TopTop
Begin typing your search above and press return to search.

നര്‍ത്തകി അമല ശങ്കര്‍ 101ാം വയസ്സില്‍ അന്തരിച്ചു

നര്‍ത്തകി അമല ശങ്കര്‍ 101ാം വയസ്സില്‍ അന്തരിച്ചു

പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് അന്താരാഷ്ട്രതലത്തില്‍ പ്രചാരം നല്‍കിയ വിഖ്യാത നര്‍ത്തകന്‍ ഉദയ് ശങ്കറിന്റെ ഭാര്യയുമായ അമല ശങ്കര്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സിന് ലോകത്താകെ പ്രചാരം നല്‍കുന്നതിലും ജനകീയമാക്കുന്നതിലും പങ്ക് വഹിച്ചു.

നൃത്തലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് അമലശങ്കറിന്‌റെ നിര്യാണം ഉണ്ടാക്കിയിരിക്കുന്നത് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുസ്മരിച്ചു. അന്തരിച്ച സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ ഭര്‍തൃസഹോദരനാണ്. നടി മമത ശങ്കര്‍ മകളും സംഗീതജ്ഞനും ഗായകനുമായിരുന്ന ആനന്ദ ശങ്കര്‍ മകനുമാണ്. 'ശങ്കര്‍ ഘരാന' എന്നറിയപ്പെട്ട നൃത്ത ശൈലിയെ നിലനിര്‍ത്തുന്നതില്‍ പങ്ക് വഹിച്ചു.

1919ല്‍ നിലവില്‍ ബംഗ്‌ളാദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ കിഴക്കന്‍ ബംഗാളിലുള്ള ജെസ്സോറിലാണ് ജനനം. അമല നന്ദി എന്നായിരുന്നു ആദ്യ പേര്. 1930കളില്‍ നൃത്തം പഠിച്ചു. 1931ല്‍ പാരീസില്‍ നടന്ന ഇന്റര്‍നാഷണല്‍ കൊളോണിയന്‍ എക്‌സിബിഷനില്‍ വച്ചാണ് ഉദയ് ശങ്കറിനെ പരിചയപ്പെട്ടത്. ഉദയ് ശങ്കറിന്റെ ഡാന്‍സ് ട്രൂപ്പിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. പൊതു സ്റ്റേജുകളില്‍ സ്ത്രീകള്‍ നൃത്തം ചെയ്യാന്‍ മടിച്ചിരുന്നൊരു കാലത്താണ് നൃത്തരംഗത്ത് പുതിയ വഴി വെട്ടിത്തുറന്ന് അമല ശങ്കര്‍ അടക്കമുള്ളവരുടെ വരവ്.

നര്‍ത്തകി എന്നതിന് പുറമെ ചിത്രകാരിയും എഴുത്തുകാരിയുമായിരുന്നു അമല ശങ്കര്‍. ഉദയ് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത് 1948ല്‍ പുറത്തിറങ്ങിയ, നൃത്തസംബന്ധിയായ 'കല്‍പ്പന' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 2012ലെ കാന്‍ ചലച്ചിത്രമേളയില്‍ 'കല്‍പ്പന' പ്രദര്‍ശിപ്പിച്ചപ്പോള്‍ അമല ശങ്കര്‍ സന്നിഹിതയായിരുന്നു. കലാരംഗത്ത് 1990കളുടെ ആദ്യം വരെ സജീവമായിരുന്നു. 2011ല്‍ കലാരംഗത്തെ സംഭാവനകള്‍ക്ക്, ബംഗവിഭൂഷണ്‍ പുരസ്‌കാരം നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അമല ശങ്കറിനെ ആദരിച്ചിരുന്നു. 2012ല്‍ സംഗീത് നാടക് അക്കാഡമി ടാഗോര്‍ രത്ന പുരസ്കാരം നല്‍കി.


Next Story

Related Stories