TopTop

പൗരത്വ ബിൽ: പാകിസ്താനിലും ബംഗ്ലാദേശിലുമുള്ള ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയെന്ന് അമിത് ഷാ

പൗരത്വ ബിൽ: പാകിസ്താനിലും ബംഗ്ലാദേശിലുമുള്ള ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയെന്ന് അമിത് ഷാ

ലോക്സഭയിൽ പാസ്സായ പൗരത്വ ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ലക്ഷക്കണക്കിനാളുകൾക്ക് പൗരത്വ ബിൽ മുഖാന്തിരം നേട്ടമുണ്ടാകുമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്യവെ ആഭ്യന്തരമന്ത്രി പറഞ്ഞു. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമുള്ള ന്യൂനപക്ഷങ്ങൾക്കാണ് ഇതുമൂലം ഗുണം ലഭിക്കുക. 20 ശതമാനം ഇടിവാണ് ഇവിടങ്ങളിലെ ന്യൂനപക്ഷ ജനസംഖ്യക്ക് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർ‌ഷങ്ങളായി ഇവർ ദയനീയമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ദശകങ്ങളായി ദുരിതത്തിലകപ്പെട്ട പാകിസ്താനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം കൊടുക്കേണ്ടതുണ്ടെന്നും അവർക്ക് പുതിയൊരു ജീവിതം കൊടുക്കേണ്ടതുണ്ടെന്നും അമിത് ഷാ വാദിച്ചു. ഈ ബില്ലിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ജനങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചതിനു ശേഷം, എൻഡിഎ സർക്കാർ എല്ലാവരുടെയും കൂടെ നിൽക്കാനും എല്ലാവരുടെയും വളർച്ചയ്ക്ക് പിന്തുണ നൽകാനുമാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ ബില്ല് പാസ്സാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ശിവസേനയുടെ വോട്ടുകൾ കിട്ടില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെങ്കിലും അതിജീവിക്കാൻ പ്രയാസമുണ്ടാകില്ല. ബില്ല് പാസ്സാകുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതേസമയം ജനതാദൾ യുനൈറ്റഡിന്റെ ചില നേതാക്കൾ ഉയർത്തുന്ന എതിർപ്പ് വോട്ടിങ്ങിൽ പ്രതിഫലിക്കില്ലെന്നാണ് കരുതേണ്ടത്. നിതീഷ് കുമാർ ബില്ലിനെ അനുകൂലിച്ചിട്ടുണ്ട്.

നിലവിൽ എഐഎഡിഎംകെ, ജനതാദൾ യുനൈറ്റഡ്, അകാലി ദൾ എന്നിവയുടെ അംഗങ്ങൾ ചേർന്ന് 11 പേരുടെ പിന്തുണ രാജ്യസഭയിൽ ബിജെപിക്കുണ്ട്. ഇതോടൊപ്പം 14 പേരുടെ കൂടി പിന്തുണ സംഘടിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതോടെ 130 പേരുടെ പിന്തുണയാകും. 240 അംഗങ്ങളുള്ള സഭയിൽ 121 പേരുടെ പിന്തുണയാണ് ബിൽ പാസ്സാകാൻ വേണ്ടത്.


Next Story

Related Stories