TopTop
Begin typing your search above and press return to search.

ഫാത്തിമ ലത്തീഫിൻ്റെ മരണം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കുടുംബത്തോട് അമിത് ഷാ

ഫാത്തിമ ലത്തീഫിൻ്റെ മരണം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കുടുംബത്തോട് അമിത് ഷാ

മദ്രാസ് ഐഐടിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബം ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ഫാത്തിമയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പരാതിയുള്ളതിനാല്‍ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നവംബർ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് കൊല്ലം സ്വദേശിയായ ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പദ്മനാഭന്‍ അടക്കമുള്ള അധ്യാപകരാണ് എന്ന ഫാത്തിമയുടെ ഫോണ്‍ കുറിപ്പ് കണ്ടെത്തിയിരുന്നു.

സാമുദായിക അധിക്ഷേപവും വ്യക്തിഹത്യയുമാണ് 19കാരിയായ ഫാത്തിമയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് ആരോപണം. ഫാത്തിമയുടെ മരണത്തിൽ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐഐടി വിദ്യാർത്ഥികൾ നിരാഹാര സമരം നടത്തിയിരുന്നു. സാമുദായി അധിക്ഷേപമുണ്ടായിട്ടില്ല എന്നാണ് ഐഐടി അധികൃതരുടെ വാദം. തമിഴ് നാട് ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ലോക് സഭയിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രനും ഡിഎംകെ നേതാവ് എം കെ കനിമൊഴിയും അടക്കമുള്ളവർ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.

എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായും പ്രേമചന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു. എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണ ലഭിക്കുന്നുണ്ടെന്ന് കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്നും ആഭ്യന്തര മന്ത്രിയിൽ നിന്നും ലഭിച്ചതായും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു. മദ്രാസ് ഐഐടിയിൽ ഈ വർഷം നടന്ന ആറാമത്തെ ആത്മഹത്യയാണിത്. ഫാത്തിമയടക്കം അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപികയുമാണ് ഇതിന് മുമ്പ് ഈ വർഷം മദ്രാസ് ഐഐടിയിൽ ജീവനൊടുക്കിയത്.


Next Story

Related Stories