TopTop
Begin typing your search above and press return to search.

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി.ഐഷയുടെ ദ്വീപായ ചെത്ത്‌ലത്ത് ദ്വീപിലെ 12 പേര്‍ രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരേ നല്‍കിയ പരാതിയിലാണ് കേസ്. നേരത്തെയും ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് കൂട്ടരാജി ഉണ്ടായിരുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ക്കെതിരെയാണ് ഐഷ സുല്‍ത്താന പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അമിത് ഷായെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് നേരത്തെ അവര്‍ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു.




Next Story

Related Stories