പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നു. ത്രിപുരയില്‍ 48 മണിക്കൂര്‍ നേരത്തെയ്ക്ക് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. പൗരത്വ ബില്‍ ഇന്നലെ അര്‍ദ്ധരാത്രി ലോക്സഭ പാസാക്കിയ സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം. മാനു, കാഞ്ചന്‍പൂര്‍ മേഖലകളില്‍ ഗോത്രവര്‍ഗ, ഇതര വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഇത്തരം വാര്‍ത്തകളെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥയുണ്ടായിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ്, യൂടൂബ് തുടങ്ങിയവ വഴി വ്യാജ ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
വ്യാപക സംഘര്‍ഷങ്ങള്‍ക്കും കലാപത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എസ്എംഎസ്, മൊബൈല്‍ ഡാറ്റ സര്‍വീസുകള്‍ക്ക് 48 മണിക്കൂര്‍ നേരത്തേയ്ക്ക് നിരോധനമേര്പ്പെടുത്തുകയാണ് എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗോത്രവര്‍ഗ പാര്‍ട്ടികളും സംഘടനകളും ആഹ്വാനം ചെയ്ത ബന്ദ് ത്രിപുരയില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. സ്കൂളുകളും ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും മിക്കവാറും അടഞ്ഞുകിടക്കുകയാണ്.
അസം അടക്കമുള്ള മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘര്‍ഷം ഒരിടവേളയ്ക്ക് ശേഷം ശക്തമായിട്ടുണ്ട്. ഗുവാഹത്തിയില്‍ സെക്രട്ടേറിയറ്റിന് മുന്നിലും നിയമസഭയ്ക്ക് മുന്നിലും പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പലയിടങ്ങളിലും റെയില്‍ ഗതാഗതം പ്രതിഷേധക്കാര്‍ തടഞ്ഞു. ഗുവാഹത്തിയിലെ മാലിഗാവില് ഗവണ്മെന്റ് ബസിന് നേരെ കല്ലേറുണ്ടായി. സ്കൂട്ടറിന് തീ വച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.