TopTop
Begin typing your search above and press return to search.

ആന്ധ്രപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് ജഗൻ, അമരാവതിക്കായി ഭൂമി കൊടുത്ത കർഷകർ കോടതിയിലേയ്ക്ക്

ആന്ധ്രപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായിരിക്കുമെന്ന് ജഗൻ, അമരാവതിക്കായി ഭൂമി കൊടുത്ത കർഷകർ കോടതിയിലേയ്ക്ക്
ആന്ധ്രപ്രദേശിലെ അമരാവതിയിൽ ഭൂമി ഏറ്റെടുത്ത് പുതിയ തലസ്ഥാനനിർമ്മാണം തുടങ്ങിയ ചന്ദ്രബാബു നായിഡുവിന്റെ മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കി വിശാഖപട്ടണത്തെ തലസ്ഥാനമാക്കാനുള്ള നടപടികൾ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ സർക്കാർ തുടങ്ങി. ചന്ദ്രബാബു നായിഡുവിന്റെ അമരാവതിക്ക് പകരം ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്നതാണ് ജഗൻമോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ ഇതിന് അംഗീകാരം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ പ്രധാന തലസ്ഥാന അമരാവതിയിൽ നിന്ന് വിശാഖപട്ടണത്തേയ്ക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. വിശാഖപട്ടണത്തെ എക്സിക്യൂട്ടീവ് തലസ്ഥാനത്തിന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉടൻ തറക്കല്ലിടും.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടികൾക്കൊപ്പം വിശാഖപട്ടണം തലസ്ഥാനമാക്കിക്കൊണ്ടുള്ള തറക്കല്ലിടൽ ചടങ്ങ് നടന്നേക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത്തവണ മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വിശാഖപട്ടണത്തായിരിക്കും. സർക്കാർ ഓഫീസുകൾ ഘട്ടം ഘട്ടമായി വിശാഖപട്ടണത്തേയ്ക്ക് മാറ്റും. ഒക്ടോബർ 25നകം സെക്രട്ടറിയേറ്റും മറ്റും വിശാഖപട്ടണത്ത് പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ പറയുന്നു. ദസറ സമയത്താണിത്.
വിശാഖപട്ടണത്തെ അടിസ്ഥാന സൗകര്യ സുരക്ഷയും വികസനവും സംബന്ധിച്ച് പഠിക്കാൻ ഉന്നതതലസമിതിയെ ഇന്ന് സർക്കാർ ചുമതലപ്പെടുത്തി. വിശാഖപട്ടണം പൊലീസ് കമ്മീഷണർ ആർ കെ മീണയുടെ നേതൃത്വത്തിലാണ് കമ്മിറ്റി. വിശാഖപട്ടണം തലസ്ഥാനമാക്കുമ്പോൾ ഏർപ്പെടുത്തേണ്ട സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും പൊലീസ് സംവിധാനവുമെല്ലാം കമ്മിറ്റി വിലയിരുത്തി റിപ്പോർട്ട് നൽകും. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശ പ്രകാരം ഡിജിപി ഗൗതം സവാങ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം 34,000 ഹെക്ടറോളം വരുന്ന കൃഷി ഭൂമിയാണ് നായിഡുവിന്റെ ടിഡിപി സർക്കാർ തലസ്ഥാനനിർമ്മാണത്തിനായി ഏറ്റെടുത്തിരുന്നത്. ഇപ്പോൾ തലസ്ഥാനം മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കർഷകർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തുല്ലുരു, മണ്ഡഡം, വെങ്കടായപാലം, വെലഗാപോഡി എന്നിവിടങ്ങളിലുള്ള നൂറൂകണക്കിനുള്ള കർഷകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. അമരാവതി തലസ്ഥാനമാക്കാൻ ത്യാഗം ചെയ്ത ആയിരക്കണക്കിന് കർഷകരെ സർക്കാർ തകർത്തിരിക്കുന്നു. അവരുടെ ത്യാഗങ്ങളെ വിലയില്ലാതെ കാണുന്നു - അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷൻ കമ്മിറ്റി നേതാവ് എ ശിവ റെഡ്ഡി പറഞ്ഞു. ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇവർ ഹർജി നൽകിയേക്കും. മൂന്ന് തലസ്ഥാനങ്ങൾ അനുവദിച്ചുകൊണ്ടുള്ള കാപ്പിറ്റൽസ് ആക്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. തലസ്ഥാന മാറ്റത്തിനെതിരെ ടിഡിപി എംഎൽഎ തഡികൊണ്ട ശ്രാവൺ കുമാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Next Story

Related Stories