TopTop

"വിമർശിച്ചയാളെ ഒതുക്കാന്‍ ഒരു ഭീരു സർക്കാരിനെ ഉപയോഗിക്കുന്നു; മാധ്യമങ്ങൾ നട്ടെല്ല് കാണിക്കണം": കുനാൽ കാമ്രയെ വിമാനക്കമ്പനികൾ വിലക്കിയ സംഭവത്തിൽ രാഹുൽ

"വിമർശിച്ചയാളെ ഒതുക്കാന്‍ ഒരു ഭീരു സർക്കാരിനെ ഉപയോഗിക്കുന്നു; മാധ്യമങ്ങൾ നട്ടെല്ല് കാണിക്കണം": കുനാൽ കാമ്രയെ വിമാനക്കമ്പനികൾ വിലക്കിയ സംഭവത്തിൽ രാഹുൽ

സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രക്ക് നാല് എയർലൈൻ കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിമർശകരെ ഒതുക്കാനായി 'ഒരു ഭീരു' സർക്കാരിലുള്ള തന്റെ സ്വാധീനം ഉപയോഗിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഇൻഡിഗോ എയർലൈന്‍സിൽ യാത്ര ചെയ്യുകയായിരുന്ന റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമിയെ കുനാൽ പരിഹസിച്ചു വിട്ടിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. അർണാബും അദ്ദേഹത്തിന്റെ മാധ്യമത്തിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്ന അതേ രീതിയിലുള്ള ഒരു മറുപടിയായി കുനാലിന്റേതെന്ന് ശശി തരൂർ എംപി അടക്കമുള്ളവർ പ്രതികരിക്കുകയുണ്ടായി.

ഇരുപത്തിനാല് മണിക്കൂറും കുപ്രചാരണങ്ങൾക്കായി തങ്ങളുടെ മാധ്യമങ്ങളെ ഉപയോഗിക്കുന്നവർ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാനുള്ള നട്ടെല്ല് കാണിക്കണമെന്നും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു.

യാത്രാവിലക്ക് അന്യായമെന്ന് വിദഗ്ധർ

ഇൻഡിഗോ എയർലൈൻസാണ് കുനാലിന് ആദ്യമായി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇൻഡിഗോ വിമാനത്തിലായിരുന്നു പ്രശ്നത്തിനിടയാക്കിയ സംഭവം. തങ്ങളുമായി ബന്ധമില്ലാത്ത വിഷയമായിട്ടും കുനാലിന് വിലക്കേർപ്പെടുത്താൻ എയർഇന്ത്യ, സ്പൈസ്ജെറ്റ്, ഗോഎയർ എന്നീ കമ്പനികളും തയ്യാറായി. ഇതെല്ലാം അർണാബ് സർക്കാരിലുള്ള തന്റെ ദുസ്വാധീനം ഉപയോഗിക്കുന്നതാണെന്നാണ് രാഹുൽ ഗാന്ധി സൂചിപ്പിച്ചിരിക്കുന്നത്.

മറ്റെല്ലാവരും ആറുമാസത്തെ വിലക്ക് എർപ്പെടുത്തിയപ്പോൾ എയർഇന്ത്യ അനിശ്ചിതകാല വിലക്കാണ് ഏർപ്പെടുത്തിയത്.

അതെസമയം ഒരാളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അച്ചടക്കമില്ലാത്ത യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നതിന് വ്യവസ്ഥാപിതമായ ചട്ടങ്ങൾ നിലവിലുണ്ട്. ഈ ചട്ടങ്ങളിലൊന്നും പറഞ്ഞിട്ടില്ലാത്ത തരം ശിക്ഷാനടപടികളാണ് കുനാലിനെതിരെ എടുത്തിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഡയറക്ടർ അരുൺ കുമാർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തരത്തിലുള്ള അച്ചടക്കരാഹിത്യം വിമാനത്തിലെ ഏതെങ്കിലും യാത്രികൻ കാണിച്ചാൽ അയാള്‍ക്ക് മുപ്പത് ദിവസത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയാണ് വേണ്ടത്. ശേഷം ഒരു റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു ആഭ്യന്തര അന്വേഷണവും നടത്തണം. വാക്കുതർക്കത്തിൽ ഒതുങ്ങി നിൽക്കുന്ന അച്ചടക്കമില്ലായ്മയ്ക്ക് മൂന്നു മാസത്തിലധികം യാത്രാ വിലക്കേർപ്പെടുത്താൻ കമ്പനികൾക്ക് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വെച്ച് രൂക്ഷമായി പരിഹസിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു കുനാൽ കാമ്ര. മുംബൈയിൽ നിന്നും ലഖ്നൗവിലേക്കുള്ള യാത്രക്കിടയിലാണ് കുനാൽ ചോദ്യങ്ങളുമായി അർണാബ് ഗോസ്വാമിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളാണ് കുനാൽ ഉന്നയിച്ചത്. എന്നാൽ തന്റെ ചോദ്യം കേൾക്കാത്ത പോലെ ഫോൺ ചെയ്യുന്നതായി അർണാബ് അഭിനയിച്ചെന്ന് കുനാൽ പറയുന്നു. ഈ സന്ദർഭത്തിൽ സീറ്റ്ബെൽറ്റ് സൈൻ ഓഫായിരുന്നെന്നും കുനാൽ വ്യക്തമാക്കി. താൻ അർണാബിന്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നപ്പോൾ തനിക്ക് മനോനില തകരാറിലാണെന്ന് ആരോപിക്കുകയായിരുന്നു അദ്ദേഹമെന്നും കുനാൽ പറയുന്നു. താൻ പിന്നെയും അദ്ദേഹത്തെ സമീപിക്കുകയും ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു.

താൻ തെറ്റൊന്നും ചെയ്തില്ലെന്നും, റിപ്പബ്ലിക് ടിവിയുടെ മാധ്യമപ്രവർത്തകർ എങ്ങനെയാണോ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആക്രമിച്ചു കയറുന്നത്, അതുപോലെ താനും ചെയ്തു നോക്കി എന്നേയുള്ളൂ എന്നും കുനാൽ വിശദീകരിക്കുകയുണ്ടായി. "അർണാബ്, നിങ്ങളൊരു ജേണലിസ്റ്റാണോ അതോ ഒരു ഭീരുവാണോ അതോ, ഒരു ദേശീയവാദിയാണോ" എന്നു തുടങ്ങുന്ന ചോദ്യങ്ങളോടെയാണ് കുനാൽ ശല്യം ചെയ്യാൻ തുടങ്ങിയത്. റിപ്പബ്ലിക് ടിവിയുടെ വാർത്താവതരണ ശൈലിയും റിപ്പോർട്ടിങ് ശൈലിയുമെല്ലാം അനുകരിച്ചുള്ള സമീപനമായിരുന്നു ഇത്. ഈ ചോദ്യങ്ങൾ കേൾക്കാതിരിക്കാൻ അർണാബിന് ചെവിയിൽ ഇയർഫോണ്‍ തിരുകി വെക്കേണ്ടതായി വന്നു.


Next Story

Related Stories