TopTop
Begin typing your search above and press return to search.

ടി എന്‍ ശേഷനൊപ്പം ഒരു സായാഹ്നം

ടി എന്‍ ശേഷനൊപ്പം ഒരു സായാഹ്നം

തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി എന്‍ ശേഷന്‍ നേരില്‍ കാണാന്‍ അവസരം ഒത്തുവന്നത് 2000ത്തിലെ ഒരു വൈകുന്നേരമായിരുന്നു. എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന, കടുത്ത തീരുമാനങ്ങളിലൂടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്തെ ഒരു വലിയ പരിധി വരെ സംശുദ്ധമാക്കിയ ഒരു മഹാന്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ കാണാന്‍ പോയതിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു- പ്രിയ എഴുത്തുകാരന്‍ വടക്കേ കൂട്ടാല നാരായണന്‍ നായരുടെ (വികെഎന്‍) 'അധികാരം' എന്ന നോവലിലെ കേന്ദ്ര കഥാപാത്രത്തെ നേരില്‍ കാണാനുള്ള ആഗ്രഹം ഏറെക്കാലമായി മനസ്സില്‍ കയറിപറ്റിയിരുന്നു എന്നത് തന്നെ. രണ്ടാമത് പറഞ്ഞ ആഗ്രഹം പ്രസ്തുത നോവല്‍ വായിച്ച കാലത്തുണ്ടായിരുന്നതിനേക്കാള്‍ ശക്തമാകാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.

അതാവട്ടെ കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി പ്രസ്തുത നോവല്‍ ഉള്‍പ്പെടുത്തിയതിനെതിരെ കെ എസ് യു - യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തലശ്ശേരി നഗരത്തിലും ബ്രണ്ണന്‍ കോളേജിലും വല്യ പ്രക്ഷോഭം അഴിച്ചു വിട്ടത് ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പായിരുന്നു. രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്ന കൃതി എന്ന നിലയിലായിരുന്നു അവര്‍ നോവലിനെ എതിര്‍ത്തതും അതിന്റെ കോപ്പികള്‍ കത്തിച്ചതും. നോവല്‍ പാഠ്യവിഷയമായിട്ട് അപ്പോഴേക്കും രണ്ടു വര്‍ഷം പിന്നിടുന്ന വേളയിലായിരുന്നു പ്രതിഷേധവും കോപ്പി കത്തിക്കലും എന്നതില്‍ ഒട്ടുമേ അത്ഭുതം തോന്നിയിരുന്നില്ല. വായനാ ശീലം ഇല്ലാത്തവര്‍, അക്ഷര വൈരികള്‍ എന്നൊക്കെയുള്ള ദുഷ്‌പ്പേര് അക്കൂട്ടര്‍ക്കു ഉണ്ടായിരുന്നതുകൊണ്ട് തന്നെ. തിരുവില്വാമലയിലേക്കു വിളിച്ചപ്പോള്‍ വികെഎന്‍ ഉരിയാടിയതു 'കത്തട്ടെടോ' എന്നായിരുന്നു. ഫോണ്‍ വെക്കുന്നതിനു മുന്‍പായി 'താന്‍ നാളെ തന്നെ ഇങ്ങോട്ടു വരൂ' എന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്തയും പ്രതികരണങ്ങളും കൊടുത്തെങ്കിലും പിറ്റേ ദിവസത്തെ ആ യാത്ര തരപ്പെട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ നോവലിലെ കാര്യ വിവരമില്ലാത്ത യുവ രാജാവിന്റെ ഇന്റലിജന്‍സ് ചീഫ് രാമന്‍ നമ്പൂതിരി ഇതാ കണ്ണൂരിലേക്കു വരുന്നു. മുഹമ്മദ് മലയുടെ അടുത്തേക്ക് ചെന്നില്ലെങ്കില്‍ മുഹമ്മദിനെ തേടി മല ഇങ്ങോട്ടു വരും എന്ന് പറഞ്ഞതുപോലുള്ള ഒരു അനുഭവം!

