TopTop
Begin typing your search above and press return to search.

'കോവിഡ് സ്ഥിരീകരിച്ചവരുടെ ടെസ്റ്റ് റിസൾ‌ട്ട് നൽകുന്നില്ല, രണ്ട് പേരെ ക്വാറന്റെയ്ൻ ചെയ്തിരുന്നെങ്കിൽ നഴ്സുമാര്‍ക്ക് രോഗം പടരില്ലായിരുന്നു'-മുംബയില്‍ നിന്നും ആശങ്കയുടെ വാര്‍ത്തകള്‍

കോവിഡ് സ്ഥിരീകരിച്ചവരുടെ ടെസ്റ്റ് റിസൾ‌ട്ട് നൽകുന്നില്ല, രണ്ട് പേരെ ക്വാറന്റെയ്ൻ ചെയ്തിരുന്നെങ്കിൽ നഴ്സുമാര്‍ക്ക് രോഗം പടരില്ലായിരുന്നു-മുംബയില്‍ നിന്നും ആശങ്കയുടെ വാര്‍ത്തകള്‍

കോവിഡ് 19 സംബന്ധിച്ച് വാർത്തകളിൽ ഇന്ന് മലയാളികൾ ഏറെ ശ്രദ്ധിച്ച ഇന്ത്യൻ‌ നഗരമായിരുന്നു മുംബൈ. മഹാനരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരുൾപ്പെടെ 53 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളാണ് മുംബൈയെ ഇന്ന് തലക്കെട്ടിൽ നിറച്ചത്. ഈ 53 പേരിൽ നാൽപത് പേർ മലയാളികളാണെന്നതും കേരളത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന കണക്കാണ്. മലയാളി നഴ്സുമാർക്കിടയിൽ രോഗ ബാധയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ കടുത്ത ആശങ്കയിലാണ് നാട്ടിലുള്ള ഇവരുടെ കുടുംബങ്ങളും. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേഗത്തിൽ തന്നെ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

മലയാളികളുടെ കുടിയേറ്റ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള സ്ഥലങ്ങളിൾ ഒന്നാണ് മുംബൈ. ജോലി തേടുന്ന മലയാളി യുവാക്കൾ ആദ്യം തിരഞ്ഞെടുത്തിരുന്ന സ്ഥലങ്ങൾ ഒന്നായിരുന്നു ഈ നഗരം. ഇവിടെ നിന്നായിരുന്നു പലരും തങ്ങളുടെ പ്രവാസ സ്വപ്നങ്ങൾക്ക് ചിറക് മുളയ്പ്പിക്കുന്നത്. കാലം ഏറെ പിന്നിട്ടു, മുംബൈ ഇന്നും മലയാളികളുടെ ഒരു കുടിയേറ്റ കേന്ദ്രമാണ്. അൽപം മാറിയെന്ന് മാത്രം. വിദ്യാസമ്പന്നരായ യുവാക്കളാണ് ഇപ്പോൾ ഈ നഗരത്തെ തിരഞ്ഞെടുക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തന്നെയാണ് ഈ കുടിയേറ്റത്തിന് പിന്നിൽ. ആരോഗ്യ മേഖയിലെ ജോലിയാണ് ഇപ്പോൾ ഈ പട്ടികയിൽ പ്രധാന സ്ഥാനങ്ങളിൽ ഒന്ന്. മുംബൈ നഗരത്തിൽ മാത്രം 20,000മുതൽ 30,000 വരെ മലയാളികൾ ചുരുങ്ങിയത് ഈ രംഗത്ത് ജോലിനോക്കുന്നുണ്ടെന്നാണ് നഴ്സുമാരുടെ കൂട്ടായ്മയായ യുനെറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ നൽകുന്ന വിവരം.

ഈ കണക്കുകളും, ഇന്ന് പുറത്ത് വന്ന ആരോഗ്യപ്രവർത്തകരിലെ കോവിഡ് 19 ബാധയും മലയാളികളിൽ ആശങ്ക ഉണ്ടാക്കുക തന്നെ ചെയ്യും. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയായ വോക്കാഡെയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ഉൾപ്പെടെ അൻപതിൽ അധികം പേർക്കാണ് രോഗം ബാധിച്ചത്. ഒരു ആശുപത്രിയിലെ കണക്കാണിത്. പരിശോധനാ ഫലം ഇനിയും വരാനുണ്ട്. എന്നാൽ ഇത്രയധികം പേരിലേക്ക് രോഗം പടരാൻ ഇടയാക്കിയത് ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ കൂടെ ഫലമാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഉന്നയിക്കുന്ന ആരോപണം.

