TopTop
Begin typing your search above and press return to search.

സുധ ഭരദ്വാജിനെയും ഷോമ സെന്നിനെയും പാര്‍പ്പിച്ച ബൈക്കുള ജയിലില്‍ തടവുകാരിക്ക് കോവിഡ്, രോഗ ഭീഷണിയില്‍ ജയിലിലെ 26 കുഞ്ഞുങ്ങള്‍

സുധ ഭരദ്വാജിനെയും ഷോമ സെന്നിനെയും പാര്‍പ്പിച്ച ബൈക്കുള ജയിലില്‍ തടവുകാരിക്ക് കോവിഡ്, രോഗ ഭീഷണിയില്‍ ജയിലിലെ 26 കുഞ്ഞുങ്ങള്‍

കോവിഡ്-19 വ്യാപനത്തില്‍ നിന്നും തടവറകളെ സംരക്ഷിക്കുന്നതിനായി അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന മഹാരാഷ്ട്ര ആഭ്യന്തര, ജയില്‍ മന്ത്രാലയത്തിന്റെ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായ സംസ്ഥാനത്തെ തടവറകളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മുംബെയിലെ ആര്‍തര്‍ റോഡിലുള്ള സെന്റട്രല്‍ ജയിലിലെ 77 തടവുകാരും 26 ജയില്‍ ജീവനക്കാരും ഉള്‍പ്പെടെ 103 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷം ബൈക്കുള വനിത ജയിലിലെ ഒരു തടവുകാരിയും ഒരു ഡോക്ടറും വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തി.54 വയസുള്ള തടവുകാരിയെ രണ്ട് തവണയാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്. അവരുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും വീണ്ടുമുള്ള പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കടുത്ത ശ്വാസോച്ഛാസ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. 'ഇപ്പോള്‍ അവരെ സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്,' എന്ന് ബൈക്കൂള ജയിലിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുപോലെ തന്നെ, കഴിഞ്ഞ 20 ദിവസത്തില്‍ ഏറെയായി ജോലിയ്ക്ക് ഹാജരായിട്ടില്ല എന്ന് ജയില്‍ അധികൃതര്‍ പറയുന്ന ഒരു മെഡിക്കല്‍ ഓഫീസറുടെ ഫലവും പോസിറ്റീവാണ്.മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം, അതിന്റെ യഥാര്‍ത്ഥ ശേഷിയായ 200 തടവുകാരെ അപേക്ഷിച്ച് 352 പേരാണ് ഉണ്ടായിരുന്നത്. അതായത് ആവാസ ശേഷി നിരക്കിനെക്കാള്‍ 176 ശതമാനം അധികം. സ്ത്രീ തടവുകാരെ പാര്‍പ്പിക്കുന്നതിന് വേണ്ടി മാത്രമായുള്ള പ്രത്യേക തടവറയായാണ് അത് പരിഗണിക്കപ്പെടുന്നതെങ്കിലും ജയില്‍ വളപ്പിനകത്ത് തന്നെയുള്ള ഒരു വാര്‍ഡില്‍ നിസാര കുറ്റങ്ങള്‍ ചുമത്തപ്പെട്ട പുരുഷ തടവുകാരെയും പാര്‍പ്പിക്കുന്നുണ്ട്.രാജ്യത്തെമ്പാടുമുള്ള ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ബൈക്കുള ജയിലില്‍ നിന്നും 147 തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്ന് മുംബെ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡിഎല്‍എസ്എ) മെമ്പര്‍ സെക്രട്ടറി യതീന്‍ ഗെയ്ം വ്യക്തമാക്കി.ബൈക്കുള ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും വിരമിച്ച പ്രൊഫസര്‍ ഷോമ സെന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. എന്‍ഐഎ അന്വേഷിക്കുന്ന എല്‍ഗാര്‍ പരിഷത്ത് കേസില്‍ പങ്ക് ആരോപിക്കപ്പെട്ട് കര്‍ക്കശമായ യുഎപിഎ പ്രകാരമാണ് ഈ രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.ഇതുവരെ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍, ബൈക്കുള വനിത ജയില്‍, സതാര ജില്ല ജയില്‍ എന്നീ മൂന്ന് ജയിലുകളില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലിലുള്ള കുട്ടികള്‍ ജയിലില്‍ തങ്ങളുടെ അമ്മമാരോടൊപ്പം പര്‍പ്പിച്ചിരിക്കുന്ന 0-6 വയസുവരെ പ്രായമുള്ള 26 കുട്ടികളുടെ കാര്യമാണ് ഇപ്പോള്‍ ഏറ്റവും ആശങ്ക ഉണര്‍ത്തുന്നത്. അടച്ചുപൂട്ടല്‍ ആരംഭിച്ചതിന് ശേഷം ഇവരെ അവരുടെ അമ്മമാരോടൊപ്പം പ്രത്യക വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ അവകാശപ്പെടുന്നത്.സ്ത്രീകളുടെ തടവറകളിലെ കുട്ടികളെ സംബന്ധിച്ച് ചില അടിസ്ഥാന പ്രമാണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ടി 2006ലെ ആര്‍ഡി ഉപാദ്ധ്യായയും ആന്ധ്രാപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കുട്ടികള്‍ വളരേണ്ട സ്ഥലമല്ല ജയിലുകളെങ്കിലും അവരുടെ കുറ്റം കൊണ്ടാല്ലാതെ ജയിലില്‍ താമസിക്കേണ്ട സാഹചര്യം അവര്‍ക്ക് ഉണ്ടാകാറുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വളര്‍ന്നു വരുന്ന പ്രായത്തില്‍, പ്രത്യേകിച്ചും അവരുടെ ഉറ്റ ബന്ധുകള്‍ അവരെ സംരക്ഷിക്കാന്‍ തയ്യാറാകാതിരിക്കുകയോ അല്ലെങ്കില്‍ ലഭ്യമാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍, കുട്ടികളെ അവരുടെ അമ്മമാരില്‍ നിന്നും അകറ്റരുതെന്ന കാരണം ന്യായയുക്തമാണെങ്കിലും കുട്ടിക്ക് ആറുവയസാകുന്നത് വരെ മാത്രമേ അവരെ സ്ത്രീകളോടൊപ്പം താമസിക്കാന്‍ അനുവദിക്കാവൂ എന്നും അത് കഴിഞ്ഞാല്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. എന്നാല്‍, കുട്ടികളുടെ മൗലീക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നും അവകാശങ്ങള്‍ എന്ന നിലയില്‍ അവര്‍ക്ക് ഭക്ഷണം, അഭയം, ആരോഗ്യ ശിശ്രൂഷ, വസ്ത്രം, വിദ്യാഭ്യാസം, വിനോദ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്നുണ്ട് എന്നും അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നത് ഇപ്പോള്‍ ആശങ്കയ്ക്ക് വക നല്‍കുന്നതാണെന്ന് മുംബെ നഗരത്തിലെ ശിശുക്ഷേമ സമിതി (സിഡബ്ലിയുസി) അദ്ധ്യക്ഷന്‍ വിജയ് ഡോപോഡെ ചൂണ്ടിക്കാണിക്കുന്നു. 'ഒരു സാഹചര്യത്തിലും കുട്ടികളെ അരക്ഷിത സാഹചര്യങ്ങളില്‍ പാര്‍പ്പിക്കാനാവില്ല. കുട്ടികളെയും അവരുടെ അമ്മമാരെയും മാറ്റി പാര്‍പ്പിക്കാനുള്ള പ്രത്യേക നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളേണ്ടിയിരിക്കുന്നു,' എന്ന് ഡോപോഡെ പറയുന്നു.അടച്ചുപൂട്ടല്‍ നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്തെ തടവറകളില്‍ പുതിയ തടവുകാരെ പ്രവേശിപ്പിക്കുന്നത് നിറുത്തലാക്കി. എന്നിട്ടും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതേ ഉള്ളൂ. ബൈക്കുള കൂടാതെ, കല്യാണ്‍ ജില്ല ജയിലില്‍ 16 കുട്ടികളെയാണ് അവരുടെ അമ്മമാരോടൊപ്പം പാര്‍പ്പിച്ചിരിക്കുന്നത്. മൊത്തത്തില്‍, സംസ്ഥാനത്തെമ്പാടുമുള്ള തടവറകളില്‍ 100 കുട്ടികളെങ്കിലും പാര്‍ക്കുന്നുണ്ട്.ഇന്ത്യയില്‍ വനിത ജയിലുകളുടെ അവസ്ഥ സംസ്ഥാനത്ത് മൊത്തത്തില്‍ 60 ജയിലുകളാണുള്ളതെങ്കിലും അതില്‍ ഒരെണ്ണം മാത്രമാണ് സ്ത്രീ തടവുകാരെ പാര്‍പ്പിക്കുന്നതിന് പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നത്. മൊത്തത്തില്‍, 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 5,593 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള 24 വനിത ജയിലുകളാണ് നിലവിലുള്ളത്. വനിതകള്‍ക്കായുള്ള പ്രത്യേക ജയിലുകള്‍ ദുര്‍ലഭമായതിനാല്‍, പുരുഷ തടവുകാര്‍ക്കുള്ള ജയിലുകളിലെ ഇടുങ്ങിയ സ്ഥലങ്ങളിലാണ് വനിത തടവുകാരെ കൂടുതലായും പാര്‍പ്പിച്ചിരിക്കുന്നത്. പുരുഷ തടവുകാരെ കേന്ദ്രീകരിച്ചാണ് ജയില്‍ വ്യവസ്ഥയ്ക്ക് തന്നെ രൂപം നല്‍കിയിരിക്കുന്നത്. പരിമിത സൗകര്യങ്ങള്‍ പോലും അവര്‍ക്ക് ഉതകുന്ന തരത്തിലുള്ളതാണ്. വനിത തടവുകാരുടെ പരിമിതമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കപ്പെടാതിരിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.മാര്‍ച്ച് 16ലെ പരമോന്നത കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതി ഇതുവരെ മാര്‍ച്ചില്‍ രണ്ട് തവണയും ഏപ്രിലില്‍ രണ്ട് തവണയുമായി അങ്ങനെ മൊത്തത്തില്‍ നാല് തവണ യോഗം ചേര്‍ന്നിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് എഎ സയിദ് തലവനായുള്ള സമിതി ഇനി മേയ് 11ന് യോഗം ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത യോഗത്തില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളില്‍ ഒന്ന് സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചുള്ളതായിരിക്കുമെന്ന് ഡിഎല്‍എസ്എ മെമ്പര്‍ സെക്രട്ടറി യതിന്‍ ഗെയ്ം പറയുന്നു.'