ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണസഖ്യമായ, ജെഡിയുവും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ, ആര്‍ജെഡി നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമുള്പ്പെട്ട മഹാസഖ്യം, ഒറ്റയ്ക്ക് മത്സരിക്കുന്ന എല്‍ജെപി എന്നിവയ്ക്ക് പുറമെ അസദുദ്ദീന്‍ ഒവൈസി എംപിയുടെ എഐഎംഐഎം (ഓള് ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീമിന്), ബി എസ് പി എന്നിവ ഉള്‍പ്പെട്ട ഗ്രാന്‍ഡ് ഡെമോക്രാറ്റിക്ക് സെക്കുലര്‍ ഫ്രണ്ട് (ജിഡിഎസ്എഫ്) അഥവാ വിശാല ജനാധിപത്യ മതേതര മുന്നണിയും ജനവിധി തേടുന്നുണ്ട്. ബിഹാറില്‍ ബിജെപിക്ക് പരസ്യമായി ഒരു സഖ്യവും രഹസ്യമായി രണ്ട് സഖ്യങ്ങളുമുണ്ടെന്നാണ് ആര്‍ജെഡി നേതാവ് മനോജ് കെ ഝാ, ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒന്ന് ജെഡിയുവും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുമായുള്ള പരസ്യ സഖ്യം. രണ്ട് ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയുമായുള്ള (എല്‍ജെപി) രഹസ്യ സഖ്യം, മൂന്ന് അസദുദ്ദീന്‍ ഒവൈസിയുടെ മൂന്നാം മുന്നണിയുമായുള്ള രഹസ്യ സഖ്യം.
അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് ആര്‍ജെഡിയുടെ ശക്തമായ മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമോ എന്ന ചോദ്യമുണ്ട്. ആര്‍ജെഡിയുടെ ശക്തമായ പരമ്പരാഗത യാദവ, മുസ്ലീം വോട്ടുബാങ്കുകളെ ബിജെപി ഭയക്കുന്നുണ്ട്. അതേസമയം ഇത്തവണ ജാതി, മത ഭേദമന്യേ ബിഹാറിലെ എല്ലാ ജനവിഭാഗങ്ങളും തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ആര്‍ജെഡിയും തേജസ്വി യാദവും അവകാശപ്പെടുന്നത്. എന്നാല്‍ എല്‍ജെപി നിതീഷ് കുമാറിനും ജെഡിയുവിനും സ്പോയിലറായി മാറാനുള്ള സാധ്യത പോലെ ഒവൈസിയുടെ പാര്‍ട്ടി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാധ്യത ആര്‍ജെഡി തള്ളിക്കളയുന്നില്ല. ഇതാണ് മനോജ് കെ ഝാ പറഞ്ഞ കാര്യം വ്യക്തമാക്കുന്നത്. മത്സരിക്കുന്ന 24 സീറ്റില്‍ 10 എണ്ണമെങ്കിലും ജയിക്കുമെന്നാണ് എഐഎംഐഎം അവകാശപ്പെടുന്നത്.
കിഷന്‍ഗഞ്ച് നിയമസഭ സീറ്റില്‍ എംഐഎം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മണ്ഡലത്തില്‍ എംഐഎം രണ്ടാം സ്ഥാനത്തെത്തി. 3.82 ലക്ഷത്തിലധികം വോട്ട് നേടി. ഒവൈസിയോടൊപ്പം തെലങ്കാനയില്‍ നിന്നുള്ള പല എംഐഎം നേതാക്കളും പ്രചാരണത്തിനായി ബിഹാറിലെത്തിയിട്ടുണ്ട്. ഒവൈസി പ്രസംഗിച്ച അഞ്ച് പൊതുയോഗങ്ങളിലും വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. സീമാഞ്ചലില്‍ രണ്ടാമതെത്തിയ എംഐഎം ബിഹാര്‍ പ്രസിഡന്റ് അക്തറുല്‍ ഇമ്രാന് അമോര്‍ സീറ്റില്‍ മത്സരിക്കുന്നുണ്ട്. ഹൈദരാബാദ് മുന്‍ മേയര്‍ മാജിദ് ഹുസൈനാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് ചുമതല. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നേടിയ എംഐഎം ഒരു ലോക്സഭ സീറ്റും നേടിയിരുന്നു.