TopTop

കൊറോണ ലോക്ക് ഡൗണ്‍ - കത്തുന്ന വെയിലില്‍ യുപിയില്‍ തൊഴിലാളികള്‍ നടക്കുന്നത് 36 മണിക്കൂര്‍, 80 കിലോമീറ്റര്‍

കൊറോണ ലോക്ക് ഡൗണ്‍ - കത്തുന്ന വെയിലില്‍ യുപിയില്‍ തൊഴിലാളികള്‍ നടക്കുന്നത് 36 മണിക്കൂര്‍, 80 കിലോമീറ്റര്‍

കൊറോണ വൈറസ് (കൊവിഡ് 19) വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍, ദിവസവേതന തൊഴിലാളികളെ എല്ലാ അര്‍ത്ഥത്തിലും ദുരിതത്തിലാക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്ന് തൊഴിലാളികള്‍ നടക്കേണ്ടി വരുന്നത് 36 മണിക്കൂര്‍. നടത്തത്തിനിടെ ചെറിയ ഇടവേളകള്‍ മാത്രം. ഉന്നാവോയിലെ ഫാക്ടറിയില്‍ നിന്ന് ബാരാബങ്കിയിലെ ഗ്രാമത്തിലേയ്ക്ക് 21 തൊഴിലാളികള്‍ നടന്നു. മാനേജ്‌മെന്റ് എവിടെ കിടന്നുറങ്ങാന്‍ പറയുന്നോ അവിടെ ഉറങ്ങുകയാണ് പതിവ്. ഇന്നലെ ഒഴിഞ്ഞുപോകാനാണ് പറഞ്ഞത് - വീട്ടിലേയ്ക്കല്ലാതെ മറ്റെവിടെ പോകുമെന്ന് അവദേശ് കുമാര്‍ എന്ന തൊഴിലാളി എന്‍ഡിടിവിയോട് ചോദിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടന്നുതുടങ്ങിയ അവദേശും സംഘവും നാട്ടിലെത്തുന്നത് വ്യാഴാഴ്ച രാവിലെ മാത്രമായിരിക്കും - പൊലീസ് തടഞ്ഞില്ലെങ്കില്‍.

അവദേശിന്റെ ഫാക്ടറിയിലെ തൊഴിലാളികളായ പല പ്രായക്കാരും സംഘത്തിലുണ്ട്. തങ്ങള്‍ക്ക് വേറെ വഴിയില്ല എന്ന് അവദേശ് പറയുന്നു. കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേയ്ക്ക് മടങ്ങാതെ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ നില്‍ക്കുക എന്ന് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് സാധ്യമല്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മാനേജ്‌മെന്റ് ഞങ്ങളോട് പോകാന്‍ പറഞ്ഞു, അവിടെ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങളില്‍ മിക്കവരും അടുത്തടുത്ത പ്രദേശങ്ങളിലുള്ളവരാണ്. വാഹനങ്ങളില്ലാത്തത് കൊണ്ട് പിന്നെ ഇത് മാത്രമായിരുന്നു വഴി - അവദേശ് പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് പെട്ടെന്നുണ്ടായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഏറ്റവും വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ പലരുടേയും വീടുകളില്‍ ബാക്കിയുണ്ട്. എന്നാല്‍ ദിവസവരുമാനക്കാര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. സഹായവുമായി അധികൃതരാരും എത്തിയില്ല എന്ന് രാജ്മല്‍ എന്ന തൊഴിലാളി പറഞ്ഞു.


Next Story

Related Stories