TopTop
Begin typing your search above and press return to search.

"ശരദ് പവാർ അജിത് പവാറിനോട് ക്ഷമിച്ചു"

"ശരദ് പവാർ അജിത് പവാറിനോട് ക്ഷമിച്ചു"

പാർട്ടിയെയും കുടുംബത്തെയും ചതിച്ച് ബിജെപിക്കൊപ്പം ചേർന്ന് സര്‍ക്കാരുണ്ടാക്കിയ എൻസിപി നേതാവ് അജിത് പവാറിനോട് സമുന്നത നേതാവ് ശരദ് പവാർ ക്ഷമിച്ചെന്ന് പാർട്ടി ദേശീയ വക്താവ് നവാബ് മാലിക്ക്. ബിജെപിയുമായി ചേർന്ന് രൂപീകരിച്ച സർക്കാരിൽ നിന്നും രാജിവെച്ച് അജിത് പവാർ തിരിച്ച് പാർട്ടിയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് എൻസിപി നിലപാട് വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ അജിത് പവാറിന് ശിക്ഷാ നടപടികളൊന്നും നേരിടേണ്ടി വരില്ലെന്നും നവാബ് മാലിക് പറഞ്ഞു.

"അവസാനം അദ്ദേഹം തന്റെ തെറ്റ് സമ്മതിച്ചു. ഇതൊരു കുടുംബപ്രശ്നമാണ്. പവാർ സാഹിബ് അദ്ദേഹത്തോട് ക്ഷമിച്ചു. അദ്ദേഹം എല്ലാംകൊണ്ടും പാര്‍ട്ടിക്കുള്ളിലാണ് അജിത് പവാർ. അദ്ദേഹത്തിന്റെ പാർട്ടിയിലെ സ്ഥാനത്തിന് മാറ്റമൊന്നും വന്നിട്ടില്ല," നവാബ് മാലിക് വിശദീകരിച്ചു.

80 മണിക്കൂറോളം ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് അജിത് പവാർ പാർട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. തനിക്കൊപ്പം പാര്‍ട്ടിയിലെ എംഎൽഎമാരെ കൂട്ടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. സർക്കാർ 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ട് തേടണമെന്ന സുപ്രീംകോടതി വിധി വന്നതോടെ അതിന് സാധിക്കില്ലെന്നുറപ്പായ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ രാജി വെച്ച് പിന്മാറുകയായിരുന്നു. അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നും നീക്കിയിരുന്നെങ്കിലും പാർട്ടി പദവികളിൽ നിന്നും മാറ്റിയിരുന്നില്ല.

ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ച ഘട്ടത്തിൽ താൻ ശരദ് പവാറിനൊപ്പമാണെന്ന് അജിത് പവാർ ട്വീറ്റ് ചെയ്തിരുന്നു. മനപ്പൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് അജിത് പവാർ നടത്തുന്നതെന്ന് ശരദ് പവാർ പ്രതികരിക്കുകയും ചെയ്തു.

'മഹാ വികാസ് അഘാഡി' എന്ന എന്‍സിപി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യത്തിന്റെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം എംഎല്‍എമാരുടെ യോഗം ഐകകണ്ഠ്യേന കഴിഞ്ഞദിവസം പാസാക്കിയിരുന്നു. 288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 162 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ത്തുണ്ടെന്നാണ് എന്‍.സി.പി-ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. നവംബര്‍ 23 രാവിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് രാജി വെക്കേണ്ടതായി വന്നിരുന്നു.


Next Story

Related Stories