2021ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ പരിവര്‍ത്തനം അനിവാര്യമാണെന്ന് ഷാ അഭിപ്രായപ്പെട്ടു. ന്യൂസ് 18ന് നല്കി അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ചീഫ് എഡിറ്റര്‍ രാഹുല്‍ ജോഷിയാണ് അമിത് ഷായുമായി അഭിമുഖ സംഭാഷണം നടത്തിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപി കഠിനാദ്ധ്വാനത്തിലൂടെ ബംഗാളില്‍ മാറ്റം കൊണ്ടുവരും, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും - അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയെപ്പറ്റിയൊക്കെ ആലോചിക്കാം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബംഗാളിലെ ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത് എന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. മമത ബാനർജിയുടെ തൃണമൂൽ സർക്കാർ കോവിഡും ഉംപുൻ ചുഴലിക്കാറ്റും ശരിയായി കൈകാര്യം ചെയ്തില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഉംപുൻ ദുരിത ബാധിതർക്ക് അർഹമായ നഷ്ടപരിഹാരം മമത സർക്കാർ നൽകിയില്ലെന്നും അമിത് ഷാ ആരോപിച്ചു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42ല്‍ 18 സീറ്റ്, 40 ശതമാനം വോട്ടോടെ ബിജെപി നേടിയിരുന്നു.
അതേസമയം ആദ്യം നിങ്ങളുടെ പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലെ ക്രമസമാധാന നില നോക്കെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. നിങ്ങളെന്തുകൊണ്ട് നിങ്ങളുടെ ബംഗാൾ ഘടകത്തിലെ തമ്മിലടി ആദ്യം പരിഹരിക്കുന്നില്ല. ബംഗാൾ എത്രമാത്രം മുന്നോട്ടുപോയി എന്നറിയാൻ സിപിഎം ഭരണകാലത്തെ ബംഗാളിന്റെ ചരിത്രമറിയണം അമിത് ഷാ - തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപി ഡെറിക്ക് ഓബ്രിയൻ അഭിപ്രായപ്പെട്ടു.