TopTop
Begin typing your search above and press return to search.

"ഞങ്ങൾ ബിജെപിയേയും നിതീഷിനേയും പോലെ വ്യാജവാഗ്ദാനങ്ങൾ നൽകില്ല" - തേജസ്വി യാദവ്; ആർജെഡിയുടെ പ്രകടനപത്രിക പുറത്തിറക്കി

ഞങ്ങൾ ബിജെപിയേയും നിതീഷിനേയും പോലെ വ്യാജവാഗ്ദാനങ്ങൾ നൽകില്ല - തേജസ്വി യാദവ്; ആർജെഡിയുടെ പ്രകടനപത്രിക പുറത്തിറക്കി

തൊഴിലില്ലായ്മ പ്രധാന വിഷയമാക്കിയും ബിജെപിയേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും കടന്നാക്രമിച്ചും ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആര്‍ജെഡിയുടെ പ്രകടനപത്രിക. ആദ്യ ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രമുള്ളപ്പോളാണ് ആര്‍ജെഡി പ്രകടനപത്രിക പുറത്തിറിക്കിയിരിക്കുന്നത്. തേജസ്വി യാദവും മനോജ് കെ ഝായും അടക്കമുള്ള നേതാക്കളാണ് പാറ്റ്‌നയില്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപിയും കോണ്‍ഗ്രസ്സും കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക പുറത്തിറക്കിയിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ബിജെപി. കോണ്‍ഗ്രസ്, ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിലും.

10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ആവര്‍ത്തിച്ചാണ് ആര്‍ജെഡിയുടെ പ്രകടനപത്രിക. മെച്ചപ്പെട്ട ആരോഗ്യരക്ഷാ സംവിധാനങ്ങളടക്കം ആര്‍ജെഡി വാഗ്ദാനം ചെയ്യുന്നു. ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുന്നതായി ആര്‍ജെഡി വിമര്‍ശിച്ചു. 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഞങ്ങളുടെ വാഗ്ദാനം സത്യസന്ധമാണ്. ബിജെപിയെപ്പോലെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വ്യാജവാഗ്ദാനമോ ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റിന്റെ (നിതീഷ് സര്‍ക്കാര്‍) വാഗ്ദാനങ്ങളോ പോലെയല്ല അത്. 19 ലക്ഷം തൊഴില്‍ നല്‍കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമടക്കം ചൂണ്ടിക്കാട്ടി തേജസ്വി യാദവ് പറഞ്ഞു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് എങ്ങനെ 10 ലക്ഷം തൊഴില്‍ കണ്ടെത്തുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി ചോദിച്ചതിന്റെ പിറ്റേ ദിവസമാണ് 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. ഇത്രയും തൊഴിലിനുള്ള പണം തേജസ്വി ജയിലില്‍ നിന്ന് കണ്ടെത്തുമോ എന്നാണ് നിതീഷ് കുമാര്‍ ചോദിച്ചത്. അതേസമയം നവംബർ 9ന് ലാലു പ്രസാദ് യാദവ് ജയിലിൽ നിന്നിറങ്ങുമെന്നും നവംബർ 10ന് നിതീഷ് കുമാറിന് 'യാത്ര അയപ്പ്' നൽകുമെന്നും തേജസ്വി യാദവ് പറഞ്ഞു. നവംബർ 10നാണ് ബിഹാറിൽ വോട്ടെണ്ണൽ ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ്.

ബിഹാര്‍ സര്‍ക്കാരിന് നിഷ്പ്രയാസം 4 ലക്ഷം ജോലി നല്‍കാന്‍ കഴിയും 2.13 ലക്ഷം കോടി രൂപയുടെ ബജറ്റുണ്ട്. ഇതില്‍ 60 ശതമാനവും ചെലവാക്കി. ബാക്കി 40 ശതമാനം ചിലവഴിക്കാന്‍ നിതീഷ് കുമാറിന് കഴിഞ്ഞില്ല. ഇത് 80,000 കോടിയാണ് - തേജസ്വി യാദവ് പറഞ്ഞു. ബിഹാറിനെ വികസനത്തിലേയ്ക്ക് നയിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് ദേശീയ തൊഴില്‍ ശരാശരിയുമായാണ് മത്സരിക്കേണ്ടത്. ഈ മാറ്റമാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അതൊരു ഉറപ്പാണ്. ഞങ്ങളത് യാഥാര്‍ഥ്യമാക്കും. നിതീഷ് കുമാര്‍ ക്ഷീണിച്ചിരിക്കുന്നു. ബിഹാറിന്റെ കാര്യങ്ങള്‍ നോക്കാനുള്ള കെല്‍പ്പ് അദ്ദേഹത്തിനില്ല. തൊഴിലില്ലായ്മയും കുടിയേറ്റ തൊഴിലാളി പ്രശ്‌നവും കോവിഡ് കൈകാര്യം ചെയ്തതിലെ അപാകതകളും ചൂണ്ടിക്കാട്ടി തേജസ്വി യാദവ് പറഞ്ഞു.


Next Story

Related Stories