കൂടുതല്‍ സ്ത്രീകളെ, പ്രത്യേകിച്ചും കുട്ടികളോടൊപ്പം താമസിക്കുന്നവരെ മോചിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,' എന്ന് അദ്ദേഹം പറഞ്ഞു.ഒരു കുറ്റകൃത്യത്തില്‍ പുരുഷ കൂട്ടുപ്രതികള്‍ക്ക് സഹായങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ അവരെ ഒളിപ്പിച്ചതിനോ ആണ് ഭൂരിപക്ഷം സ്ത്രീകള്‍ക്കും എതിരായി കേസുകള്‍ നിലനില്‍ക്കുന്നത്. 'മറ്റേതെങ്കിലും ജയിലില്‍ തടവില്‍ കഴിയുന്ന കുടുംബത്തില്‍ പുരുഷ അംഗങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഈ സ്ത്രീകളില്‍ അധികവും. മാത്രമല്ല, മുംബെയിലെ ജയിലില്‍ തടവിലുള്ള സ്ത്രീകളില്‍ അധികവും മറ്റ് ജില്ലകലില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയോ ഉള്ളവരാണ്. ഇപ്പോള്‍ ഇതൊരു പ്രായോഗിക പ്രശ്‌നമായി മാറിയിട്ടുണ്ട്.'സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി അടിയന്തിര ജാമ്യം അല്ലെങ്കില്‍ പരോള്‍ നല്‍കി 11,000 തടവുകാരെയെങ്കിലും മോചിപ്പിക്കുമെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടത്. ഇതില്‍ 1,300 പേരെ മുംബെയിലുള്ള ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍, ബൈക്കുള വനിത ജയില്‍, താനെ സെന്‍ട്രല്‍ ജയില്‍, താല്‍ജോ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്നും മോചിപ്പിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ മോചിപ്പിക്കണോ എന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. മഹാരാഷ്ട്രയില്‍ മൊത്തത്തില്‍ 24,032 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള 60 തടവറകളാണുള്ളത്. മാര്‍ച്ച് അവസാനം വരെ, സംസ്ഥാനത്തെമ്പാടുമുള്ള ജയിലുകളിലായി, 36,000 ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ ഏറ്റവും നിബിഢമായത് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലാണ്. 804 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള അവിടെ 2,800 ഓളം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.തന്റെ തടവറിയില്‍ വര്‍ദ്ധിച്ചുവരുന്ന തടവുകാരുടെ എണ്ണത്തെ കുറിച്ച് ആര്‍തര്‍ റോഡ് ജയില്‍ സൂപ്രണ്ട് എന്‍ ബി വൈചാല്‍ മാര്‍ച്ച് 23ന് ആശങ്ക പ്രകടിപ്പിച്ചു. 800 പേരെ താമസിപ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 3,700 ലേറെ ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഈ ഭാരം കൈകാര്യം ചെയ്യാന്‍ പ്രത്യേകിച്ചും ആഗോള മഹാമാരിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചു. നിസാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അടിയന്തിര ജാമ്യം നല്‍കുന്നതിനും കടുത്ത കുറ്റം ചെയ്തവര്‍ക്ക് 'താല്‍ക്കാലിക ജാമ്യം' അനുവദിക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ കത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. പകരം, ചില തടവുകാരെ താലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുക മാത്രം ചെയ്തു.

ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് മാര്‍ച്ചില്‍ എഴുതിയ കത്ത്.അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി വയര്‍.ഇന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പരിഭാഷ. ഐ പി എസ് എം എഫിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്.


Next Story

Related Stories