TopTop

"ബിഹാർ തെരഞ്ഞെടുപ്പിനെ നേരിടുക നിതീഷിന്റെ കീഴിൽ": സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ സന്ദേശം നൽകി അമിത് ഷാ

ബിഹാർ തെരഞ്ഞെടുപ്പിനെ നേരിടുക നിതീഷിന്റെ കീഴിൽ: സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ സന്ദേശം നൽകി അമിത് ഷാ

ബിജെപിയും ജനതാദൾ യുനൈറ്റ‍ഡും തമ്മിലുള്ള സഖ്യം ഉറച്ചതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിനെ തങ്ങൾ ഒരുമിച്ച് നേരിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും ജെഡിയുവും തമ്മിൽ സംസ്ഥാനത്ത് നടക്കുന്ന വാക്പോരുകൾ കാര്യമാക്കാനില്ലെന്ന നിലപാട് അമിത് ഷാ വ്യക്തമാക്കി. ദേശീയതലത്തിൽ എൻഡിഎ സഖ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാന തലത്തിൽ നിതീഷ് കുമാറുമാണ് നയിക്കുക. സഖ്യമാകുമ്പോൾ ചില അഭിപ്രായഭിന്നതയൊക്കെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഷാ നിലപാട് വിശദീകരിച്ചത്.

അഭിപ്രായഭിന്നത ഒരിക്കലും അകൽച്ചയാകുന്നില്ലെന്ന് ഷാ പറഞ്ഞു.

നിതീഷ് കുമാറിന്റെ നേതൃത്വത്തെ അസന്ദിഗ്ധമായി ഉയർത്തിക്കാട്ടാനാണ് അഭിമുഖത്തിലുടനീളം ഷാ ശ്രമിച്ചത്. തെരഞ്ഞെടുപ്പിൽ നിലവിലെ പ്രശ്നങ്ങൾ പ്രതിഫലിക്കരുതെന്ന വ്യക്തമായ സന്ദേശം സംസ്ഥാന നേതൃത്വത്തിന് നൽകുകയുമായിരുന്നു അദ്ദേഹം. നിലവിൽ നേതൃത്വം സംബന്ധിച്ച് സംസ്ഥാന നേതാക്കൾക്കിടയിലുള്ള അതൃപ്തി സഖ്യത്തിൽ ഭിന്നതയായി വളർന്നിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് ഏതെങ്കിലും തരത്തിൽ മുതലെടുക്കാനുള്ള സാധ്യതയും വേവലാതിയാണ്.

കഴിഞ്ഞയാഴ്ച പാറ്റ്നയിലെ ഗാന്ധി മൈതാനത്തിൽ നടന്ന രാവണദഹനം പരിപാടിയിൽ നിതീഷ് കുമാറിനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയും നാല് മറ്റ് നേതാക്കളും മാറി നിന്നിരുന്നു. ഇതേ പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝാ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വരികയും ചെയ്തു.

അമിത് ഷായുടെ പുതിയ പ്രസ്താവന സംസ്ഥാനത്തെ പ്രതിപക്ഷത്തിന് മുഖമടച്ച് കിട്ടിയ അടിയാണെന്ന് ജെഡിയു ദേശീയ സെക്രട്ടറിയും സംസ്ഥാന ക്യാബിനറ്റ് അംഗവുമായ ശ്യാം രജക് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയർന്നിരുന്ന സംശയങ്ങളെ ദൂരീകരിച്ചതിന് ഷായോടും മോദിയോടും നന്ദി പറയുകയും ചെയ്തു അദ്ദേഹം.


Next Story

Related Stories