TopTop
Begin typing your search above and press return to search.

മൊബൈൽ ആപ്പുകൾക്ക് പിന്നാലെ ചൈനയിൽ നിന്നുള്ള ടിവികളും നിരോധിക്കാൻ ഇന്ത്യ? ഇറക്കുമതിക്ക് നിയന്ത്രണം

മൊബൈൽ ആപ്പുകൾക്ക് പിന്നാലെ ചൈനയിൽ നിന്നുള്ള ടിവികളും നിരോധിക്കാൻ ഇന്ത്യ? ഇറക്കുമതിക്ക് നിയന്ത്രണം

ചൈനയിൽ നിന്നുള്ള ഇറക്കുമതി തടയാൻ ലക്ഷ്യമിട്ട് ടിവി ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഭ്യന്തര ടെലിവിഷൻ ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കാനാണ് നടപടി എന്നാണ് വിശദീകരണം. ലഡാക്കിലെ ഗാൽവാൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് ഇന്ത്യ നിരോധനമേർപ്പെടുത്തിയിരുന്നു. പിന്നീട് കൂടുതൽ ആപ്പുകൾ നിരോധിച്ചു. റെയിൽവേയിലും ദേശീയപാതാ വികസനത്തിലുമടക്കം ചൈനീസ് കമ്പനികളുമായുള്ള കരാറുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ടെണ്ടർ നടപടികളിൽ പങ്കാളികളാകുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയിരുന്നു. ചൈനയിൽ നിന്ന് ടെലികോം സാമഗ്രികൾ വാങ്ങുന്നത് ടെലികോം വകുപ്പ് നിരോധിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നടപടി.

കളർ ടിവി ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽ നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ഡിജിഎഫ്ടി (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്) വിജ്ഞാപനം പുറത്തിറക്കി. ഇനി കളർ ടി വി ഇറക്കുമതിക്ക് സർക്കാരിൽ നിന്ന് ഇംപോർട്ട് ലൈസൻസ് വാങ്ങണം. ഇന്ത്യയിലേയ്ക്കുള്ള ടിവി ഇറക്കുമതിയിൽ 36 ശതമാനവും ചൈനയിൽ നിന്നും തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടിട്ടുള്ളൊരു രാജ്യം വഴിയാണ് ചൈനീസ് ടി വി സെറ്റുകൾ നിയമവിരുദ്ധമായി രാജ്യത്തെത്തിയിരുന്നതെന്നും പുതിയ തീരുമാനത്തോടെ ഇത് അവസാനിപ്പിച്ചിരിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ചൈനയെ കൂടാതെ ലോകത്ത് ടിവി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, ഇൻഡോനേഷ്യ, തായ്ലാൻഡ്, ജർമ്മനി എന്നിവയാണ്. ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള സ്വതന്ത്രവ്യാപാര കരാർ ദുരുപയോഗം ചെയ്ത് ചൈന അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ പലതിനും ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തുന്നില്ല. പല ഉൽപ്പന്നങ്ങൾക്കും കുറഞ്ഞ തീരുവയാണ് ചുമത്തുന്നത്. ഇത്തരം ഇറക്കുമതികൾ ഇംപോർട്ട് ഡ്യൂട്ടി കൂട്ടിക്കൊണ്ട് തടയാനാകാത്തതിനാലാണ് ഇറക്കുമതി നിയന്ത്രണത്തിനുള്ള തീരുമാനം സർക്കാർ എടുത്തത്.

2009ൽ ഒപ്പിട്ട കരാർ പ്രകാരം ബ്രൂണെ, കംബോഡിയ, ഇൻഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് ധാരണയുള്ളത്. മേക്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് പദ്ധതികൾ പ്രകാരം ആഭ്യന്തര ഉൽപ്പാദന യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


Next Story

Related Stories