TopTop
Begin typing your search above and press return to search.

"ജനങ്ങള്‍ വിചാരിക്കുന്നുണ്ടാകും എന്തുതരം പ്രധാനമന്ത്രിയാണ് ഞാനെന്ന്": മാപ്പപേക്ഷയുമായി നരേന്ദ്രമോദി

"ജനങ്ങള്‍ വിചാരിക്കുന്നുണ്ടാകും എന്തുതരം പ്രധാനമന്ത്രിയാണ് ഞാനെന്ന്": മാപ്പപേക്ഷയുമായി നരേന്ദ്രമോദി

അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പറഞ്ഞു. "ജനങ്ങള്‍ വിചാരിക്കുന്നുണ്ടാകും എന്തുതരം പ്രധാനമന്ത്രിയാണ് ഞാന്‍ എന്ന്. പക്ഷെ, നമ്മുടെ മുമ്പിലുള്ള ഒരേയൊരു മാര്‍ഗം ലോക്ക്ഡൗണ്‍ ആണ്," മോദി പറഞ്ഞു.

മൂന്നാഴ്ചയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവിലുള്ളത്. ലോക്ക്ഡൗണ്‍ അഞ്ച് ദിവസം പിന്നിടുമ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ പരിഭ്രാന്തരായി നാടു പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകളാണ് വരുന്നത്. എല്ലാവരും അവരവര്‍ ഉള്ള സ്ഥലത്തു തന്നെ കഴിയണമെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതോടെ പട്ടിണിയാകുകയും തിരിച്ച് നാട്ടിലേക്ക് പോകാതെ പറ്റാത്ത സ്ഥിതി വരികയും ചെയ്തു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണമെത്തിക്കാന്‍ പദ്ധതികളൊന്നും പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തോടൊപ്പം ഉണ്ടായിരുന്നുമില്ല.

ഡല്‍ഹിയില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലും ബിഹാറിലുമുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. ഇതില്‍ ലക്ഷക്കണക്കിനാളുണ്ട്. ഇവരെ ഏകാന്തവാസത്തിലാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറെടുക്കുകയാമിപ്പോള്‍. ഈ കൂട്ടപ്പലായനങ്ങള്‍ സമൂഹവ്യാപന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. കാര്യമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഉള്‍ഗ്രാമങ്ങളിലേക്ക് ഇവര്‍ രോഗമെത്തിക്കുമോയെന്ന ഭീതിയും നിലനില്‍ക്കുന്നു. ആരോഗ്യസംവിധാനങ്ങള്‍ ദുര്‍ബലമായ ഇത്തരം ഗ്രാമങ്ങളിലേക്ക് കൊറോണ വ്യാപിച്ചാല്‍ അത് വലിയ ദുരന്തത്തിന് വഴി വെക്കുമെന്ന ആശങ്ക പങ്കുവെക്കപ്പെടുന്നുണ്ട്.

കിലോമീറ്ററുകളോളം നടന്ന് നാടുകളിലേക്ക് തിരിച്ചു പോകുന്നവരെ സഹായിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബസ്സുകള്‍ ഇവര്‍ക്കു വേണ്ടി നിരത്തിലിറക്കിയിട്ടുണ്ട് ഡല്‍ഹി സര്‍ക്കാര്‍. ശനിയാഴ്ച 500ഓളം ബസ്സുകള്‍ സര്‍ക്കാര്‍ നിരത്തിലിറക്കി നല്‍കി.

അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെ നേരിടാന്‍ പ്രധാനമന്ത്രി യാതൊന്നും ചെയ്തില്ലെന്ന ആരോപണം ഉയരുന്നുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Next Story

Related Stories