കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് 'ടൂള്‍ കിറ്റ്' തയാറാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള് ജാമ്യമാണ് വ്യവസ്ഥ. ഫെബ്രുവരി 13ന് ബംഗളൂരൂവില്‍ നിന്നാണ് ദിശയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ദിശയെ തിങ്കളാഴ്ച ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നാലെ, വിശദമായി ചോദ്യം ചെയ്യാന്‍ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് പങ്കജ് ശര്‍മ അനുവദിച്ചില്ല. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ദിശയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്പന ചെയ്തതിനായിരുന്നു അറസ്റ്റ്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന് എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളാണ് ദിശ.