പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അഞ്ച് നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി രക്ഷാസേന വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്.ഇന്ന് രാവിലെയാണ് സംഭവം. ഇന്ത്യയുടെ ഭാഗത്തേക്ക് ഖേംകാരന്‍ അതിര്‍ത്തിപ്രദേശത്തു കൂടി കടക്കാനുള്ള ശ്രമത്തിനിടയിലാണ് സൈന്യം ഇവരെ വെടിവെച്ചിട്ടത്. ബിഎസ്എഫ് പട്രോള്‍ ടീമാണ് നുഴഞ്ഞു കയറ്റക്കാരെ കണ്ടതും വെടിവെച്ചതും.
സൈനികര്‍ക്കു നേരെ നുഴഞ്ഞു കയറ്റക്കാര്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നതു. ഇതെത്തുടര്‍ന്നാണ് സൈനികര്‍ തിരിച്ച് വെടിവെച്ചത്. സംശയകരമായ നീക്കം കണ്ട് സൈനികര്‍ അടുത്തു ചെന്നതായിരുന്നു. നില്‍ക്കാനാവശ്യപ്പെട്ടപ്പോള്‍ വെടിയുതിര്‍ക്കുകയാണുണ്ടായത്.
കൂടുതല്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇവര്ക്കൊപ്പമുണ്ടോയെന്നത് വ്യക്തമല്ല. തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിക്കുന്നു.
വലിയ പുല്‍ച്ചെടികളുടെ മറവ് പറ്റിയാണ് ആയുധങ്ങളുമായി നുഴഞ്ഞുകയറ്റക്കാര്‍ കടന്നുവന്നത്. ഒരു എകെ 47നും രണ്ട് പിസ്റ്റളുകളും ഇവരുടെ കൈയില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയില്‍ പഞ്ചാബ് അതിര്‍ത്തിയില്‍ ഇത്രയധികം നുഴഞ്ഞുകയറ്റക്കാര്‍ ഒറ്റത്തവണ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 553 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് പാകിസ്താനുമായി പഞ്ചാബ് പങ്കിടുന്നത്.