നേരത്തെ കോവിഡ് രോഗികളെ പരിചരിക്കുകയും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത ആശുപത്രിയിൽ രണ്ട് ആരോഗ്യ പ്രവർത്തകരിൽ തുടങ്ങിയ രോഗബാധ ഇപ്പോൾ അൻപത് പേർ പിന്നിട്ട് നിൽക്കുന്നത് ഈ അനാസ്ഥയുടെ തെളിവാണെന്ന് യുഎൻഎ മഹാരാഷ്ട്ര ചാപ്റ്ററിന്റെ ചുമതലയുള്ള ജിബിൻ ആരോപിച്ചു. വോക്കാഡെയിലെ (Wockhardt Hospital) സാഹചര്യത്തെ കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജിബിന്‍ മുംബെയിലെ സ്ഥിതിഗതികളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'ഇപ്പോൾ വാർത്ത പുറത്ത് വന്ന ആശുപത്രിയിൽ മാത്രം നാൽപതിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ മറ്റ് ആശുപത്രികളിലെ വിവരങ്ങൾ ലഭിച്ച് വരുന്നതെയുള്ളൂ. നിലവിൽ കോവിഡ് പോസിറ്റീവായ കുട്ടികളുടെ മെഡിക്കൽ റിപ്പോർട്ട് ഇതുവരെ അവർക്ക് ലഭ്യമാക്കിയിട്ടില്ല.രോഗബാധിതരുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കാനുള്ള ശ്രമമാണ്. നെഗറ്റീവായ ആളുകളുടെ റിപ്പോർട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെയാണ് ഇപ്പോഴും അവിടെ ജോലി ചെയ്യുന്നവരുടെ അവസ്ഥ. ക്വാറന്റെയ്ൻ ചെയ്ത ആളുകളുടെയും ആശുപത്രിയിലുള്ള മറ്റ് രോഗികളെയും പരിചരിക്കുന്നത് ഈ ബാക്കിവരുന്നവരാണ്. കുറഞ്ഞ ആൾബലം മാത്രമുള്ളതിനാൽ ഇത്തരം അടിയന്തിര സാഹചര്യങ്ങളിലും അധിക സമയം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥായാണുള്ളത്.

വോക്കാഡെയിൽ‌ നിലവിൽ ഇരുനൂറിലധികം നഴ്സിങ്ങ് സ്റ്റാഫുകൾ തന്നെയുണ്ട്. ഇതിൽ തൊണ്ണൂറ് ശതമാനവും മലയാളികളാണ്. ഇപ്പോൾ നാൽ‌പത് പേരെയാണ് രോഗ ബാധിതരെന്ന കണ്ടത്തിയിട്ടുള്ളത്. അത് വർദ്ധിക്കില്ലെന്ന് പറയാൻ കഴിയില്ല. കാരണം ഇന്നലെയുൾപ്പെടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ടെസ്റ്റ് റിസൽട്ടുകൾ ഇനിയും വരാനുണ്ട്.

നിലവിൽ‌, ആശുപത്രിയിലുള്ള മറ്റ് രോഗികളെ പൂർണമായും മാറ്റിയിട്ടില്ലെന്നാണ് അറിയാൻ കഴി‍ഞ്ഞത്. എന്നാൽ പുതിയതായി ആരെയും അവിടെ ചികിൽസയ്ക്ക് പ്രവേശിപ്പിക്കുന്നില്ല. അത്തരം നടപടികൾ മുംബൈ മുൻസിപ്പൽ കോർ‌പ്പറേഷൻ സ്വീകരിച്ചിട്ടുണ്ട്'.

നേരത്തെ കോവിഡ് ബാധിച്ച് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യ്ത ആശുപത്രി ജീവനക്കാരുടെ കാര്യത്തിൽ മതിയായ മുൻകരുതൽ സ്വീകരിച്ചിച്ചെന്നും യുഎൻഎ ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് 28 ന് രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ രോഗികളെ പരിചരിച്ചിരുന്നവരാണ് ഇവർ. രോഗബാധ സംശയിച്ചിട്ടും രണ്ട് നഴ്സുമാരെ നേരത്തെ തന്നെ ക്വാറന്റെയ്ൻ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ വീഴ്ച വന്നിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

'ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഭാഗത്ത് ഗുരുതരമായ വിഴ്ച ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. കേരളത്തില്‍ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ചികിൽസാ നടപടികളാണ് പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിടങ്ങളിൽ ഡോക്ടർമാർ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ വ്യാപകമായി പിടിപെടാതിരിക്കുന്നതും.

