TopTop
Begin typing your search above and press return to search.

24 മണിക്കൂറിനിടയില്‍ 6,088 പുതിയ കോവിഡ് കേസുകള്‍; അഞ്ച് ദിവസത്തിനിടെ വര്‍ധന കാല്‍ ലക്ഷത്തോളം

24 മണിക്കൂറിനിടയില്‍ 6,088 പുതിയ കോവിഡ് കേസുകള്‍; അഞ്ച് ദിവസത്തിനിടെ വര്‍ധന കാല്‍ ലക്ഷത്തോളം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 6,088 പുതിയ കോവിഡ് കേസുകള്‍. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കോവിഡ് നിരക്കാണിത്. 24 മണിക്കൂറിനിടയില്‍ മരിച്ചത് 148 കോവിഡ് രോഗികളാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.18 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 66,330 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ രോഗം ഭേദമാകുകയോ മരിക്കുകയോ ചെയ്തു. മൊത്തം മരണങ്ങള്‍ 3,583 ആണ്.

രോഗം ഭേദമായവരുടെ എണ്ണം 48,534 ആണ്. 40.97 ശതമാനം പേര്‍ക്ക് രോഗം ഭേദമായി.

കോവിഡ് ബാധയുടെ നിരക്കില്‍ വലിയ തോതിലുള്ള വര്‍ധനയാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ മാത്രം കാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതീവഗുരുതരമായ സ്ഥിതിയാണ് നിലവില്‌ വന്നിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാത്രി ഏഴ് മുതല്‍ രാവിലെ 7 വരെയുള്ള കര്‍ഫ്യൂ നിര്‍ണായകമാണെന്നും അതില്‍ ഇളവ് വരുത്തരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിമാന, ട്രെയിന്‍ സര്‍വീസുകളില്‍ ഇളവുകള്‍ വന്നു തുടങ്ങുന്നതോടെ രോഗവ്യാപനം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്. ഒഴിവാക്കാനാകാത്ത യാത്രകള്‍ മാത്രമേ പാടുള്ളൂ എന്ന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ഏറെക്കുറെ നിയന്ത്രണങ്ങള്‍ ഭേദിച്ച നിലയാണ്. ഗുജറാത്തിൽ 12,910 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 773 ആയി. അഹമ്മദാബാദ് നഗരത്തിലാണ് കോവിഡ് ഏറ്റവും ഗുരുതരമായ തോതില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഇവിടെ മാത്രം പതിനായിരത്തിനടുത്ത് കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അഞ്ഞൂറിലധികം പേര്‍ക്ക് രോഗം ബാധിച്ചുകഴിഞ്ഞു.

ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 11,659 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 70% കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. മഹാരാഷ്ട്രയില്‍ മാത്രം 41,642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 1454 ആണ്.


Next Story

Related Stories