TopTop
Begin typing your search above and press return to search.

"എല്ലാ 'അനധികൃത കുടിയേറ്റക്കാരെ'യും ഓടിക്കും; സങ്കടപ്പെടാൻ രാഹുലിന്റെ ബന്ധുക്കളാണോ അവർ?" അമിത് ഷാ

"എല്ലാ അനധികൃത കുടിയേറ്റക്കാരെയും ഓടിക്കും; സങ്കടപ്പെടാൻ രാഹുലിന്റെ ബന്ധുക്കളാണോ അവർ?" അമിത് ഷാ

രാജ്യത്തെ എല്ലാ 'അനധികൃത കുടിയേറ്റക്കാരെ'യും 2024നു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഓടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാദ്യമായാണ് 'ദേശീയ പൗരത്വ രജിസ്റ്റർ' നടപ്പാക്കുന്നതിന് ഒരു സമയപരിധി ബിജെപി വെക്കുന്നത്. ജാർഖണ്ഡിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബന്ധുക്കളാണോ കുടിയേറ്റക്കാരെന്നും അതുകൊണ്ടാണോ അദ്ദേഹം അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് ഓടിക്കുന്നതിനെ എതിർക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. "രാഹുൽ ചോദിക്കുന്നു എന്തിനാണ് നുഴഞ്ഞു കയറ്റക്കാരെ ഓടിക്കുന്നതെന്ന്. അവരെവിടെ പോകുമെന്ന് ചോദിക്കുന്നു. രാഹുലിന്റെ ബന്ധുക്കളാണോ ഈ കുടിയേറ്റക്കാർ?" അമിത് ഷാ ചോദിച്ചു.

രാജ്യത്തെല്ലായിടത്തു നിന്നും കുടിയേറ്റക്കാരെ ഓടിക്കണമെന്നും അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ എന്നാണ് നിയമത്തിന്റെ പേരെന്നും പേരിൽത്തന്നെ അതിന്റെ ഉദ്ദേശ്യവും ഉണ്ടെന്നും ഷാ പറഞ്ഞു.

അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പുറത്താക്കപ്പെട്ട 19 ലക്ഷം പേരിൽ വലിയ വിഭാഗമാളുകൾ അസമുകാര്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി തന്നെ രംഗത്തു വരികയുണ്ടായി. നിരവധി പ്രമുഖരും പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുകയുണ്ടായി. ഈ ഭീതിയിൽ ആത്മഹത്യകളും നിരവധി നടന്നു.

സംസ്ഥാനത്ത് 'പുതിയ പൗരത്വ രജിസ്റ്റർ' കൊണ്ടുവരുമെന്നാണ് ബിജെപി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു പൗരത്വ രജിസ്റ്റർ അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അമിത് ഷാ രാജ്യസഭയിൽ ഈ നിലപാട് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അസമിൽ വീണ്ടും കണക്കെടുപ്പ് നടത്തുമെന്നും രാജ്യമെങ്ങും പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Next Story

Related Stories