എന്നാൽ, വോക്കാഡെയിൽ സ്ഥിതി മറ്റൊന്നായിരുന്നു എന്ന് വേണം കരുതാൻ. രണ്ട് പേരിൽ തുടങ്ങിയ രോഗബാധയാണ് ഇപ്പോൾ നാൽപത് പേരിൽ എത്തി നിൽക്കുന്നത്. അവിടെ രോഗബാധ സംശയിച്ചവരെ ക്വാറന്റെയ്ൻ നടത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടും ഞങ്ങൾ എല്ലാ മുൻകരുതലും എടുത്തിരുന്നു എന്ന് തന്നെയാണ് മാനേജ്മെന്റ് പറയുന്നത്. അവർ എന്ത് വാദങ്ങൾ ഉയർത്തിയാലും നാൽപത് നഴ്സുമാർക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് പറയേണ്ടതിന്റെ ഉത്തരവാദിത്വം മാനേജ്മെന്റിന് തന്നെയാണ്.'

നിലവിലെ അവസ്ഥയിൽ കേരളത്തിൽ നിന്നുള്ള അധികൃതരുടെ ഇടപെടൽ വേണമെന്ന ആവശ്യവും യുഎൻഎ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറയുന്നു. സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടത്തി വരികയാണ്. റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം മതിയായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുഎൻഎ പ്രതിനിധി പറയുന്നു.

'മഹാരാഷ്ട്ര മന്ത്രിസഭയിലെ മുംബൈയുടെ ചുമതലയുള്ള അസ്‌ലം ഷെയ്ഖുമായി ഇക്കാര്യം സംസാരിച്ചിരുന്നു. കെ സി വേണുഗോപാലിന്റെ ഇടപെടലാണ് ഇതിന് വഴിയൊരിക്കിയത്. മതിയായ സഹായം അസ്‌ലം ഷെയ്ഖ് വാഗ്ദാനം ചെയ്തിട്ടുണ്ട്.' ഇപ്പോൾ രോഗ ബാധിതരായവരെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും യുഎൻഎ പ്രതിനിധി വ്യക്തമാക്കുന്നു.

മുംബൈയിലെ നഴ്‌സുമാരുടെ പരിചരണവും സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയെ ഫോണില്‍ വിളിച്ചാണ് ആവശ്യമുന്നയിച്ചത്. മലയാളി നേഴ്‌സുമാര്‍ക്കിടയില്‍ കോവിഡ് -19 പടരുന്ന സാഹര്യത്തില്‍ അവരുടെ പരിചരണവും, സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസും അറിയിച്ചു.

അതേസമയം, രോഗം സ്ഥിരീകരിച്ച ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസം രൂക്ഷമായതോടെയാണ് ഇവരെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ നഴ്സുമാർക്ക് കൂട്ടത്തോടെ രോഗ ബാധിതരായ ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖലയായി പ്രഖ്യാപിച്ചതോടെ ഹോസ്പിറ്റലിലെ കാന്റീൻ ഉൾപ്പെടെ അത്യാവശ്യ സേവനങ്ങൾ മാത്രമാണ് പ്രവർത്തിച്ച് വരുന്നതെന്നാണ് വിവരം. ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവർക്കാവശ്യമായ സജ്ജീകരണങ്ങൾ ഇവിടെ തന്നെ ഒരുക്കാനാണ് മഹാരാഷ്ട്ര സർക്കാരും നൽകിയിട്ടുള്ള നിർദേശം. അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച രോഗ പ്രതിരോധ നടപടികളാണ് കേരള ഗവണ്‍മെന്‍റ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തി. "ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഇവരുമായി നേരിട്ട് ചര്‍ച്ച നടത്തിയത്." എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 100 ഓളം ആരോഗ്യ പ്രവര്‍ത്തകരുമായാണ് നേരിട്ട് മന്ത്രി സംവദിച്ചത്. കൂടാതെ ഇവരുടെ മാനസികോല്ലാസത്തിന് സിനിമ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും പങ്കെടുത്തു. അത്ഭുതത്തോടും ആദരവോടുമാണ് ആരോഗ്യ പ്രവര്‍ത്തകരെ കാണുന്നതെന്നും എല്ലാവരുടേയും നന്ദി അറിയിക്കുന്നതായും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു.


Next Story

Related Stories