TopTop
Begin typing your search above and press return to search.

പിപിഇ കിറ്റുകളില്ലാത്തത് പരാതിപ്പെട്ട ഡോക്ടര്‍ക്ക് പൊലീസ് മര്‍ദ്ദിച്ച് മനോരോഗശുപത്രിയിലാക്കി; ആക്രമിക്കപ്പെട്ടത് ആന്ധ്രയിലെ മികച്ച അനസ്തെറ്റിസ്റ്റുകളിലൊരാള്‍

പിപിഇ കിറ്റുകളില്ലാത്തത് പരാതിപ്പെട്ട ഡോക്ടര്‍ക്ക് പൊലീസ് മര്‍ദ്ദിച്ച് മനോരോഗശുപത്രിയിലാക്കി; ആക്രമിക്കപ്പെട്ടത് ആന്ധ്രയിലെ മികച്ച അനസ്തെറ്റിസ്റ്റുകളിലൊരാള്‍

പിപിഇ കിറ്റുകള്‍ കുറവാണെന്ന് പരാതിപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. ഇദ്ദേഹം പരാതി ഉന്നയിച്ചതിനു പിന്നാലെ സസ്പെന്‍ഡ് ചെയ്യുകയും പിടികൂടി ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പൊലീസ് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. 'ശല്യമുണ്ടാക്കി' എന്ന് കാണിച്ചാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശാഖപട്ടണത്താണ് സംഭവം.

അതിക്രൂരമായാണ് സുധാകര്‍ റാവു എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയിരുന്നു. വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശം നടത്തിയെന്നതാണ് ആശുപത്രിയിലെ ഉന്നത മേധാവികളെയും പൊലീസിനെയും പ്രകോപിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ മുന്നേറ്റനിരയില്‌ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ രാജ്യം ബഹുമാനത്തോടെ കാണുന്നതിനിടയിലാണ് ഞെട്ടലുളവാക്കുന്ന ഈ സംഭവമുണ്ടായിരിക്കുന്നത്.

അതെസമയം ഡോക്ടര്‍ക്ക് ആശങ്ക കൂടിയതിന്റെ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് അധികൃതര്‍ ആരോപിക്കുന്നത്. പിപിഇ കിറ്റുകള്‍ ലഭ്യമാക്കാത്തതിന്റെ പേരില്‍ ജഗന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാല്‍ ഇദ്ദേഹത്തെ മാര്‍ച്ച് മാസത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ക്കും പൊലീസുകാര്‍ക്കുമാണ് പിപിഇ കിറ്റുകള്‍ സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഇദ്ദേഹം ആരോപിക്കുകയുണ്ടായി. വിമര്‍ശനമുന്നയിച്ച് ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലിട്ട വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

ഡോക്ടറെ പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ കോവിഡ് കമ്മിറ്റി മെമ്പറായ ഡോ. പിപി ഗംഗാധര്‍ റാവു പ്രതികരിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് നടപടിയെ ശക്തിയായി അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൈയില്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. ധാരാളം പൊലീസുകാരും ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഡോക്ടറോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് അദ്ദേഹം ചോദിച്ചു.

ആന്ധ്ര സര്‍ക്കാര്‍ ആശുപത്രികളിലെ ഏറ്റവും മികച്ച അനസ്തെറ്റിസ്റ്റുകളിലൊരാളാണ് ഡോ. സുധാകര്‍ റാവുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാപ്പെഴുതിച്ചതിനു ശേഷം മാത്രമേ സുധാകര്‍ റാവുവിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories