TopTop
Begin typing your search above and press return to search.

അടുത്ത ഹിയറിങ്ങിന് മുൻപ് 1.47 ലക്ഷം കോടി കുടിശ്ശിക അടച്ചിരിക്കണം; ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം

അടുത്ത ഹിയറിങ്ങിന് മുൻപ് 1.47 ലക്ഷം കോടി കുടിശ്ശിക അടച്ചിരിക്കണം; ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം

ഉത്തരവിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കുടിശ്ശിക വരുത്തിയ സ്പെക്ട്രം ലൈസൻസ് ഫീസുൾപ്പെടെ ഒടുക്കാത്ത സ്വകാര്യ ടെലികോ കമ്പനികൾക്ക് താക്കീതുമായി സുപ്രീം കോടതി. കേസ് ഇനി പരിഗണിക്കും മുൻപ് ടെലികോം കമ്പനികൾ കുടിശ്ശിക അടച്ച് തീർക്കണമെന്ന കർശന നിർദ്ദേശമാണ് ഇന്ന് സുപ്രീം കോടതി നൽകിയത്.

വിധി പ്രകാരം തുക തിരിച്ച് പിടിക്കുന്നതിൽ വീഴ്ച വരുത്തിയ ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നോട്ടീസും കോടതി അയച്ചു. കുടിശ്ശിക തിരിച്ച് പിടിക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി. കോടതി ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവയ്ക്കാൻ ഒരു ഡെസ്ക് ഓഫീസർക്ക് എങ്ങനെ ധൈര്യം വന്നെന്ന് ചോദിച്ചായിരുന്നു തീരുമാനം.

എയർടെൽ, വൊഡാഫോൺ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ടാറ്റ ടെലികമ്മ്യൂണിക്കേഷനസ് എന്നീ കമ്പനികളുടെ സിഎംഡിമാരോട് 17-ാം തീയതി നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിർദേശിച്ചു. കമ്പനികളുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച കോടതി ജുഡീഷ്യൽ വ്യവസ്ഥയോട് കമ്പനികൾക്ക് ബഹുമാനം ഇല്ലാത്തത് പണാധികാരത്തിന്റെ പ്രതിഫലമാണെന്നും കുറ്റപ്പെടുത്തി. എല്ലാത്തരം അഴിമതികളും അവസാനിപ്പിക്കാനുള്ള അവസാന അവസരമാണിന്നുള്ള വാക്കാൽ പരാമർശവും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് അരുൺ മിശ്രയാണ് വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ നിലപാട് വ്യക്തമാക്കിയത്. ഈ ഹർജി നൽകാൻ പോലും പാടില്ലായിരുന്നെന്ന് പ്രതികരിച്ച് അദ്ദേഹം അസംബന്ധമാണ് നടക്കുന്നതെന്നും ഈ രാജ്യത്ത് നിയമങ്ങളില്ലേ എന്നും ചോദിച്ചു. അങ്ങേയറ്റം മനോവേദന തോന്നുന്നു. ഇനിയും ഈ കോടതിയിൽ ജോലി ചെയ്യേണ്ട എന്ന് വരെ തോന്നുന്നു എന്നും ജസ്റ്റിസ് അരുൺ മിശ്ര കോടതിയിൽ വ്യക്തമാക്കി. കുടിശ്ശിക തീർക്കാൻ സാവകാശം തേടി കമ്പനികൾ വീണ്ടും ഹർജിനൽകിയിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതിയുടെ പരാമർശങ്ങൾ. കമ്പനികൾ ഒരു രൂപ പോലും ഖജനാവിലേക്ക് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോടും ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം ആരാഞ്ഞു.

സ്പെക്ട്രം യൂസേജ് ചാർജും കുടിശ്ശികയും ഉൾ‌പ്പെട്ടെ 1.47 ലക്ഷം കോടിയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ ടെലികോം കമ്പനികൾ കേന്ദ്ര സർക്കാറിൽ അടയ്ക്കേണ്ടത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) എന്നിവയിൽ നിന്ന് 92,000 കോടി രൂപയും സ്‌പെക്ട്രം ഉപയോഗ ഫീസായി 41,000 കോടി എന്നിങ്ങനെയായിരുന്നു ടെലികോം വകുപ്പ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഭാരതി എയർടെല്ലിന് 23,000 കോടി രൂപയും വോഡഫോൺ ഐഡിയ 19,823.71 കോടി രൂപ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് 16,456.47 കോടി രൂപ എന്നിങ്ങനെയായിരുന്നു ഒടുക്കേണ്ടത്.

എന്നാൽ, 2017 ഡിസംബറിൽ പ്രവർത്തനം നിർത്തിവച്ച റിലയൻസ് കമ്മ്യൂണിക്കേഷൻസ് പിന്നാലെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അപേക്ഷയും നൽകിയിരുന്നു. പിന്നാലെ പ്രതിസന്ധി വ്യക്തമാക്കി വോഡഫോണും രംഗത്തെത്തി. പണം അടയ്ക്കുന്നതിന് സർക്കാർ ഇടപെട്ട് ആശ്വാസം പ്രഖ്യാപിക്കുകയോ നിയമപരമായ പരിഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് തുടരാനാവില്ലെന്നായിരുന്നു വോഡഫോൺ നടത്തിയ പ്രതികരണം.


Next Story

Related Stories