TopTop
Begin typing your search above and press return to search.

അമര്‍ സിംഗ്; ഒരു കാലത്ത് തലസ്ഥാനത്തെ ഏറ്റവും വലിയ 'പവര്‍ ബ്രോക്കര്‍'; ജനാധിപത്യത്തെ പണവും താരസൗഹൃദങ്ങളും കൊണ്ട് അഭിമുഖീകരിച്ച രാഷ്ട്രീയക്കാരന്‍

അമര്‍ സിംഗ്; ഒരു കാലത്ത് തലസ്ഥാനത്തെ ഏറ്റവും വലിയ

1990-കളിലെ ദേശീയ രാഷ്ട്രീയം നേരിട്ട പ്രക്ഷുബ്ധതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് അമര്‍ സിംഗ് കടന്നു വരുന്നത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും തമിഴ്‌നാട്ടിലെയും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിച്ച കാലത്താണ് അമര്‍ സിംഗ് ഉത്തര്‍ പ്രദേശില്‍നിന്ന് ഡല്‍ഹിയിലെത്തിയത്. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ ദേശീയ രാഷ്ട്രീയം അദ്ദേഹത്തില്‍ കൂടി കേന്ദ്രീകരിച്ചു; ചില ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിര്‍ണായകമായി മാറി. ജനപിന്തുണയോ, ആദര്‍ശരാഷ്ട്രീയത്തിന്റെ ധാര്‍മ്മിക ബലമോ ഇല്ലാതെ, തന്ത്രപരവും പ്രായോഗികവുമായ രാഷ്ട്രീയമായിരുന്നു അമര്‍ സിംഗിന്റെത്. കുറച്ചുകാലം അതില്‍ വിജയിച്ചു. ജനസ്വാധീനത്തെ മറ്റൊന്നു കൊണ്ടും ദീര്‍ഘകാലം പകരം വെയ്ക്കാനാവാത്തതിനാലാവാം, പതുക്കെ അദ്ദേഹം അപ്രസക്തനായി. രോഗവും കൂടി വലച്ചതോടെ ഫലത്തില്‍ രാഷ്ട്രീയത്തിലെ അമര്‍ സിംഗ് പ്രഭാവം ചരിത്രമായി മാറുകയിരുന്നു.

1996-ലാണ് അമര്‍ സിംഗ് രാജ്യസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന കാലം. രാഷ്ട്രീയക്കാരെക്കാള്‍ ഉപരി അമര്‍ സിംഗിന് സ്വാധീനമുണ്ടായിരുന്നത് സിനിമാതാരങ്ങളും ബിസിനസ്സുകാരുമായിരുന്നു. മുലായം സിംഗ് യാദവുമായുള്ള അടുപ്പം അദ്ദേഹത്തെ ഡല്‍ഹിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുഖമാക്കി മാറ്റി. ഏതോ ഒരു വിമാനയാത്രയില്‍ മുലായം സിംഗ് യാദവുമായി കണ്ടതാണത്രെ ഒരു കാലത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സൗഹൃദത്തിന്റെ അടിസ്ഥാനമായി മാറിയത് എന്നൊക്കെ കഥകളുണ്ട്. മുലായം സിംഗിനോടൊപ്പം തന്നെ അനില്‍ അംബാനിയുള്‍പ്പെടെയുള്ള ബിസിനിസ് സാമ്രാട്ടുകളുമായും അമിതാഭ് ബച്ചനെ പോലുളള താരരാജക്കാന്മാരായും അമര്‍ സിംഗ് അടുത്ത ബന്ധം പുലര്‍ത്തി.
2004 ല്‍ ബിജെപിയുടെ അപ്രതീക്ഷിതമായ തോല്‍വിയെ തുടര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോഴാണ് അമര്‍ സിംഗ് സജീവമായത്. സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ മുലായാം സിംഗിന്റെ മനസ്സ് അമര്‍ സിംഗിലൂടെയാണ് പലപ്പോഴും പുറത്തുള്ളവര്‍ അറിഞ്ഞത്. മുലായം സിംഗിനുമേല്‍ അത്രമേല്‍ സ്വാധീനമായിരുന്നു അമര്‍ സിംഗിന്. പാര്‍ട്ടിയുടെ ദേശീയ നിലപാടുകള്‍ അദ്ദേഹം തന്നെ രൂപപ്പെടുത്തുന്ന ഘട്ടമുണ്ടായെന്നു പോലും ആക്ഷേപങ്ങളുണ്ടായി .

