്ത എയർപോർട്ടിൽ വെള്ളം കയറി

ബംഗ്ലാദേശിലും ഇന്ത്യയില്‍ പശ്ചിമ ബംഗാളിലും നാശം വിതച്ച് ഉം പുന്‍ ചുഴലിക്കാറ്റ്. ഇരു രാജ്യത്തുമായി 24 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശില്‍ 10 പേരും ബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ട് പേരുമാണ് മരിച്ചത്. കൊല്‍ക്കത്തയിലും ഹൗറയിലും കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകളുണ്ടാക്കിയ ഉം പുന്‍ ബംഗാളിലേയും ബംഗ്ലാദേശിലേയും തീരദേശഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ നാശം വിതച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബംഗാളിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റാണ് ഉം പുന്‍. പലയിടങ്ങളിലും മരങ്ങള്‍ വലിയ തോതിൽ തോതില്‍ കടപുഴകി വീഴുകയും മതിലുകള്‍ ഇടിയുകയും പാലങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇന്നലെ തന്നെ ബംഗ്ലാദേശിലും ബംഗാളിലും മരണമുണ്ടായിരുന്നു.

മരങ്ങൾ കടപുഴകി വീണും മതിലിടിഞ്ഞും വെള്ളത്തിൽ മുങ്ങിയുമാണ് കുടുതൽ പേരും മരിച്ചിരിക്കുന്നത്. പലയിടങ്ങളിലും അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ വന്നു. തീരദേശങ്ങളിലുള്‍പ്പടെ ശക്തമായ കാറ്റും മഴയുമാണ് ബംഗാളില്‍. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറി. എയർപോർട്ട് ഇന്നലെ വൈകീട്ട് തന്നെ അടച്ചിട്ടിരുന്നു. ഇന്നലെ ഹൗറ പാലത്തിലും വിദ്യാസാഗർ സേതുവിലും ഗതാഗതം തടയേണ്ടി വന്നിരുന്നു. അതേസമയം രാജ്യം മുഴുവന്‍ ബംഗാളിനൊപ്പമുണ്ടെന്ന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഹൗറയില്‍ ഇന്ന് ഒരു സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. നദികള്‍ കരകവിഞ്ഞൊഴുകി. ഹൂഗ്ലീ നദിയിലും ജലനിരപ്പുയര്‍ന്നിരുന്നു. കൃത്യമായ നാശനഷ്ട കണക്കെടുപ്പ് പെട്ടെന്ന് കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇതിന് 3-4 ദിവസം വേണ്ടിവരും. സംസ്ഥാനത്തെ ദ്വീപുകള്‍ മറ്റ് ഭാഗങ്ങളില്‍ നന്ന് ഒറ്റപ്പെട്ടു. ലോകത്ത് തന്നെ ഏറ്റവും വിസ്തൃതിയില്‍ കണ്ടല്‍ക്കാടുകളുള്ള പ്രദേശങ്ങളിലൊന്നായ സുന്ദര്‍ബന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണുണ്ടായത്. കൊല്‍ക്കത്തയെ കൂടാതെ ഉത്തര 24 പര്‍ഗാനാസ്, ദക്ഷിണ 24 പര്‍ഗാനാസ്, ഈസ്റ്റ് മിഡ്‌നാപൂര്‍ എന്നിങ്ങനെ ബംഗാളിലെ ഏഴ് ജില്ലകളില്‍ ഉംപുന്‍ വലിയ നാശമുണ്ടാക്കി.

കൊല്‍ക്കത്തയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല കെട്ടിടങ്ങള്‍ക്കും വലിയ കേടുപാടുകളുണ്ടായതായി മമത ബാനര്‍ജി അറിയിച്ചു. 1.41 കോടിയിലധികം ജനസംഖ്യയുള്ള കൊല്‍ക്കത്തയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ പല ഭാഗങ്ങളിലും വൈദ്യുതിയും ഫോണ്‍ബന്ധവുമില്ല. പലര്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തകരുമായും അധികൃതരുമായും ബന്ധപ്പെടാന്‍ കഴിയാത്ത നിലയാണുള്ളത്. കൊറോണ വൈറസ്, കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ്, ഉംപുന്‍ എന്നീ മൂന്ന് പ്രതിസന്ധികളാണ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് മമത പറഞ്ഞു.

കോവിഡ് വ്യാപനത്തിനിടെ വന്നിരിക്കുന്ന ചുഴലിക്കാറ്റ് ബംഗാളിനും ബംഗ്ലാദേശിനും വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. 3103 പേര്‍ക്കാണ് ബംഗാളില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 253 പേര്‍ മരിച്ചു.


Next Story

Related Stories