TopTop
Begin typing your search above and press return to search.

അസമിലെ പൗരത്വ റജിസ്റ്ററില്‍ വീണ്ടും ആശയക്കുഴപ്പം, അയോഗ്യരായവര്‍ കടന്നുകൂടിയെന്നും കണ്ടെത്തണമെന്നും നിര്‍ദ്ദേശം

അസമിലെ പൗരത്വ റജിസ്റ്ററില്‍ വീണ്ടും ആശയക്കുഴപ്പം, അയോഗ്യരായവര്‍ കടന്നുകൂടിയെന്നും കണ്ടെത്തണമെന്നും നിര്‍ദ്ദേശം

കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് വിണ്ടും ആശയക്കുഴപ്പം. പട്ടികയില്‍ അയോഗ്യരായവര്‍ കടന്നുകൂടിയിട്ടുണ്ടെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

' കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പൗരത്വ റജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതില്‍ അയോഗ്യരായ ചിലര്‍ അതില്‍ കടന്നു കൂടിയിട്ടുണ്ട്' എന്‍ ആര്‍ സി കോര്‍ഡിനേറ്റര്‍ ഹിദേഷ് ദേവ് ശര്‍മ ജില്ലാ അധികാരികള്‍ക്ക് ഈ മാസം 19 ന് അയച്ച കത്തില്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സംശയകരമായ വോട്ടര്‍മാര്‍ എന്ന രീതിയില്‍ കണക്കാക്കപ്പെട്ടവരും അതുപോലെ വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരും , ഫോറിന്‍ ട്രൈബ്യുണല്‍ തീരുമാനമെടുക്കാനിരിക്കുന്നവരുമായ ചിലരാണ് പൗരത്വ പട്ടികയില്‍ പെട്ടുവെന്നാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ചൂണ്ടിക്കാട്ടുന്നത്. പൗരത്വപട്ടികയുമായി ബന്ധപ്പെട്ട 100 ശതമാനം പുനഃപരിശോധനവേണമെന്നും 80 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ പട്ടികയില്‍ ഉണ്ടെന്നും കാണിച്ച് അസം പബ്ലിക്ക് വര്‍ക്ക്‌സ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. ഇത് ആദ്യമായാണ് എന്‍ആര്‍സി ഉദ്യോഗസ്ഥന്‍ തന്നെ പദ്ധതിയില്‍ അപാകമുണ്ടെന്ന് വിലയിരുത്തുന്നത്. ' പട്ടികയില്‍ അപാകം ഉണ്ടെന്ന് ആദ്യമായി ഉദ്യോഗസ്ഥന്‍ സമ്മതിക്കുകയാണ്. പൗരത്വ പട്ടിക തയ്യാറാക്കിയ നടപടി ശരിയായ രീതിയിലല്ല നടന്നതെന്നതിന്റെ തെളിവാണിത്.അതുകൊണ്ട് തന്നെ പട്ടിക മുഴുവനായി പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.' എന്‍ആര്‍സി നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് കാരണമായ ഹര്‍ജി നല്‍കിയ അസം പബ്ലിക്ക്‌സ് വര്‍ക്ക്‌സ് എന്ന സംഘടനയുടെ വക്താവ് ആഭിജീത്ത് ശര്‍മ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 2015 ലാണ് ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. പട്ടിക കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. 3.3 കോടിയിലേറെ ആളുകളാണ് പൗരത്വ പട്ടികിയില്‍ പേരുള്‍പ്പെടുത്താന്‍ വേണ്ടി അപേക്ഷ നല്‍കിയത്. ഇതില്‍ 19 ലക്ഷം പെരെയാണ് യഥാര്‍ത്ഥ പൗരന്മാരല്ലെന്ന കണ്ടെത്തിയത്. ഇവര്‍ക്ക് ഇനി ഫോറിന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കാം. അതിലും അവരുടെ പൗരത്വം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാം. എന്തായാലും ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അസമിലെ പൗരത്വം പട്ടിക മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്ന് നേരത്തെ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തുടര്‍ന്ന് ഇതില്‍നിന്ന് സര്‍ക്കാര് പിന്‍വാങ്ങുകയായിരുന്നു. പൗരത്വം തെളിയിക്കുന്നതിന് ബാങ്ക് രേഖകളോ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ അംഗീകൃത രേഖ അല്ലെന്ന് കഴിഞ്ഞ ദിവസം ഗുവഹതി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അസമില്‍ 'അനധികൃത'രാണെന്ന കണ്ടെത്തിയവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അസമില്‍ പൗരത്വ പട്ടിക തയ്യാറായെങ്കിലും പൗരത്വ നിയമത്തില്‍ ഭേദഗതിവരുത്തിയതിനെ തുടര്‍ന്ന് പ്രക്ഷോഭം തുടരുകയാണ്. പൗരത്വ പട്ടികയില്‍നിന്ന് പുറത്തായവരില്‍ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് ഈ ഭേദഗതിയോടെ പൗരത്വം ലഭിക്കുമെന്നതാണ് കുടിയേറ്റക്കാര്‍ക്കതിരായ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ചൊടിപ്പിച്ചിരിക്കുന്നത്.


Next Story

Related Stories