അമേരിക്കയുമായി ഇന്ത്യ ആണവകരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അമര്‍ സിംഗിലെ കൗശല രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു കളിച്ചത്. അന്ന് സമാജ് വാദി പാര്‍ട്ടിയുമായി മോശമല്ലാത്ത ബന്ധമായിരുന്നു സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നത്. ആണവകരാര്‍ ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വത്തിന്റെ തുടക്കമായി കണ്ട ഇടതുപക്ഷം, കരാറുമായി മുന്നോട്ടുപോയതോടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു. ഈ ഘട്ടത്തിൽ പ്രതിസന്ധിയിലായ സർക്കാറിന് സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതില്‍ അമര്‍ സിംഗാണ് പ്രധാന പങ്ക് വഹിച്ചത്. എന്നു മാത്രമല്ല, വിശ്വാസ വോട്ടില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താന്‍ എംപിമാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ആക്ഷേപവും അമര്‍ സിംഗിന് നേരെ ഉയര്‍ന്നു. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും അപഹസിക്കപ്പെട്ട ഒരു സംഭവത്തില്‍- കോഴ വാഗ്ദാന കേസിൽ - അമര്‍ സിംഗ് പ്രതിയാകുകയും 2011-ല്‍ തീഹാര്‍ ജയിലിലാകുകയും ചെയ്തു.

1996 മുതല്‍ 2010 വരെയുള്ള കാലമായിരുന്നു അമര്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന കാലഘട്ടം എന്നു പറയാം. താരങ്ങളെയും കോര്‍പ്പറേറ്റുകളെയും അദ്ദേഹം സമാജ് വാദി പാര്‍ട്ടിയുമായി അടുപ്പിക്കുകയും ചെയ്തു. അമിതാഭ് ബച്ചന്‍ മുതല്‍ അനില്‍ അംബാനി വരെയും സഞ്ജയ് ദത്ത് മുതല്‍ സുബ്രത റോയ് വരെയും ഉള്ളവരുമാരായി ബന്ധം പല രീതിയിൽ അദ്ദേഹം ഉപയോഗപ്പെടുത്തി. അമിതാഭ് ബച്ചന്റെ ഭാര്യയും പ്രശസ്ത ബോളിവുഡ് നടിയുമായ ജയ ബച്ചനെ സമാജ് വാദി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതും സജീവ രാഷ്ട്രീയത്തില്‍ ഇറക്കുന്നതും അമര്‍ സിംഗാണ്. എന്നാല്‍ 2010-ല്‍ യാദവ പാര്‍ട്ടിയിലെ പൊട്ടിത്തെറികള്‍ക്കൊടുവില്‍ തനിക്കൊപ്പം പുറത്തു വരാതിരുന്ന ബച്ചന്‍ കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച് അമര്‍ സിംഗ് രംഗത്തെത്തി. പിന്നീട്, ഇരു കൂട്ടരും രമ്യതയില്‍ എത്തുകയും ചെയ്തു.

