TopTop
Begin typing your search above and press return to search.

കേന്ദ്രനിയമം സംസ്ഥാനത്തിന് മാറ്റാനാകുമോ? എന്തിനീ നാടകമെന്ന് കേജ്‌രിവാള്‍; ഭേദഗതി ആവശ്യപ്പെടാമെന്ന വകുപ്പ് താങ്കള്‍ക്ക് അറിയാമെന്ന് കരുതിയെന്ന് അമരീന്ദര്‍ സിംഗ്

കേന്ദ്രനിയമം സംസ്ഥാനത്തിന് മാറ്റാനാകുമോ? എന്തിനീ നാടകമെന്ന് കേജ്‌രിവാള്‍; ഭേദഗതി ആവശ്യപ്പെടാമെന്ന വകുപ്പ് താങ്കള്‍ക്ക് അറിയാമെന്ന് കരുതിയെന്ന് അമരീന്ദര്‍ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച പഞ്ചാബ് നിയസഭയുടെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കേന്ദ്ര നിയമത്തെ ഒരു സംസ്ഥാനത്തിന് മാറ്റാനാകുമോ? പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദര്‍ സിംഗ് നാടകം കളിച്ച് ജനങ്ങളെ വിഢികളാക്കുകയാണെന്നായിരുന്നു കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ തരാതെ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന ആപ്പ്, എസ്എഡി പാര്‍ട്ടികളുടെ നിലപാടില്‍ നിരാശയുണ്ടെന്ന് അമരീന്ദര്‍ പറഞ്ഞതിനു മറുപടിയായാണ് കേജ്‌രിവാളിന്റെ ട്വീറ്റ് ചെയ്തത്. അതേസമയം, കേന്ദ്ര നിയമത്തില്‍ ഭേദഗതി ആവശ്യപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തെക്കുറിച്ച് താങ്കള്‍ക്ക് അറിയാമെന്നായിരുന്നു തന്റെ ധാരണയെന്ന് അമരീന്ദര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് ചൊവാഴ്ച പഞ്ചാബ് നിയമസഭ നാല് ബില്ലുകള്‍ പാസാക്കിയത്. അഞ്ച് മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്ലുകള്‍ പാസാക്കിയത്. ബിജെപി വിട്ടുനിന്നപ്പോള്‍ എസ്എഡി, ആം ആദ്മി പാര്‍ട്ടി, ലോക് ഇന്‍സാഫ് പാര്‍ട്ടി എംഎല്‍എമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങള്‍ ബില്ലുകളെ പിന്തുണച്ചിരുന്നു. സഭയില്‍ പിന്തുണച്ചശേഷം എസ്എഡി, ആം ആദ്മി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായ വിമര്‍ശനത്തോടായിരുന്നു അമരീന്ദറിന്റെ പ്രതികരണം. സഭയില്‍ പിന്തുണയ്ക്കകയും പുറത്തിറങ്ങി മറ്റെന്തെങ്കിലും പറയുകയും ചെയ്യുന്ന എസ്എഡി, ആം ആദ്മി പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് നിരാശപ്പെടുത്തി. പ്രശ്‌നം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. നമ്മുടെ കര്‍ഷകര്‍ക്കായി സംസ്ഥാനമെന്ന നിലയില്‍ നാം ഒരുമിച്ച് നില്‍ക്കണം എന്നായിരുന്നു അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചത്.

രാജാ സാഹിബ്, നിങ്ങള്‍ കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്തു. ഒരു സംസ്ഥാനത്തിന് കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ കഴിയുമോ? നിങ്ങള്‍ നാടകം കളിച്ചിരിക്കുന്നു, പൊതുജനത്തെ വിഢികളാക്കി. നാളെ നിങ്ങള്‍ നിയമം പാസാക്കിയാല്‍ പഞ്ചാബിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില ലഭിക്കുമോ? ഇല്ല. കര്‍ഷര്‍ക്ക് കുറഞ്ഞ താങ്ങുവിലയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ തെറ്റായ നിയമങ്ങളല്ല-എന്നായിരുന്നു കേജ്‌രിവാളിന്റെ മറുപടി ട്വീറ്റ്.

അതിനുപിന്നാലെ കൂടുതല്‍ മറുപടി അമരീന്ദര്‍ കേജ്‌രിവാളിന് നല്‍കി. എന്റെ സര്‍ക്കാരിന്റെ ബില്ലുകളെ ചോദ്യം ചെയ്യുന്നതിനുപകരം എന്തുകൊണ്ടാണ് നിങ്ങളുടെ ഐടി മനോഭാവത്തില്‍ നിന്ന് പുറത്തുവരാത്തത്? നിങ്ങള്‍ ഞങ്ങളെ പിന്തുണച്ച പഞ്ചാബ് ആം ആദ്മി പാര്‍ട്ടിയോട് ചോദിക്കൂ, ഞങ്ങളുടെ ബില്ലുകള്‍ മുഖംരക്ഷിക്കാനുള്ളത് മാത്രമായിരുന്നോയെന്ന്? പന്ത് നിങ്ങളുടെ കോര്‍ട്ടിലാണ്. നിങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമോ അതോ അവര്‍ക്കെതിരോ? എന്ന് ഒരു ട്വീറ്റില്‍ ചോദിച്ച അമരീന്ദര്‍ പിന്നീട് ബില്ലുകളുടെ നിയമവശത്തെക്കുറിച്ചും മറുപടി നല്‍കി. നിങ്ങള്‍ക്ക് ഭരണഘടന നന്നായി അറിയാമെന്നാണ് കരുതിയത്. പ്രാദേശിക, സ്ന്ദര്‍ഭോചിത ആവശ്യങ്ങളില്‍ കേന്ദ്ര നിയമത്തില്‍ സംസ്ഥാനത്തിന് ഭേദഗതി തേടാമെന്ന് ആര്‍ട്ടിക്കിള്‍ 254 പറയുന്നുണ്ട്. അത് പലപ്പോഴും ചെയ്തിട്ടുമുണ്ട്. പ്രത്യേകിച്ചും സിപിസി, സിആര്‍പിസി കേസുകളില്‍. നിങ്ങള്‍ക്കിത് ഇപ്പോള്‍ പരിശോധിക്കാമെന്നും അമരീന്ദര്‍ കുറിച്ചു.


Next Story

Related Stories