Top

6-10 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ; ഭീകരര്‍ ദീപാവലിക്കാലത്ത് ആക്രമണ പദ്ധതികള്‍ രൂപപ്പെടുത്തുകയായിരുന്നെന്ന് ആരോപണം

6-10 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ; ഭീകരര്‍ ദീപാവലിക്കാലത്ത് ആക്രമണ പദ്ധതികള്‍ രൂപപ്പെടുത്തുകയായിരുന്നെന്ന് ആരോപണം

പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറിനും പത്തിനുമിടയ്ക്ക് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനരഹിതമായ വെടിവെപ്പാണ് പ്രത്യാക്രമണത്തിന് കാരണമായത്. ഈ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത ഇന്ത്യയുടെ നടപടിക്കു ശേഷം നിയന്ത്രണരേഖയിലുടനീളമുണ്ടായ അസ്വസ്ഥതകള്‍ക്കൊടുവിലാണ് ഇന്ത്യ കഴിഞ്ഞ ദിവസം ആക്രമണം സംഘടിപ്പിച്ചത്. പാക് അധീന കാശ്മീരിലെ ഭീകരവാദ ക്യാമ്പുകളാണ് ലക്ഷ്യം വെച്ചത്.

ഭീകരരുടെ മൂന്ന് ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടതായി ബിപിന്‍ റാവത്ത് പറഞ്ഞു. ദീപാവലി അടുത്തിരിക്കെ ഭീകരരുടെ ക്യാമ്പുകളില്‍ കൂടുതല്‍ നുഴഞ്ഞുകയറ്റ പദ്ധതികള്‍ രൂപം കൊള്ളുന്നതായി വിവരം ലഭിച്ചിരുന്നെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി.

അതെസമയം പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് പാക് ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആരോപിച്ചു. തങ്ങളുടെ ആക്രമണത്തില്‍ 9 ഇന്ത്യന്‍ പട്ടാളക്കൊര്‍ കൊല്ലപ്പെട്ടെന്നും നിരവധി ഇന്ത്യന്‍ ബങ്കറുകള്‍ നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചു.

തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആക്രമണം: കോണ്‍ഗ്രസ്

രാജ്യത്തെ തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അതിര്‍ത്തിയില്‍ മിന്നലാക്രമണം സംഘടിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസത്തെ ആക്രമണം മോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇതിനു കാരണം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


Next Story

Related Stories