TopTop
Begin typing your search above and press return to search.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബഹുജന പ്രക്ഷോഭം വ്യാപിക്കുന്നു - ഡൽഹിയിലും മുംബൈയിലും ഇന്ന് വൻ പ്രതിഷേധ മാർച്ചുകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബഹുജന പ്രക്ഷോഭം വ്യാപിക്കുന്നു - ഡൽഹിയിലും മുംബൈയിലും ഇന്ന് വൻ പ്രതിഷേധ മാർച്ചുകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമായ നിലയിലേയ്ക്ക്. ദേശീയ സ്വാതന്ത്ര്യസമര പോരാളികളായ അഷ്ഫഖുള്ള ഖാന്റേയും രാം പ്രസാദ് ബിസ്മിലിന്റേയും രക്തസാക്ഷി ദിനവും (1927), 70,000 മിയോ മുസ്ലീങ്ങളെ പാകിസ്താനിലേയ്ക്ക് പോകുന്നതില്‍ നിന്ന് മഹാത്മ ഗാന്ധി പിന്തിരിപ്പിച്ച ദിനവുമാണിന്ന് (1947). 60 സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ ആക്ഷന്‍ എഗൈന്‍സ്റ്റ് സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് (എന്‍എഎസിഎ) രാവിലെ 11.30ന് ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ നിന്ന് ഷഹീദി പാര്‍ക്കിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഇടത് പാര്‍ട്ടികള്‍ മാണ്ഡി ഹൗസില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് ഉച്ചയ്ക്ക് 12 മണിക്ക് മാര്‍ച്ച് നടത്തും. അതേസമയം സിപിഐയുടെ സാംസ്‌കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്‍എഎസിഎയവുടെ സമരത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐ (എംഎല്‍) നേതാക്കൾ ഇരു മാർച്ചുകളിലും പങ്കെടുക്കുമ്പോള്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) എന്‍എഎസിഎ മാര്‍ച്ചിനൊപ്പമാണ്.

ചെങ്കോട്ടയില്‍ നിന്നുള്ള എന്‍എഎസിഎ മാര്‍ച്ചും ഇടതുപാര്‍ട്ടികളുടെ മാര്‍ച്ചും ഏകോപിപ്പിക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും എന്‍എഎസിഎ മാര്‍ച്ചിന്റെ സംഘാടകരുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല എന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. ജെഎന്‍യുവില്‍ എസ്എഫ്‌ഐയുമായി സഖ്യത്തിലാണ് ഐസ. ഈ സഖ്യത്തിന്റെ ഭാഗമായ മറ്റൊരു ഇടത് വിദ്യാര്‍ത്ഥി സംഘടന ഡിഎസ്എഫ്, ചെങ്കോട്ടയില്‍ നിന്നുള്ള മാര്‍ച്ചിനൊപ്പമാണ്. എഐഎസ്എഫ് ഏത് മാര്‍ച്ചില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ല. എസ്എഫ്‌ഐയും ജെഎന്‍യു ടിച്ചേഴ്‌സ് അസോസിയേഷനും ഇടത് പാര്‍ട്ടികളുടെ മാര്‍ച്ചിനൊപ്പമാണ്. എസ്എഫ്‌ഐ, ഐസ, ഡിഎസ്എഫ്, എഐഎസ്എഫ് സംഘടനകളുടെ സഖ്യം നിയന്ത്രിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ രണ്ട് മാര്‍ച്ചുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു.

ഇടത് പാര്‍ട്ടികള്‍ മുന്‍നിശ്ചയ പ്രകാരം ഉച്ചയ്ക്ക് 12 മണിക്ക് മാണ്ഡി ഹൗസില്‍ ഒത്തുകൂടും. ചെങ്കോട്ടയില്‍ നിന്ന് ഷഹീദ് പാര്‍ക്കിലേയ്ക്കുള്ള എന്‍എഎസിഎ മാര്‍ച്ച് തങ്ങളുടെ വഴിയിലാണെങ്കില്‍ ഇതുമായി ചേര്‍ന്നുകൊണ്ട് ഷഹീദ് പാര്‍ക്കിലേയ്ക്ക് മാര്‍ച്ച് ചെയ്യുമെന്നും അതല്ല അവരുടെ മാര്‍ച്ച് ഇതിന് മുമ്പ് പൊലീസ് തടയുകയാണെങ്കില്‍ നേരത്തെ തീരുമാനിച്ച പോലെ പാര്‍ലമെന്റ് സ്ട്രീറ്റിലേയ്ക്ക് മാര്‍ച്ച് ചെയ്യുമെന്നും സിപിഎം പറയുന്നു. യോഗേന്ദ്ര യാദവിന്റെ സ്വരാജ് അഭിയാന്‍ അടക്കമുള്ളവ എന്‍എഎസിഎ മാര്‍ച്ചിനൊപ്പമാണ്. ഇടതുപാര്‍ട്ടികള്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. മാര്‍ച്ചില്‍ യാതൊരു പാര്‍ട്ടി ബാനറുകളും ഉപയോഗിക്കില്ലെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.

ഇരു മാര്‍ച്ചുകളുടേയും സംഘാടകള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല എന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചോപ്ര പറഞ്ഞു. മഹാത്മ ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ് ഘട്ടില്‍ വൈകീട്ട് നാല് മണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്. ജാമിയ മില്ലിയ വിദ്യാര്‍ത്ഥിള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണിത്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ ഗേറ്റിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇരുകൂട്ടരും ബന്ധപ്പെട്ടിട്ടില്ലെങ്കിലും ഇതില്‍ ഏതെങ്കിലും ഒരു മാര്‍ച്ചിന്റെ ഭാഗമാകണോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നാണ് എഎപി വൃത്തങ്ങള്‍ ഇന്നലെ പ്രതികരിച്ചത്. ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി എഎപി എംഎല്‍എമാരടക്കമുള്ളവര്‍ സജീവമായിരുന്നു.

മുംബൈയിലും ഇന്ന് വിപുലമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. 1942 ഓഗസ്റ്റ് ഒമ്പതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 'ക്വിറ്റ് ഇന്ത്യ' പ്രഖ്യാപനം (ബ്രിട്ടീഷുകാർ ഇന്ത്യ വിടുക) നടത്തിയ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് (ഗൊവാലിയ ടാങ്ക് മൈതാനം) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധ പരിപാടി ഇന്ന് നടക്കും. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് കാണാമെന്നും സോഷ്യൽമീഡിയയിലെ പ്രതിഷത്തിൻ്റെ സമയം കഴിഞ്ഞെന്നും നടനും സംവിധായകനുമായ ഫറാൻ അക്തർ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ബോളിവുഡിൽ നിന്ന് നിരവധി പേർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ലോക് സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന തന്നെ നിലപാടിൽ മാറ്റം വരുത്തി. എൻആർസി അംഗീകരിക്കാനാവില്ലെന്നും പൗരത്വ ഭേദഗതി നിയമത്തെ എൻആർസിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നടപടികൾ ഭരണഘടനാവിരുദ്ധമാണ് എന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പറഞ്ഞത്. ബോംബെ ഐഐടി, മുംബയ് യൂണിവേഴ്സിറ്റി, പൂനെ ഫെർഗൂസൺ കോളേജ് തുടങ്ങിയവയിലെ വിദ്യാർത്ഥികൾ ജാമിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭരംഗത്തിറങ്ങിയിരിക്കുകയാണ്.


Next Story

Related Stories