മുലായം സിംഗിന്റെ വിശ്വസ്തനായിരുന്ന അമര്‍ സിംഗ് രണ്ട് തവണയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തായത്. ആദ്യം പുറത്തായതിന് ശേഷം അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ രാഷ്ട്രീയ ലോക് മഞ്ചിന് ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 2012 ലെ യു പി തെരഞ്ഞെടുപ്പില്‍ 300 സ്ഥാനാര്‍ത്ഥികളെ അദ്ദേഹം മല്‍സരിപ്പിച്ചുവെങ്കിലും ഒരു സീറ്റിലും വിജയമുണ്ടായില്ല. പിന്നീട് രാഷ്ട്രീയ ലോക് തന്ത്രില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും, ദയാലുവുമായ മുലായം സിംഗ് അദ്ദേഹത്തെ തിരിച്ചെടുക്കുകയും 2016 ല്‍ രാജ്യസഭയിലേക്ക് അയയ്ക്കുകയുമായിരുന്നു. മുലായത്തിന്റെ ഈ 'ദയ'യ്ക്ക് പിന്നില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ അമര്‍ സിംഗ് ആണെന്നതും അതിന്റെ ഫലമായുള്ള ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായാണ് തന്റെ മകനെക്കാളും പ്രാധാന്യം നല്‍കാന്‍ യാദവ രാഷ്ട്രീയത്തിലെ ഈ വയോധികനെ പ്രേരിപ്പിക്കുന്നതെന്നും എസ്.പിയില്‍ പോലും ആരോപണമുയര്‍ന്നിരുന്നു.
എസ് പിയില്‍ അച്ഛനും മകനും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ അമര്‍ സിംഗിന് ഇപ്പോഴും പങ്കുണ്ടായിരുന്നു. അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ അധികാരം പിടിച്ചെടുത്തതോടെ 2017 ല്‍ വീണ്ടും പാര്‍ട്ടിയില്‍നിന്ന് പുറത്തായി. എസ് പിയിലെ കുടുംബ പോരാട്ടത്തില്‍ മുലായത്തിനും അദ്ദേഹത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിനുമൊപ്പമായിരുന്നു അമര്‍ സിംഗ്. മുലായത്തിന്റെ കരുത്തായിരുന്നു താനെന്ന് അമര്‍ സിംഗ് പരസ്യമായി പറഞ്ഞു. ഒരു ഘട്ടത്തില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹവുമുണ്ടായി. ഭാവിയില്‍ എന്ത് സംഭവിക്കുമെന്നറിയില്ലെന്നായിരുന്നു ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞത്. അത്തരമൊരു മാറ്റത്തെക്കുറിച്ച് ആലോചിക്കാനുളള ആരോഗ്യവും അമര്‍ സിംഗിന് പിന്നീടുണ്ടായിരുന്നില്ല.
യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി കഴിഞ്ഞാല്‍ ഏറ്റവുമധികം 'സ്വാധീന'മുള്ള വിലാസമായിരുന്നു അമര്‍ സിംഗിന്റെ ലോധി എസ്റ്റേറ്റിലെ 27-ആം നമ്പര്‍ വസതി. തലസ്ഥാനത്ത് എന്തും നടത്തിയെടുക്കാന്‍ കഴിവുള്ള 'പവര്‍ ബ്രോക്കര്‍' എന്നതായിരുന്നു ആ ഇമേജ്. ടെലിവിഷന്‍ ഒബി വാനുകളും മാധ്യമ പ്രവര്‍ത്തകരും ആ വസതിക്ക് മുന്നില്‍ മുഴുവന്‍ സമയവും തമ്പടിച്ചു. ഓരോ ദിവസവും അമര്‍ സിംഗ് പുറത്തു വിടുന്ന വാക്കുകള്‍ വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞു, അങ്ങനെ ദേശീയ രാഷ്ട്രീയത്തിലെ അജണ്ട തീരുമാനിച്ചിരുന്ന ആള്‍ കൂടിയായിരുന്നു അമര്‍ സിംഗ്. വിവാദങ്ങളുടെ വലയം എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് 'താക്കൂര്‍ സാഹബ്' എന്നും അടുപ്പക്കാര്‍ വിളിച്ചിരുന്ന അമര്‍ സിംഗ് ഉറപ്പാക്കി. അതിലൂടെ കിട്ടുന്ന മാധ്യമശ്രദ്ധയും ആവോളം ആസ്വദിച്ചു. വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളിലും സ്വാധീനവും അടുപ്പവും ഉണ്ടായിരുന്ന ആള്‍ കൂടിയായിരുന്നു അമര്‍ സിംഗ്. എങ്കിലും ബിജെപി എംപിമാരെ പണം കൊടുത്ത് വശത്താക്കുകയും വലിയ വിവാദം സൃഷ്ടിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ നിലനിര്‍ത്തുകയും ചെയ്ത 'കാഷ് ഫോര്‍ വോട്ട്' കുംഭകോണം തന്നെയായിരിക്കും അമര്‍ സിംഗ് എന്ന 64 വയസുകാരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന്.
2006-ല്‍ അമര്‍ സിംഗ് ചില ബോളിവുഡ് താരങ്ങളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നു. കോടതി തുടക്കത്തില്‍ ഈ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വിടുന്നത് തടഞ്ഞെങ്കിലും പിന്നീട് സ്റ്റേ നീക്കി. ബിപാഷ ബസു ഉള്‍പ്പെടെയുല്ലവരുമായുള്ള അമര്‍ സിംഗിന്റെ സംഭാഷണം വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വന്നെങ്കിലും ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് പിന്നീട് കോടതി വിധിയെഴുതി. ഏതാനും ഹിന്ദി സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുള്ള അമര്‍ സിംഗ്, ബോംബെ മിട്ടായി എന്ന മലയാള ചിത്രത്തില്‍ ഡിംപിള്‍ കപാഡിയയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.


Next Story

Related Stories