TopTop
Begin typing your search above and press return to search.

പ്രതിഷേധം വകവെയ്ക്കാതെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; സ്‌കൂളുകള്‍ പൂട്ടി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം

പ്രതിഷേധം വകവെയ്ക്കാതെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; സ്‌കൂളുകള്‍ പൂട്ടി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലം മാറ്റം

നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ജനതയുടെ പ്രതിഷേധം രൂക്ഷമാകുമ്പോഴും വിവാദ തീരുമാനങ്ങള്‍ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ലക്ഷദ്വീപിലാകെ സ്‌കൂളുകള്‍ പൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. 15 സ്‌കൂളുകളാണ് പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ അടച്ചു. അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ പൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് വന്നിരുന്നു. 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാണ് ഉത്തരവ് വന്നത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റം. എത്രയും പെട്ടെന്ന് നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കണം. പകരം ഉദ്യോഗസ്ഥര്‍ വരുന്നതുവരെ കാത്തുനില്‍ക്കാതെ സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്കും നിര്‍ദേശമുണ്ട്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

അതേസമയം, തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകള്‍ ഇറക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും മുന്‍ ചീഫ് കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. അതിനിടെ, ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എഐസിസിയുടെ അപക്ഷേ അഡ്മിനിസ്‌ട്രേഷന്‍ തള്ളി. കോവിഡ് സാഹചര്യവും കര്‍ഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് നടപടി.


Next Story

Related Stories