TopTop
Begin typing your search above and press return to search.

ഒരു വര്‍ഷമായി പ്രിയങ്ക ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തുപോലും എത്താറില്ല; പിന്നെയെങ്ങനെ യുപിയില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഒരു വര്‍ഷമായി പ്രിയങ്ക ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തുപോലും എത്താറില്ല; പിന്നെയെങ്ങനെ യുപിയില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതിന്റെ കണക്കുകള്‍ കാട്ടിയാണ് കോണ്‍ഗ്രസ് ആശ്വാസം കൊള്ളുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതായും പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 11 മാസമായി ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്തേക്കുപോലും പ്രിയങ്ക എത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ പ്രിയങ്ക പേരിനുപോലും എവിടെയും എത്തിയിരുന്നില്ല. ഹൈക്കമാന്‍ഡിന്റെ സജീവ സാന്നിധ്യവും ഇക്കുറി പ്രകടമായിരുന്നില്ല. മുമ്പെങ്ങുമില്ലാത്തവിധം ആശയവിനിമയത്തില്‍ പോലും വലിയ വിടവ് ദൃശ്യമായതോടെ സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ അനിശ്ചിതത്വം തുടരുകയാണെന്നും പേര് വെളിപ്പെടുത്താത്ത നേതാക്കളെ ഉദ്ധരിച്ചുകൊണ്ട് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് മണ്ഡലങ്ങളില്‍ ബുലന്ദ്ഷഹര്‍, ബംഗാര്‍മൗ, ഗതംപുര്‍, ഡിയോറിയ, തുണ്ട്ല, നൗഗാവ് എന്നീ സീറ്റുകളില്‍ ബിജെപി ജയിച്ചു. മല്‍ഹാനിയില്‍ സമാജ്‌വാദി പാര്‍ട്ടി സീറ്റ് നിലനിര്‍ത്തി. തിരഞ്ഞെടുപ്പില്‍ 36.73 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. എസ്പിക്ക് 23.6 ശതമാനം വോട്ടുകളും ബിഎസ്പി 18.97 ശതമാനം വോട്ടുകളും നേടി. അതേസമയം, 7.53 ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ബംഗാര്‍മൗ, ഗതംപുര്‍ മണ്ഡലങ്ങളില്‍ ബിജെപിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി. തുണ്ട്‌ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തന്നെ തള്ളിപ്പോയിരുന്നു.

സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപോലും പ്രിയങ്ക എത്താതെ എങ്ങനെയാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാകുക എന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ ഉയരുന്ന ചോദ്യം. 2019 ഡിസംബറിനുശേഷം പ്രിയങ്ക സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനം പോലും സന്ദര്‍ശിച്ചിട്ടില്ല. ഫെബ്രുവരിയില്‍, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പരിക്കേറ്റ ആക്ടിവിസ്റ്റുകളെ കാണാന്‍ അസംഗഢിലും കഴിഞ്ഞമാസം, ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്കും മാത്രമാണ് ഇതിനിടെ പ്രിയങ്ക എത്തിയത്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല കൗള്‍ താമസിച്ചിരുന്ന ലക്‌നൗവിലെ വസതിയിലേക്ക് പ്രിയങ്ക മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതും സംഭവിച്ചില്ല. എല്ലാത്തിനുമൊടുവില്‍ ഉപ തിരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ നിരാശയായിരുന്നു ഫലം.


Next Story

Related Stories