Top

നോട്ടുനിരോധനത്തിന് മൂന്ന് വയസ്സ്: കറൻസി ഇടപാടുകളുടെ തോത് മുൻകാലങ്ങളെക്കാൾ വർധിച്ചെന്ന് റിസർവ്വ് ബാങ്ക്

നോട്ടുനിരോധനത്തിന് മൂന്ന് വയസ്സ്: കറൻസി ഇടപാടുകളുടെ തോത് മുൻകാലങ്ങളെക്കാൾ വർധിച്ചെന്ന് റിസർവ്വ് ബാങ്ക്

2016 നവംബർ എട്ടിന് നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ സർക്കാരിന്റെ പ്രധാന വാദങ്ങളിലൊന്ന് ഡിജിറ്റല്‍ ഇടപാടുകൾ സംബന്ധിച്ചുള്ളതായിരുന്നു. കറൻസി കൈമാറ്റങ്ങളിൽ നിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്നതാണ് നോട്ടുനിരോധനത്തിന്റെ പ്രധാന സദ്ഫലമെന്ന് പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ രാജ്യത്തെ കറൻസി ഉപയോഗം നോട്ടുനിരോധനത്തിനു മുമ്പത്തെ കാലത്തെക്കാൾ കൂടിയിട്ടുണ്ട് എന്നാണ് കാണിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളും കൂടിയിട്ടുണ്ടെങ്കിലും പണ ഇടപാടുകളുടെ വർധനയുടെ വേഗത അവക്കില്ലെന്നതും ശ്രദ്ധേയമാണ്.

2019 സെപ്തംബർ മാസത്തിൽ പൊതുജന ഉപയോഗത്തിലുള്ള പണത്തിന്റെ അളവ് 20.49 ലക്ഷം കോടി രൂപയാണെന്ന് റിസർവ്വ് ബാങ്കിന്റെ കണക്ക് പറയുന്നു. ഇത് 2018ലെ ഇതേ കാലയളവിൽ ജനങ്ങളുടെ വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയെക്കാൾ 13.3 ശതമാനത്തിന്റെ വർധനയാണ് കാണിക്കുന്നത്. കാഷ്‌ലെസ് ഇക്കോണമിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം പറഞ്ഞിരുന്ന കാര്യം നടപ്പായില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നോട്ടുനിരോധന കാലത്ത് ഡിജിറ്റൽ ഇടപാടുകളിലുണ്ടായ വർധന അതേ അളവിൽ തുടരുകയുണ്ടായില്ലെന്നാണ് കണക്കുകൾ പറയുന്നത്. നോട്ടുനിരോധന കാലത്ത് മറ്റ് മാർഗങ്ങളില്ലാതെയാണ് ആളുകൾ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് മാറിയത്. എന്നാൽ ഈ പ്രവണത നോട്ടുകൾ വിപണിയിലേക്ക് തിരിച്ചുവന്നതോടെ അവസാനിച്ചതായി മൊബിക്വിക്ക് ആപ്പിന്റെ വെൽത്ത് മാനേജരായ കുനാൽ ബജാജ് പറയുന്നു. പണം ഉപയോഗിച്ചുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതവും കുറെക്കൂടി സൗകര്യപ്രദവുമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. അതെസമയം, യുപിഐ, ഡെബിറ്റ് കാർഡ‍്, മൊബൈൽ ബാങ്കിങ് തുടങ്ങിയവയുടെ കാര്യത്തിൽ‌ വളർച്ചയുണ്ടായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതുപക്ഷെ, നോട്ടുനിരോധനം കൊണ്ടുണ്ടായതാണെന്ന് കരുതാൻ നിർവ്വാഹമില്ല. സ്വാഭാവികമായ വേഗതയിലുള്ള വളർച്ച മാത്രമാണ് ഇവയ്ക്ക് ഇക്കാലയളവിലുണ്ടായിരിക്കുന്നത്. നോട്ടുനിരോധനശേഷം കറൻസി ഇടപാടുകളിലുണ്ടായ വർധനയുടെ വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ ഇടപാടുകളുടെ വളർച്ച തുലോം തുച്ഛമാണ്.

ആളുകൾ പണമിടപാടുകളിൽ നിന്നും ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാൻ ഇനിയും കുറെ വർഷങ്ങളെടുക്കുമെന്നാണ് ആ മേഖലയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്. ഡെബിറ്റ് കാർഡുകളെക്കാൾ യുപിഐ ഇടപാടുകളിലേക്കാണ് ജനങ്ങൾ കൂടുതൽ ആകൃഷ്ടരാകുന്നത്. ഈ മേഖലയിൽ തരക്കേടില്ലാത്ത ഇടപാട് വളർച്ച ദൃശ്യമാണ്.

2018-19 കാലയളവിൽ 535 കോടി യുപിഐ ഇടപാടുകളാണ് നടന്നിട്ടുള്ളത്. 441 കോടി ഡെബിറ്റ് കാർഡ് ഇടപാടുകളാണ് ഇതേ കാലയളവിൽ നടന്നത്. ഇതാദ്യമായാണ് യുപിഐ ഇടപാട് ഡെബിറ്റ് കാർഡ് ഇടപാടുകളെക്കാൾ വർധിക്കുന്നത്. 2019-20 വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ മാത്രം 9.03 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നിരിക്കുന്നത്.

നോട്ടുനിരോധനം നടപ്പാക്കി മൂന്ന് വർഷം പിന്നിടുമ്പോൾ സാമ്പത്തിക വ്യവസ്ഥയുടെ നില ഏറെ പരിതാപകരമാണ്. രാജ്യത്തിന്റെ കാർഷികവളർച്ചയെ നോട്ടുനിരോധനം ദോഷകരമായി ബാധിച്ചു. അസംഘടിത മേഖലയിലെ തൊഴിലുകൾ ഇല്ലാതായി. നോട്ടുനിരോധനം രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെ രണ്ട് ശതമാനം വരെ പിന്നോട്ടടിക്കുമെന്ന് 2016 നവംബർ 24ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പറയുകയുണ്ടായി. വളര്‍ച്ചാ ഇടിവ് സംഭവിച്ചു കഴിഞ്ഞു. വിപണിയെ സജീവമാക്കി മാറ്റാൻ ബദൽ മാര്‍ഗങ്ങളിലൂടെ പണം ചെലുത്തുകയാണ് സർക്കാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.


Next Story

Related Stories