TopTop
Begin typing your search above and press return to search.

രാഷ്ട്രീയക്കാരന് എന്തും പറയാം, മന്ത്രിയാണെങ്കില്‍ പഠിച്ചിട്ടു പറയണം; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി ഡോ. മുഹമ്മദ് അഷീല്‍

രാഷ്ട്രീയക്കാരന് എന്തും പറയാം, മന്ത്രിയാണെങ്കില്‍ പഠിച്ചിട്ടു പറയണം; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി ഡോ. മുഹമ്മദ് അഷീല്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് മറുപടിയുമായി കേരള സാമുഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. ഹര്‍ഷവര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം. പക്ഷേ, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കില്‍, അത് കൃത്യമായി പഠിച്ചിട്ടുവേണം പറയാന്‍. അദ്ദേഹം പറഞ്ഞത് മുഴുവന്‍ തെറ്റാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഐസിഎംആറിലെ നിങ്ങളുടെ ശാസ്ത്രജ്ഞരോട് ചോദിക്കുക. ഒരു മഹാമാരിയെ നേരിടുമ്പോള്‍ വില കുറഞ്ഞ രാഷ്ട്രീയം മാറ്റിവെക്കുക-എന്നായിരുന്നു ഫേസ്ബുക്കില്‍ അഷീല്‍ നല്‍കിയ മറുപടി.

നേരത്തെ, സണ്‍ഡേ സംവാദ് എന്ന സമൂഹമാധ്യമ പരിപാടിയിലാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ഹര്‍ഷ വര്‍ധന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്. ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ രോഗനിയന്ത്രണം സാധ്യമാക്കിയ കേരളത്തിന്റെ പ്രതിരോധ നടപടികളില്‍ വീഴ്ചയുണ്ടായി. കേരളത്തില്‍ ഓണക്കാലത്ത് വലിയ അശ്രദ്ധയുണ്ടായി. ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി. മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ല. അത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചു. ജനുവരി 30നും മെയ് മൂന്നിനുമിടയില്‍ 499 കോവിഡ് കേസുകളും രണ്ട് മരണവുമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഏതാനും ജില്ലകളില്‍ മാത്രമായിരുന്നു കോവിഡ് ഭീഷണി നിലനിന്നിരുന്നത്. സംസ്ഥാനത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകള്‍ പുനരാരംഭിച്ചതും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കടുത്ത അശ്രദ്ധയുടെ വിലയാണ് സംസ്ഥാനം നല്‍കുന്നത്. ഓരോ സംസ്ഥാനവും കേരളത്തിന്റെ അവസ്ഥയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നമായിരുന്നു ഹര്‍ഷവര്‍ധന്റെ വാക്കുകള്‍.

അതേസമയം, കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തരുടെ നിരക്ക് വര്‍ധിക്കുന്നതും മരണനിരക്ക് താഴ്ന്നുനില്‍ക്കുന്നതും കേരളത്തിന് ആശ്വാസമാണെന്നാണ് സര്‍ക്കാര്‍ വാദം.


Next Story

Related Stories