TopTop
Begin typing your search above and press return to search.

വ്യക്തിഗത വിവര സംരക്ഷണം: പാര്‍ലമെന്റ് സമിതി മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍, മൊഴി നല്‍കി ഫേസ്ബുക്ക്

വ്യക്തിഗത വിവര സംരക്ഷണം: പാര്‍ലമെന്റ് സമിതി മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍, മൊഴി നല്‍കി ഫേസ്ബുക്ക്

ഉപയോക്താക്കളുടെ വ്യക്തിഗത വിവര സംരക്ഷണം സംബന്ധിച്ച് പാര്‍ലമെന്റ് സമിതി മുമ്പാകെ മൊഴി നല്‍കാന്‍ വിസമ്മതിച്ച് ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണ്‍. തങ്ങളുടെ വിദഗ്ധരെല്ലാം ഇന്ത്യക്കു പുറത്തായതിനാല്‍ സമിതിക്കു മുമ്പാകെ ഹാജരാകാന്‍ കഴിയില്ലെന്നാണ് ആമസോണ്‍ അറിയിച്ചത്. അതേസമയം, ആമസോണിന്റെ നിലപാട് അവകാശ ലംഘനമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ഈമാസം 28ന് മുമ്പാകെ കമ്പനിയെ പ്രതിനിധീകരിച്ച് ആരും സമിതി മുമ്പാകെയെത്തി വിശദീകരണം നല്‍കുന്നില്ലെങ്കില്‍ മറ്റു നിയമ നടപടികള്‍ സ്വീകരിക്കാമെന്ന് നിര്‍ദേശത്തെ സമിതി അംഗങ്ങള്‍ ഏകകണ്ഠമായി പിന്തുണച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് വിദേശത്തുള്ള പലര്‍ക്കും സമിതി മുമ്പാകെ എത്താന്‍ കഴിയാത്തത്. ഇക്കാര്യം മനസിലാക്കാതെ, തെറ്റിദ്ധരിച്ചാണ് പാര്‍ലമെന്റ് സമിതിയുടെ പരാമര്‍ശം. സമിതി പ്രവര്‍ത്തനങ്ങളോട് തികഞ്ഞ ബഹുമാനം പുലര്‍ത്തുന്നു. ഏതുതരം അന്വേഷണങ്ങളോടും സഹകരിക്കും. സമിതിക്ക് ആവശ്യമായ ഏതുതരത്തിലുള്ള രേഖകള്‍ കൈമാറാനും സന്നദ്ധരാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ബിജെപി നേതാക്കളുടെ വിദ്വേഷ പരാമര്‍ശമുള്ള പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണത്തില്‍ ഫേസ്ബുക്ക് മേധാവി സമിതി മുമ്പാകെ ഹാരജായി. പോളിസി ഹെഡ് അങ്കി ദാസിനെ രണ്ടു മണിക്കൂറിലേറെയാണ് സമിതി ചോദ്യം ചെയ്തത്. പരസ്യങ്ങളിലോ, ബിസിനസ്സിലോ, തെരഞ്ഞെടുപ്പ് ആവശ്യത്തിനോ പൗരന്മാരുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കാനാവില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ നിയമലംഘനം നടന്നിട്ടുണ്ടോ, വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ വരുമാനത്തിന്റെ എത്ര ശതമാനം ചെലവഴിക്കുന്നുണ്ടെന്നും സമിതി ആരാഞ്ഞു. ഇന്ത്യയില്‍ 30 കോടിയിലേറെ ഫേസ്ബുക്ക് ഉപയോക്താക്കളുണ്ട്. എത്ര വരുമാനം ഉണ്ടെന്നും നികുതിയിനത്തില്‍ എത്ര തുക അടച്ചു എന്നതുള്‍പ്പെടെ കാര്യങ്ങള്‍ സമിതി ചോദിച്ചറിഞ്ഞതായാണ് വിവരം.

ആമസോണിനൊപ്പം 28ന് ട്വിറ്റര്‍, 29ന് ഗൂഗിള്‍, പേടിഎം ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഭരണകൂടത്തെ അനുകൂലിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ഉള്‍പ്പെടെ കാര്യങ്ങളിലാണ് സമിതി കമ്പനികളുടെ വിശദീകരണം തേടുന്നത്.


Next Story

Related Stories