Top

വായു മലീനികരണം തടയുന്നതില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയമെന്ന് പഠനം, ഏഴ് വര്‍ഷത്തിനകം 48 കോടി ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും

വായു മലീനികരണം തടയുന്നതില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയമെന്ന് പഠനം, ഏഴ് വര്‍ഷത്തിനകം 48 കോടി ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും

അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐസി) നടത്തിയ പുതിയ പഠനം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി വായു മലിനീകരണം തടയുന്ന നടപടികളിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ 225 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഏറ്റവും മോശം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് നേപ്പാളിലാണ്.

ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം ജനങ്ങൾക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വരുന്ന ഏഴ് വർഷത്തിനിയിൽ രാജ്യത്തെ ഏകദേശം 48 കോടി ജനങ്ങളുടെ ജീവന് ഭീഷണിയാവും. ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തിന്റെ ആയുർദൈർഘ്യത്തെയും മലിനീകരണം പ്രതികൂലമായി ബാധിച്ചേക്കും.

2011 ലെ സെൻസസ് കണക്കുകളിൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം നിന്ന് 67 ആണ്. 2013-17 ലെ ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സർവേ പ്രകാരം ഇത് 69 ലേക്ക് ഉയർന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇന്തോ-ഗംഗാ സമതലത്തിലെ പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം വായു മലിനീകരണം നിമിത്തം ഏഴ് വർഷത്തിനുള്ളിൽ 62 ആയി കുറഞ്ഞേക്കും.

1998 മുതൽ 2016 വരെ ഈ മേഖലയിലെ അന്തരീക്ഷ മലിനീകരണത്തിൽ 72 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി വായു മലിനീകരണം വൻ തോതിൽ ഉയർന്നതായുള്ള റിപ്പോർട്ട് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പഞ്ചാബ്-ബംഗാൾ മേഖലയിൽ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories