TopTop
Begin typing your search above and press return to search.

ബിടി വഴുതന: ഫീൽഡ് ട്രയലിന് തയ്യാറെടുക്കുന്നത് 2 തദ്ദേശീയ ഇനങ്ങൾ; എൻഒസി കൊടുത്തത് 8 സംസ്ഥാനങ്ങൾ; എതിർപ്പുമായി സംഘപരിവാർ സംഘടനകൾ

ബിടി വഴുതന: ഫീൽഡ് ട്രയലിന് തയ്യാറെടുക്കുന്നത് 2 തദ്ദേശീയ ഇനങ്ങൾ; എൻഒസി കൊടുത്തത് 8 സംസ്ഥാനങ്ങൾ; എതിർപ്പുമായി സംഘപരിവാർ സംഘടനകൾ

2010ൽ അന്നത്തെ യുപിഎ സർക്കാർ താൽക്കാലിക നിരോധനമേർപ്പെടുത്തിയിരുന്നതാണ് ജനിതകമാറ്റം വരുത്തിയ വഴുതനയുടെ ഉൽപാദനത്തിന്. മന്ത്രിസഭയ്ക്കകത്തു തന്നെ വലിയ എതിർപ്പുകൾ നേരിട്ടതോടെയാണ് ബിടി വഴുതന വൻതോതിൽ കൃഷി ചെയ്യേണ്ടെന്ന നിലപാട് സർക്കാർ എടുത്തത്. പത്ത് വർഷത്തേക്ക് അന്ന് മോറട്ടോറിയം പ്രഖ്യാപിച്ചു. ഈ മോറട്ടോറിയം ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നീക്കം ചെയ്തത് സെപ്തംബർ 3നാണ്. ബിടി വഴുതനയുടെ ഫീൽഡ് ട്രയലുകൾക്കുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. ജനറ്റിക് എൻജിനീയറിങ് അപ്രൈസൽ അതോരിറ്റി (ജിഇഎസി) എന്ന കേന്ദ്ര റെഗുലേറ്റർക്കാണ് ഈ അനുമതി നൽകാനുള്ള അധികാരം.

എട്ട് സംസ്ഥാനങ്ങളിലാണ് ഉൽപാദനപരീക്ഷണം നടക്കുക. ഇതിൽ കേരളമില്ല. 2010ൽ ബിടി വഴുതനയുടെ ഉൽപാദനത്തിനെതിരെ അന്നത്തെ സംസ്ഥാന കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരൻ തുറന്ന സംവാദങ്ങൾക്ക് തയ്യാറായിരുന്നു. ഇത്തവണ മധ്യപ്രദേശ്, കർണാടക, ബിഹാർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തമിഴ്നാട്, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ട്രയലുകൾ നടക്കുക. വിപണിയിലേക്ക് ഈ വഴുതനകൾ എത്തിക്കുന്നതിന്റെ ആദ്യപടിയാണ് ഈ ട്രയലുകൾ. സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പില്ലെന്ന സാക്ഷ്യപത്രം വാങ്ങി വേണം ഈ ട്രയലുകൾ നടത്താനെന്നും കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുണ്ട്.

രണ്ട് വഴുതന ഹൈബ്രിഡുകളാണ് പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. ഇവ ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുത്തവയാണ്. ജനക്, ബിഎസ്എസ് 793 എന്നീ പേരുകളിലാണ് ഈ വിത്തിനങ്ങൾ അറിയപ്പെടുന്നത്. ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ട്രയലിന് വിദഗ്ധരായവരുടെ മേൽനോട്ടം വേണം. ട്രയൽ നടത്തുന്നത് ബീജ്ശീതൾ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. ഓരോ ട്രയലിനും നേതൃത്വം നൽകുന്ന സയന്റിസ്റ്റിന്റെ പേരുവിവരങ്ങളടക്കമുള്ള കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കണം. ഓരോ ട്രയലിന്റെയും ഫൈൻഡിങ്സ് ജിഇഎസിയെക്കൂടാതെ ട്രയൽ നടക്കുന്ന പ്രദേശത്തിന്റെ തദ്ദേശഭരണസ്ഥാപനത്തെ അറിയിച്ചിരിക്കണം. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിനും ഈ വിവരം ചെല്ലണം.

ഇത്തവണ എതിർപ്പുമായി എത്തിയിട്ടുള്ളവരിൽ ആർഎസ്എസ് അഫിലിയേഷനുള്ള കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘും ഉൾപ്പെടുന്നുണ്ട്. സംസ്ഥാനങ്ങൾ ബിടി വഴുതനയുടെ ഫീൽഡ് ട്രയലുകൾക്കായി എൻഒസി നൽകരുതെന്ന് ഇവർ അഭ്യർത്ഥിക്കുന്നു. മറ്റൊരു ആർഎസ്എസ് എഫിലിയേറ്റഡ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും ഇതേ നിലപാടെടുക്കുന്നുണ്ട്. ഇവരുടെ പ്രശ്നം ഈ വഴുതിനയുടെ ഉൽപാദനം 'ദേശീയ താൽപര്യ'ത്തിന് എതിരാണ് എന്നതാണ്.

എന്നാൽ ട്രയലുകൾക്ക് എൻഒസി നൽകിയ സംസ്ഥാനങ്ങളിൽ ചിലതിൽ ബിജെപി നേരിട്ടും സഖ്യം ചേർന്നും ഭരിക്കുന്നുണ്ട്. മണ്ണിനും മൊത്തം ജൈവബന്ധങ്ങൾക്കും ബിടി വഴുതന ദോഷമാണെന്നാണ് ഇവർ വാദിക്കുന്നത്. എന്നാൽ തങ്ങൾ വികസിപ്പിച്ചെടുത്ത ബിടി ജീൻ (cry1Fa1) വളരെ സുരക്ഷിതമാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. വഴുതനയെ ആക്രമിക്കുന്ന കീടങ്ങളിൽ ദഹനപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഈ ബിടി ജീൻ ചെയ്യുക.

നിലവിൽ ഇന്ത്യയിൽത്തന്നെ രണ്ടായിരത്തോളം ഇനം വഴുതനകൾ കൃഷി ചെയ്യുന്നുണ്ടെന്നും അതിൽനിന്നും കൂടിയ മേന്മയൊന്നും ബിടി വഴുതിനയ്ക്കില്ലെന്നുമാണ് എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്. കൃഷി മന്ത്രിയായിരിക്കെ മുല്ലക്കര രത്നാകരൻ പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു: "ബി.ടി. കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ബയോ ടെക്‌നോളജി എന്നാണെങ്കില്‍ കേരളം ഒരിക്കലും ബയോടെക്‌നോളജിയെ എതിര്‍ത്തിട്ടില്ല. പൊതുമേഖലയില്‍ ഒരുസംസ്ഥാനത്ത്‌ ആദ്യമായി ബയോ ടെക്‌നോളജി സ്ഥാപനം നിലവില്‍വന്നത്‌ കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാറിന്റെ കാലത്തായിരുന്നു. എന്നാല്‍ നമ്മുടെ വിളുകളില്‍ ടോക്‌സിന്‍ എന്ന വിഷവസ്‌തു സ്രവിക്കുന്ന ബാസിലസ്‌ തുരുഞ്ചെനിസിസ്‌ എന്ന ബാക്ടീരിയയാണ്‌ ബി.ടി. എന്ന പ്രയോഗംകൊണ്ട്‌ അര്‍ഥമാക്കുന്നതെങ്കില്‍ കേരളം അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. എന്നുമാത്രമല്ല, തെറ്റിദ്ധാരണാജനകമാംവിധം ഈ രണ്ട്‌ ബി.ടി.കളെയും മാറ്റിമറിച്ചുപയോഗിക്കുന്നത്‌ ശരിയല്ലെന്നും കരുതുന്നു."

ജനിതകമാറ്റം വരുത്തിയ കാര്‍ഷികവിള. ബാസില്ലസ് തുറിന്‍ജിയന്‍സിസ് എന്ന ബാക്ടീരിയയുടെ ജീന്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണു ബിടി വിളകള്‍. വഴുതനയെ ആക്രമിക്കുന്ന കീടങ്ങളെ കൊല്ലാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ജീനിന്റെ സാന്നിധ്യം ബിടി വഴുതനയിലുണ്ട്. ഉത്പാദനം കൂടുമെന്നതും കൃഷിച്ചെലവു കുറയുമെന്നതുമാണ് മെച്ചം.

Next Story

Related Stories