TopTop
Begin typing your search above and press return to search.

സിഖുകാര്‍ക്ക് ഐആര്‍സിടിസി വഴി സര്‍ക്കാര്‍ സന്ദേശം; കര്‍ഷക പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനെന്ന് ആരോപണം

സിഖുകാര്‍ക്ക് ഐആര്‍സിടിസി വഴി സര്‍ക്കാര്‍ സന്ദേശം; കര്‍ഷക പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനെന്ന് ആരോപണം

കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഉള്‍പ്പെടെ പ്രക്ഷോഭം തുടരുമ്പോള്‍ സിഖ് സമൂഹത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സിഖ് സമൂഹവുമായുള്ള പ്രത്യേക ബന്ധം വിവരിക്കുന്ന ഇ മെയിലുകള്‍ പഞ്ചാബില്‍ നിന്നുള്ളവര്‍ക്ക്, പ്രത്യേകിച്ച് സിഖുകാര്‍ക്ക് അയച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ആണ് മെയില്‍ അയച്ചിരിക്കുന്നത്. 47 പേജുള്ള അറ്റാച്ച്‌മെന്റ് സഹിതമാണ് മെയില്‍. സിഖുകാര്‍ക്കിടയിലെ സര്‍ക്കാര്‍ വിരുദ്ധ നീക്കം ഇല്ലാതാക്കി കര്‍ഷക സമരത്തിനുള്ള പിന്തുണ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇ മെയില്‍ സന്ദേശം അയയ്ക്കലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ലഘുലേഖ ഏതാനും ദിവസംമുമ്പ് ഇറങ്ങിയതാണെന്നും എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഇത്തരത്തില്‍ ആളുകള്‍ക്ക് മെയില്‍ ചെയ്യുന്നുണ്ടെന്നുമാണ് ഐആര്‍സിടിസി ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ സിദ്ധാര്‍ത്ഥ് സിംഗിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിഖുകാര്‍ക്കാണ് പ്രധാനമായും മെയില്‍ അയച്ചിരിക്കുന്നത്. പേരിനൊപ്പം സിംഗ് എന്നുള്ളവര്‍ക്കും മെയില്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

cim@irctc.co.inല്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കുന്ന മെയില്‍ ഐഡികളാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലാണ് പിഡിഎഫ് അറ്റാച്ചുമെന്റുകള്‍. സിഖ് സമുദായത്തിനായി പ്രധാനമന്ത്രി ചെയ്ത കാര്യങ്ങളാണ് 47 പേജുള്ള പിഡിഎഫ് ഫയലിന്റെ ഉള്ളടക്കം. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ പ്രധാനമന്ത്രിയുടെ നിരവധി ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സിഖുകാര്‍ക്കിടയിലെ സര്‍ക്കാര്‍ വിരുദ്ധ നീക്കം ഇല്ലാതാക്കി കര്‍ഷക പ്രക്ഷോഭത്തിനുള്ള പിന്തുണ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. യാത്രാ ആവശ്യങ്ങള്‍ക്കായി നല്‍കിയ മെയില്‍ ഐഡി ഉള്‍പ്പെടെ വിവരങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ അനുമതിയുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു ചെന്നൈ ഗുരു നാനാക്ക് എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് രജീന്ദര്‍ സിംഗ് ഭാസിന്റെ ചോദ്യം.


Next Story

Related Stories