നൃത്ത കലയില്‍ വിസ്മയം രചിച്ച ശാന്ത - ധനഞ്ജയന്‍ ദമ്പതികള്‍ അക്കാലത്തു പയ്യന്നൂര്‍ പിലാത്തറക്കടുത്തു 'ഭാസ്‌കര' എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചിരുന്നു. പിലാത്തറയില്‍ നിന്നും മാതമംഗലത്തേക്കുള്ള റോഡില്‍ കൈതപ്രം എന്ന കൊച്ചു ഗ്രാമത്തില്‍. പഴയ മൂഷിക രാജവംശത്തിന്റെ കാലത്തു കര്‍ണാടകത്തില്‍ നിന്നും പൂജാദി കര്‍മ്മങ്ങള്‍ക്കായി കൊണ്ടുവന്ന ബ്രാഹ്മണ കുടുംബങ്ങളില്‍ വലിയൊരു വിഭാഗം വാസസ്ഥലമായി തിരെഞ്ഞെടുത്ത സ്ഥലമാണ് കൈതപ്രം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മറ്റും ജനിച്ച ഈ ഗ്രാമമാണ് കേരളത്തിലെ ഏറ്റവും വലിയ ബ്രാഹ്മണ ഗ്രാമം. പ്രസ്തുത ഗ്രാമത്തെക്കുറിച്ച് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്' പത്രത്തിനുവേണ്ടി ഒരു സചിത്ര ലേഖനം തയ്യാറാക്കിയതിനു തൊട്ടു പിന്നാലെ തന്നെയായിരുന്നു കൈതപ്രത്തേക്കുള്ള അന്നത്തെ ആ യാത്രയും.

കാണേണ്ട വ്യക്തി ചില്ലറക്കാരന്‍ അല്ലാത്തതുകൊണ്ടു തന്നെ നേരത്തെ പുറപ്പെട്ടു. മദ്രാസ്സില്‍ സ്ഥിരം താമസമാക്കിയവരാണ് ശാന്ത - ധനഞ്ജയന്‍ ദമ്പതികള്‍. അതുകൊണ്ടു തന്നെ സ്‌കൂളിന്റെ നടത്തിപ്പ് ടി പി ഭാസ്‌കര പൊതുവാള്‍ എന്ന ഒരാളെ ആയിരുന്നു ഏല്‍പ്പിച്ചിരുന്നത്. പരസ്പരം നേരത്തെ അറിയുന്നവര്‍ ആയിരുന്നതിനാല്‍ ഊഷ്മളമായ സ്വീകരണം തന്നെ ലഭിച്ചു. വിഷിഷ്ട്ടാതിഥി ശാന്ത - ധനഞ്ജയന്‍ ദമ്പതികള്‍ക്കൊപ്പം കാറില്‍ വന്നിറിങ്ങിയപ്പോള്‍ മുന്‍ നിരയില്‍ നിന്ന് സ്വീകരിക്കാനും കഴിഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ ആ വലിയ മനുഷ്യന്‍ മുന്‍ പരിചയം ഉള്ളതുപോലെ എന്റെ തോളത്തേക്കു കയ്യിട്ടപ്പോള്‍ അറിയാതെ ഒന്ന് ഉലഞ്ഞുപോയി. നല്ല ഭാരമുള്ള അദ്ദേഹത്തെ മെല്ലിച്ച എന്റെ ദേഹം എങ്ങനെ താങ്ങും എന്ന ചിന്തകൊണ്ടായിരുന്നില്ല അത്. ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരു വലിയ മനുഷ്യന്‍ ഒരു താങ്ങിനായി എന്നെ തന്നെ തിരഞ്ഞെടുത്തിലുള്ള അടങ്ങാത്ത സന്തോഷം കൊണ്ടുകൂടിയായിരുന്നു അത്.

സ്‌കൂളിന്റെ വാര്‍ഷികാഘോഷമായിരുന്നു അന്ന്. ചടങ്ങു കഴിഞ്ഞപ്പോള്‍ അര മണികൂറോളം അദ്ദേഹത്തിനൊപ്പം ചെലവഴിക്കാനും അവസരം ലഭിച്ചു. മാറ്റങ്ങള്‍ വെറുതെ ഉണ്ടാകില്ലെന്നും അതിനായി നാം തന്നെ മുന്നിട്ടിറങ്ങണം എന്നും മാത്രമാണ് തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ കൊണ്ടു വന്ന ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച മാറ്റങ്ങളെക്കുറിച്ചു അദ്ദേഹം പ്രതികരിച്ചത്. വികെഎന്‍ നോവലിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ഒന്ന് ഊറി ചിരിച്ചു. 'ഹി ഈസ് എ ഗുഡ് റൈറ്റര്‍. എ ഗുഡ് ജേണലിസ്‌റ് ടൂ'. പ്രതികരണം കേവലം രണ്ടു വാക്കില്‍ ഒതുങ്ങിയെങ്കിലും അന്നത്തെ ആ ചിരിക്കു പിന്നില്‍ ഒരുപാട് ഒരുപാട് നിഗൂഢ അര്‍ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നതുപോലെ തോന്നി.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories