TopTop
Begin typing your search above and press return to search.

കൊവിഡ് 19 - നിസാമുദ്ദീൻ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവർ തമിഴ് നാട്ടിലും കാശ്മീരിലും മരിച്ചു, 200ലധികം പേർ ആശുപത്രിയിൽ

കൊവിഡ് 19 - നിസാമുദ്ദീൻ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തവർ തമിഴ് നാട്ടിലും കാശ്മീരിലും മരിച്ചു, 200ലധികം പേർ ആശുപത്രിയിൽ

ഡല്‍ഹി നിസാമുദ്ദീനിലെ മര്‍ക്കസില്‍ ഒരു മതസമ്മേളനത്തില്‍ പങ്കെടുത്ത 200 പേര്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍. ഇവരെ ജില്ലാ ഭരണകൂടം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 300ലധികം പേരെ ഇന്ന് ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ നിസാമുദ്ദീനിലെ മർക്കസിന് ചുറ്റുമുള്ള പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് ഇവിടെ വഴി അടച്ചു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാനായി മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ലധികം പേര്‍ മാര്‍ച്ച് 18ന് നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായും ഇവര്‍ മടങ്ങിപ്പോയതായും പൊലീസ് പറയുന്നു. ഇന്ന് 150 പേരേയും ഇന്നലെ 34 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് മാടങ്ങിയവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ആന്‍ഡമാന്‍ നിക്കോബാറിലെ ആറ് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇവര്‍ കൊല്‍ക്കത്ത വഴി ചൊവ്വാഴ്ച പോര്‍ട്ട് ബ്ലയറിലേയ്ക്ക് മടങ്ങിയിരുന്നു. വ്യാഴാഴ്ച ശ്രീനഗറിലെ ആശുപത്രിയില്‍ 65കാരനായ കൊവിഡ് ബാധിതന്‍ മരിച്ചിരുന്നു. ഇദ്ദേഹം നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ജമ്മു കാശ്മീരിലേയ്ക്ക് ട്രെയിനിലാണ് തിരിച്ചുപോയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേയ്ക്ക് മടങ്ങിയ 52കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മരിച്ചയാളും നിസാമുദ്ദീന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. മര്‍ക്കസിലേയ്ക്കുള്ള പ്രവേശനം ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മ്യൂണിറ്റി സ്‌പ്രെഡ് (സമൂഹവ്യാപനം) ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മെഡിക്കല്‍ സംഘങ്ങള്‍ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.

ഹൈദരാബാദില്‍ കൊവിഡ് സ്ഥിരീകരിച്ച 11 ഇന്‍ഡോനേഷ്യക്കാരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടുതലും ദക്ഷിണേന്ത്യക്കാരാണ് പങ്കെടുത്തിരുന്നത്. ആഭ്യന്തര വിമാനങ്ങള്‍ നിരോധിച്ചതിന്റെ തലേദിവസം മാര്‍ച്ച് 23ന് പൊലീസ് ഇവിടെ നിന്ന് മടങ്ങുന്നവരെ എയര്‍പോര്‍ട്ടിലേയ്ക്ക് അനുഗമിച്ചിരുന്നു. എന്നാല്‍ ഇവര്‍ മടങ്ങിവന്നു. രണ്ടായിരത്തോളം പേര്‍ മർക്കസ് കോംപ്ലക്‌സില്‍ തുടരുന്നുണ്ട്. ആറ് നിലയുള്ള ഡോര്‍മിറ്ററി കോംപ്ലക്‌സില്‍. 280 പേര്‍ വിദേശികളാണ്. അതീവ ഗുരുതരമായ ഈ സാഹചര്യം ഡല്‍ഹി പൊലീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പോയി എന്നത് വലിയ തോതില്‍ ആശങ്കാജനകമാണ്. സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ 20-30 ബസുകളിലായാണ് പോയത്.

അതേസമയം ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ആജ് തക്ക് ചാനലിനെതിരെ പൊലീസില്‍ പരാതി വന്നിട്ടുണ്ട്. കൊറോണ സംശയിക്കുന്ന 33 പേരെ ക്വാറന്റൈന്‍ ചെയ്‌തെന്ന വാര്‍ത്തയാണിത്. നിസാമുദ്ദീന്‍ തബ്ലിഗി മര്‍ക്കസിലെ സമ്മേളനവുമായി ബന്ധപ്പെട്ടാണ് കൊവിഡ് കേസുകള്‍ വന്നിരിക്കുന്നത് എന്നും അല്ലാതെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയുമായി ബന്ധപ്പെട്ടല്ല എന്നതുമാണ് ആജ് തക്കിനെതിരായ പരാതിക്ക് അടിസ്ഥാനം.


Next Story

Related Stories